മട്ടന്നൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കും

മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും ഹൈടെക് ആക്കും. എല്ലാ വിദ്യാലയങ്ങളിലും ഇ പി ജയരാജന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സ്മാര്‍ട്ട് ക്ലാസ്‌റൂം നിര്‍മിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. ഗവ. സ്‌കൂളുകളില്‍ പദ്ധതിച്ചെലവില്‍ എംഎല്‍എ ഫണ്ടിന് പുറമെ 25 ശതമാനം പിടിഎയും എയ്ഡഡ് സ്‌കൂളുകളില്‍ 50 ശതമാനം മാനേജ്‌മെന്റും വിഹിതം നല്‍കിയാണ് പദ്ധതി നടപ്പാക്കുക. ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂമാണ് എല്ലാ സ്‌കൂളിലും ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം തന്നെ സ്മാര്‍ട്ട് ക്ലാസ്‌റൂം നിര്‍മാണം ആരംഭിക്കും. വിദഗ്ധസമിതി പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സ്ഥലസൗകര്യവും കെട്ടിട സൗകര്യവും പരിശോധിക്കും. ആദ്യം സമ്മതപത്രം നല്‍കുന്ന സ്‌കൂളുകളില്‍ മുന്‍ഗണനാ ക്രമത്തിലായിരിക്കും നിര്‍മാണം.
ആദ്യഘട്ടത്തില്‍ അഞ്ചുകോടി രൂപയാണ് വിനിയോഗിക്കുക. പദ്ധതി നിര്‍വഹണത്തെക്കുറിച്ച് ആലോചിക്കുന്നതിന് എഇഒമാര്‍, പ്രധാനാധ്യാപകര്‍, പിടിഎ പ്രസിഡന്റുമാര്‍, എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച്  മോണിറ്ററിങ് കമ്മിറ്റി രൂപീകരണയോഗം ചേര്‍ന്നു. ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിഡി ഓഫിസ് സൂപ്രണ്ട് സി പി പത്മരാജ് അധ്യക്ഷനായി. എഇഒ എ പി അംബിക, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, ഇ ഗണേഷ്, വി ആര്‍ ഭാസ്‌കരന്‍, സി വി വിജയന്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇ പി ജയരാജന്‍ എംഎല്‍എ (ചെയര്‍മാന്‍), പി പുരുഷോത്തമന്‍ (വൈസ് ചെയര്‍മാന്‍), ഇ സജീവന്‍ (കണ്‍വീനര്‍), സി പി പത്മരാജ് (ജോയിന്റ് കണ്‍വീനര്‍).

RELATED STORIES

Share it
Top