മട്ടന്നൂരില്‍ വീണ്ടും അശാന്തി; ജാഗ്രതയോടെ പോലിസ്

മട്ടന്നൂര്‍: ഇടവേളയ്ക്കു ശേഷം വീണ്ടും മട്ടന്നൂരില്‍ ആര്‍എസ്എസ്-സിപിഎം അക്രമം നടന്നതോടെ ജനം ഭീതിയില്‍. ഇന്നലെ വൈകീട്ടോടെയാണ് അക്രമം അരങ്ങേറിയത്. ശാന്തമായ പ്രദേശത്ത് പട്ടാപ്പകല്‍ നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഇന്നലെ വൈകീട്ട് മൂന്നോടെ മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ പഴയ മദ്യഷോപ്പിനു സമീപത്തു വച്ച് വാഹനം തടഞ്ഞുനിര്‍ത്തി അകത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
പുലിയങ്ങോട് ഇടവേലിക്കല്‍ സ്വദേശികളായ പി ലനീഷ്, പി ലതീഷ്, ടി ആര്‍ സായൂഷ്, എന്‍ ശരത്ത് എന്നിവര്‍ക്കാണ് കൈക്കും വയറിനും വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സിപിഎം പ്രവര്‍ത്തകര്‍ ഇരിട്ടി ഭാഗത്തു നിന്നു മട്ടന്നൂര്‍ ടൗണിലേക്ക് വരുന്നതിനിടെ ബൈക്കിലെത്തിയ സംഘം കാറിനു കുറുകെ ബൈക്കിടുകയും ആക്രമിക്കുകയുമായിരുന്നു.
കാര്‍ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘം വാള്‍ ഉപയോഗിച്ചു കാറിനു തുരതുരാ വെട്ടുകയും ചില്ലുകള്‍ അടിച്ചുതകര്‍ത്ത് അകത്തുണ്ടായിരുന്നനാലു പേരെയും വെട്ടുകയുമായിരുന്നു. മാങ്ങള്‍ക്കു മുമ്പ് ഇടവേലിക്കലിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍  കയറി അക്രമം കാട്ടിയ കേസില്‍ പ്രതികളായ ലതീഷും ലനീഷും ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇവരെ പിന്തുടര്‍ന്ന സംഘം കൊലപാതകം ലക്ഷ്യമിട്ടാണ് എത്തിയതെന്നാണു നിഗമനം.
സംഭവത്തിനു ശേഷം അക്രമികള്‍ ബൈക്ക് സംഭവ സ്ഥലത്തും ഉപയോഗിച്ച വാള്‍ ആശ്രയ ഹോസ്പിറ്റലിനു സമീപം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. രക്തം പുരണ്ട വാളും ബൈക്കും പിന്നീട് പോലിസ് കസ്റ്റഡിയിലെടുത്തു. ഇതിനു പിന്നാലെയാണ് മൂന്ന് ആര്‍എസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റത്. ഇതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചു. അവധി ദിനം കൂടിയായതിനാല്‍ സംഘര്‍ഷ സാധ്യത ഏറെയാണെന്നു മനസ്സിലാക്കിയ പോലിസ് കനത്ത ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സിഐ ജോഷി ജോസ്, എസ്‌ഐ ശിവന്‍ ചോടോത്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിങും ശക്തമാക്കിയിട്ടുണ്ട്.
മാസങ്ങള്‍ക്കു മുമ്പ് അയ്യല്ലൂരില്‍ സിപിഎം അനുഭാവിയായ ഡോക്്ടര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചിരുന്നു. ഇതിനു ശേഷം സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവുണ്ടായിരുന്നെങ്കിലും ആയുധസംഭരണവും നിര്‍മാണവും തകൃതിയായിരുന്നു. ഇരിട്ടി, മട്ടന്നൂര്‍ മേഖലകളില്‍ നിന്നു നിരവധി തവണ ബോംബുകളും മാരകായുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നെങ്കിലും പോലിസ് കാര്യക്ഷമമായി അന്വേഷിക്കാത്തതും ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നുണ്ട്.
എതിരാളികളെ ഭയപ്പെടുത്താന്‍ നടുറോഡില്‍ ബോംബുകളെറിഞ്ഞ് ഭീതിപരത്തിയ സംഭവത്തില്‍ പോലും പോലിസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികളുണ്ടാവുന്നില്ലെന്നത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top