മട്ടന്നൂരില്‍ വീണ്ടും പകര്‍ച്ചവ്യാധി ഭീഷണി

മട്ടന്നൂര്‍: ഹോട്ടലുകള്‍, കൂള്‍ബാര്‍, ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മലിനജലം നഗരസഭയുടെ ഓടകളില്‍ ഒഴുക്കിവിടുന്നത് കാരണം മട്ടന്നൂരില്‍ വീണ്ടും പകര്‍ച്ചവ്യാധിക്ക് സാധ്യതയുള്ളതായി ആരോഗ്യവകുപ്പിന്റെ മുന്നറിപ്പ്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാപകതോതില്‍ മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്. മലിനജലം കെട്ടിക്കിടന്ന് കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിക്കഴിഞ്ഞു. പലരും രാത്രികാലങ്ങളിലാണ് മലിനജലം ഓടകളില്‍ ഒഴുക്കുന്നത്. നഗരസഭയില്‍ ഹോട്ടലുകള്‍ക്കും കൂള്‍ബാറുകള്‍ക്കും ലൈസന്‍സ് ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും മലിനജലം ഒഴുക്കിവിടാന്‍ ടാങ്കുകള്‍ നിര്‍മിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലരും നിയമം പേരിനുപോലും പാലിച്ചിട്ടില്ല. ടാങ്ക് നിര്‍മിച്ചവര്‍ തന്നെ ടാങ്കില്‍ നിറയുന്ന മലിനജലം രാത്രികാലങ്ങളില്‍ ഓവുചാലുകളിലേക്കാണ് ഒഴുക്കിവിടുന്നത്. ചില ആശുപത്രികളില്‍നിന്ന് മലിനജലം ഓടകളിലേക്ക് ഒഴുക്കുന്നതും പതിവാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവും കുടുതല്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തത് മട്ടന്നൂരിലാണ്. ഡെങ്കിപ്പനി മരണവും ഇവിടെ സംഭവിച്ചു.

RELATED STORIES

Share it
Top