മടവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

കിളിമാനൂര്‍: മടവൂരില്‍ ഇന്നലെ പുലര്‍ച്ചെ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. ക്വട്ടേഷന്‍ സംഘമെന്ന് സംശയം. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ മകന്‍ രാജേഷ് (35) ആണ് കൊല്ലപ്പെട്ടത്. രാജേഷ് നാടന്‍ പാട്ടു കലാകാരനും സൗണ്ട് റിക്കാഡിസ്റ്റുമാണ്. മടവൂരില്‍ രാജേഷ് മെട്രാസ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു.
നേരത്തെ എഫ്എം റേഡിയോ ജോക്കി ആയി ജോലി നോക്കിയിട്ടുണ്ട്. കുറെക്കാലം വിദേശത്തായിരുന്ന രാജേഷ് ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നത്. കഴിഞ്ഞദിവസം രാജേഷിന് മുല്ലനെല്ലൂരില്‍ പരിപാടി ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മടവൂര്‍ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ തന്റെ സ്ഥാപനത്തില്‍ നില്‍ക്കുമ്പോള്‍ സ്ഥാപനത്തിനകത്തിട്ട് കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി കുട്ടന് വേട്ടേറ്റെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് മടവൂരും പരിസരപ്രദേശങ്ങളും ഭീതിയിലാണ്. തിരുവനന്തപുരം റൂറല്‍ എസ്പി അശോക്കുമാര്‍, ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍, കിളിമാനൂര്‍ സിഐ പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം മടവൂരില്‍ ക്യാംപ് ചെയ്യുന്നുണ്ട്.  ഭാര്യ രോഹിണി ഏഴു മാസം ഗര്‍ഭിണിയാണ്. മകന്‍ ആദിത്യന്‍ (അഞ്ച്). പള്ളിക്കല്‍ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top