മട്ടന്നൂര്‍ അക്രമം: ഒമ്പതു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

മട്ടന്നൂര്‍: ബൈക്കിലെത്തിയ സംഘം കാര്‍ തകര്‍ത്ത് നാലു സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒമ്പത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ മട്ടന്നൂര്‍ പോലിസ് കേസെടുത്തു. പരിക്കേറ്റവരുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം വൈകീട്ട് 3.15ഓടെ മട്ടന്നൂര്‍-ഇരിട്ടി റോഡിലെ പഴയ മദ്യഷോപ്പിന് സമീപമായിരുന്നു സംഭവം. പുലിയങ്ങോട് ഇടവേലിക്കല്‍ സ്വദേശികളായ പി ലനീഷ് (32), പി ലതീഷ് (28), ടി ആര്‍ സായുഷ് (34), എന്‍ ശരത്ത് (28) എന്നിവര്‍ക്കാണു വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ലനീഷ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മറ്റുള്ളവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലും ചികില്‍സയിലാണ്. അക്രമത്തിനു ശേഷം പ്രതികളില്‍ നാലുപേര്‍ ബൈക്കില്‍ കയറിപ്പോവുന്ന സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ ഇരിട്ടി ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്നതിനിടെ ബൈക്കിലെത്തിയ സംഘം കാറിന് കുറുകെ ബൈക്കിടുകയും ആക്രമിക്കുകയുമായിരുന്നു.
കാര്‍ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കവെ സംഘം വാള്‍ ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും കാറിലുണ്ടായിരുന്നവരെ വെട്ടുകയുമായിരുന്നു. രക്തംപുരണ്ട വാളും ബൈക്കും പിന്നീട് പോലിസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ. സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നു പറഞ്ഞ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്നുപേര്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. നെല്ലൂന്നിയിലെ പി വി സചിന്‍ (24), മട്ടന്നൂര്‍ കൊക്കയിലെ കെ വി സുജി (21), നീര്‍വേലിയിലെ പി വി വിജിത്ത് (20) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ടു ബൈക്കുകളിലായി ഇരിട്ടി ഭാഗത്തേക്ക് പോകവെ കാറിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

RELATED STORIES

Share it
Top