മട്ടന്നൂരില്‍ ബിജെപി-സിപിഎം അക്രമം; ഏഴുപേര്‍ക്കു വെട്ടേറ്റു

മട്ടന്നൂര്‍: മട്ടന്നൂരില്‍ ബിജെപി-സിപിഎം അക്രമം. ഏഴുപേര്‍ക്കു വെട്ടേറ്റു. ഇന്നലെ വൈകീട്ട് മൂന്നോടെ മട്ടന്നൂര്‍-ഇരിട്ടി റോഡിലാണ് സംഭവങ്ങളുടെ തുടക്കം. ബൈക്കിലെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി നാല് സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റത്.
പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരും പുലിയങ്ങോട് ഇടവേലിക്കല്‍ സ്വദേശികളുമായ പി ലനീഷ്(32), പി ലതീഷ്(28), ടി ആര്‍ സായൂഷ്(34), എന്‍ ശരത്ത്(28) എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂര്‍ ടൗണിലേക്ക് വരുന്നതിനിടെയാണ് ആക്രമണം. സംഭവശേഷം ബിജെപി പ്രവര്‍ത്തകര്‍ ബൈക്ക് സംഭവസ്ഥലത്തും വാ ള്‍ ആശ്രയ ഹോസ്പിറ്റലിനു സമീപവും ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.
രണ്ടുമാസം മുമ്പ് ഇടവേലിക്കലിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ ലതീഷും ലനീഷും പ്രതികളായിരുന്നു. മണിക്കൂറുകള്‍ക്കിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റത്. പരിക്കേറ്റ നെല്ലൂന്നിയിലെ പി വി സച്ചിന്‍(24), മട്ടന്നൂര്‍ കൊക്കയിലെ കെ വി സുജി(21), നീര്‍വേലിയിലെ പി വി വിജിത്ത്(20) എന്നിവരെ തലശ്ശേരി ഇന്ദിരാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top