മട്ടന്നൂരിലെ ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുനീക്കല്‍ മന്ദഗതിയില്‍

മട്ടന്നൂര്‍: അപകടത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുനീക്കുന്നത് മന്ദഗതിയിലായതോടെ അപകട ഭീഷണിയുയരുന്നു. മഴ ശക്തമായതോടെ പകുതി ഭാഗങ്ങള്‍ പൊളിച്ചുനീക്കിയ കെട്ടിടത്തിന്‍ നിന്നു കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നത് പരിസരത്തു കൂടി യാത്ര ചെയ്യുന്ന കാല്‍നടയാത്രക്കാര്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഭീഷണിയായിട്ടുണ്ട്.
കാലപഴക്കം കാരണം അപകടത്തിലായതിനെ തുടര്‍ന്നാണ് ഷോപ്പിങ് സമുച്ഛയം പൊളിച്ചുമാറ്റാന്‍ നഗരസഭ തീരുമാനിച്ചത്. കെട്ടിടം പൊളിച്ചുമാറ്റാന്‍ 86,000 രുപയ്ക്കാണു കരാര്‍ നല്‍കിയത്. ജൂണ്‍ 10നു മുമ്പ് കെട്ടിടം പൊളിച്ച് നീക്കണമെന്നാണു കരാര്‍. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും മേല്‍ക്കൂര മാത്രമാണ് പൊളിച്ചുനീക്കിയത്. ദിവസം മുന്നുപേര്‍ മാത്രമാണ് കെട്ടിടം പൊളിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കണമെങ്കില്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരും. മട്ടന്നുര്‍ പഞ്ചായത്തായിരിക്കെ 30 വര്‍ഷം മുമ്പാണ് കെട്ടിടം നിര്‍മിച്ചത്. ആദ്യം ഒരു നില മാത്രമായിരുന്നത് പിന്നീട് രണ്ടുനിലയാക്കി. 18 മുറികളുള്ള കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം ഒഴിയുകയും മാസങ്ങളായി മുറികള്‍ അടച്ചിട്ടിരിക്കുകയുമാണ്.
കെട്ടിടത്തിനു പിറകിലായി നഗരസഭ മുന്നു നിലയുള്ള ഷോപ്പിങ് മാള്‍ പണിതിട്ടണ്ട്. പഴയ കെട്ടിടത്തിലെ കുറേ വ്യാപാരികള്‍ക്കു പുതിയ കെട്ടിടത്തില്‍ മുറികള്‍ നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന വ്യാപാരികള്‍ക്ക് നഗരസഭ കെട്ടിടത്തിലും മുറി അനുവദിച്ചു. കെട്ടിടം പൊളിക്കുന്ന സ്ഥലത്ത് ടാക്‌സി വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ചെറിയ പൊതുയോഗങ്ങള്‍ നടത്താനുള്ള വേദിയും നിര്‍മിക്കാനാണ് നഗരസഭയുടെ പദ്ധതി.

RELATED STORIES

Share it
Top