മടപ്പള്ളി സ്‌കൂളുകളില്‍ സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു

വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) കേരളത്തിലെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി വടകര താലൂക്കിലെ അഞ്ച് സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന മടപ്പള്ളി സ്‌കൂളുകളില്‍ സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. എംഎപിഎല്‍ഇ(മടപ്പള്ളി സ്‌കൂള്‍ അക്കാഡമിക്ക് പ്രൊജക്ട് ഫോര്‍ലേണിങ് ആന്‍ഡ് എംപവര്‍മെന്റ്) എന്നാണ് പദ്ധതിയുടെ പേര്.
മടപ്പള്ളി സ്‌കൂളുകളില്‍ ഉള്‍പ്പെടുന്ന ബോയ്‌സ് ആന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍, ബോയ്‌സ് ആന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ അഞ്ച് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി 3 വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണ് യുഎല്‍സിസിഎസ് നടപ്പിലാക്കുന്നതെന്ന് ചെയര്‍മാന്‍ പാലേരി രമേശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2017 ഒക്‌ടോബര്‍ മാസം മുതലാണ് ആരംഭിച്ചത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 3ന് മടപ്പള്ളി ഗവ. ഹൈസ്‌കൂളില്‍ വച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് കാലത്ത് 8.30ന് നിര്‍വഹിക്കും. എംഎല്‍എ സികെ നാണു, മുല്ലപള്ളി രാമചന്ദ്രന്‍ എംപി, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.
സംസ്ഥാനത്ത് സ്‌കില്‍ വികസന സംരംഭകത്വ മേഖലയില്‍ പുത്തന്‍ കാഴ്ചപ്പാടുമായാണ് 2017 സപ്തംബറില്‍ യുഎല്‍സിസിഎസ്, യുഎല്‍ എഡ്യുക്കേഷന് രൂപംകൊടുത്തത്. ഇതിന് ആവശ്യമായ കോഴ്‌സുകളും സ്‌കില്‍വികസന പരിശീലന പരിപാടികളും സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പില്‍ വരുത്തുവാനും കുട്ടികളിലെ തൊഴില്‍ലഭ്യതാ മികവ് വര്‍ധിപ്പിക്കാനുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ തോളോട് ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
30 ഓളം മേഖലകള്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്‌കൂളുകളില്‍ അടിസ്ഥാന ഭൗതിക സൗകര്യവികസനം  എന്നിവയ്ക്ക് ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകള്‍, വിദ്യാഭ്യാസവകുപ്പ്, സംസ്ഥാന സര്‍ക്കാ ര്‍, കേന്ദ്രാവിഷ്‌കൃത പദ്ധതിക ള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നതാണ്.  യുഎല്‍സിസിഎസ് മാനേജിങ് ഡയറക്ടര്‍ എസ് ഷാജു, യുഎല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.ടിപി സേതുമാധവന്‍, ജിവിഎച്ച്എസ്എസ് മടപ്പള്ളി പിടിഎ പ്രസിഡന്റ് ടിഎം രാജന്‍, ജിജിഎച്ച്എസ് പിടിഎ പ്രസിഡണ്ട് കെ സന്തോഷ്‌കുമാര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ദിനേഷ് കരുവാന്‍കണ്ടി, ജിജിഎച്ച്എസ്എസ് സികെ നിഷ, ഹെഡ്മാസ്റ്റര്‍ വിപി പ്രഭാകരന്‍, പ്രിന്‍സിപ്പാള്‍ കെപി ഫൈസല്‍, ഹെഡ്മാസ്റ്റര്‍ കെപി ധനഷ്, കെംഎ സത്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top