മടപ്പള്ളി കോളജില്‍ സംഘര്‍ഷം, പോലിസ് ലാത്തിവീശി; യുഡിഎസ്എഫ്, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കു പരിക്ക്‌

വടകര: മടപ്പള്ളി ഗവ.കോളജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ യുഡിഎസ്എഫ് ഫ്രറ്റേര്‍ണിറ്റി അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കോളജിലെ എംഎസ്എഫ് നേതാവും ഹരിത ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തംജിത, കോളേജിലെ യുഡിഎസ്എഫ് നേതാക്കളായ മുനവ്വിര്‍, ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകരായ സല്‍വ അബ്ദുല്‍ ഖാദര്‍, ആദില്‍ എന്നിവര്‍ക്കും സംഭവമറിഞ്ഞ് കോളേജിന് സമീപത്തെത്തിയ എംഎസ്എഫ് വടകര മണ്ഡലം ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഒഞ്ചിയത്തിനും പരിക്കേറ്റു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നിരവധി വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പെണ്‍കുട്ടികളെ അക്രമിക്കുന്നത് ചോദ്യം ചെയ്ത രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മടപ്പള്ളി കോളജിനടുത്ത് വ്യാപാരിയായ മനോഹരന്‍, മനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോളേജിനുള്ളില്‍ വച്ചാണ് യുഡിഎസ്എഫ്, ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ അക്രമിച്ചത്. ടോയ്‌ലറ്റിനുള്ളിലേക്ക് കൂട്ടക്കൊണ്ടു പോയി ക്രൂരമായി അക്രമിക്കുകയായിരുന്നു. മുനവ്വിര്‍, ആദില്‍ അലി എന്നിവര്‍ക്ക് ഇവിടെ വച്ച് പരിക്കേറ്റു.
അക്രമത്തെ തുടര്‍ന്ന് എസ്എഫ്‌ഐ, യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാഗ്വാദമുണ്ടായി. പെണ്‍കുട്ടികളക്കമുള്ളവര്‍ അക്രമത്തെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഇടപെടുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.എന്നാല്‍ 5 മണിയോടെ പെണ്‍കുട്ടികളടക്കമുള്ള യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് കോളേജിനു പുറത്തു വച്ചു മര്‍ദ്ദനമേറ്റു. എംഎസ്എഫ് നേതാവ് തംജിത, ഫ്രറ്റേര്‍ണിറ്റി നേതാവ് സല്‍വ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവരാണ് വ്യത്യസ്ത സംഭവങ്ങളിലായി അക്രമിക്കപ്പെട്ടത്. പെണ്‍കുട്ടികളായ തംജിതയെയും സല്‍വയെയും ആണ്‍കുട്ടികള്‍ ചേര്‍ന്ന സംഘം ഭീഷണിപ്പെടുത്തിയ ശേഷം മുഖത്തടിക്കുകയായിരുന്നു.
പെണ്‍കുട്ടികളാണെന്ന പരിഗണന പോലും നല്‍കാതെയായിരുന്നു എസ്എഫ്‌ഐ അക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പെണ്‍കുട്ടികളെ അക്രമിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് നാട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റത്. കോളേജിനടുത്ത് വ്യാപാരിയായ രാജാസ് ബേക്കറി ഉടമ മനോഹരന്‍, തൊട്ടടുത്ത കടയില്‍ നില്‍ക്കുകയായിരുന്ന മനോജന്‍ എന്നിവര്‍ക്കാണ് പെണ്‍കുട്ടികളെ അക്രമിക്കുന്നത് തടയുന്നതിനിടെ അക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മാഹി ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ മടപ്പള്ളി സ്വദേശി ജിതിലിന്റെ ഉടമസ്ഥതയിലുള്ള അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു.ഇതിനിടെയാണ് മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഒഞ്ചിയത്തിനെ അക്രമിച്ചത്.
കോളേജിലെ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ മന്‍സൂറിനെ ക്യാമ്പസിനുള്ളിലേക്ക് വലിച്ചു കൊണ്ടു പോവുകയും ക്രൂരമായി അക്രമിക്കുകയുമായിരുന്നു. സംഘര്‍ഷ വിവരമറിഞ്ഞെത്തിയ പോലീസ് അക്രമികളെ തുരത്താന്‍ ലാത്തി ചാര്‍ജ് നടത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ വടകരയില്‍ പ്രകടനം നടത്തി. പരുക്കേറ്റവരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ.ഐ മൂസ, സികെ വിശ്വനാഥന്‍, വികെ നജീഷ്‌കുമാര്‍, എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട്, മുസ്‌ലിംലീഗ് നേതാക്കളായ യു അഷ്‌റഫ് മാസ്റ്റര്‍, കെഎസ്‌യു നേതാക്കളായ വിപി ദുല്‍ഖിഫില്‍, വിടി സൂരജ് സന്ദര്‍ശിച്ചു.
കോളജില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘര്‍ഷം നടന്നിരുന്നു. മറ്റു കക്ഷികള്‍ കോളജില്‍ സാന്നിധ്യമറിയിച്ചതോടെയാണ് എതിരാളികളെ നിരന്തരം അക്രമിക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചതെന്ന് പരക്കെ ആരോപണമുണ്ട്. ഇതിന് ഒത്താശ ചെയ്യുന്ന രീതിയിലാണ് കോളജ് അധികൃതരെന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്.

RELATED STORIES

Share it
Top