മടക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമില്ല; ജനം ദുരിതത്തില്‍മടക്കര: കാലവര്‍ഷം കനത്തോടെ ദുരിതം പേറിക്കഴിയുകയാണ് മടക്കര നിവാസികള്‍. വളപട്ടണം പുഴയുടെ തീരത്തോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നതാണെങ്കിലും മഴക്കാലത്ത് വെള്ളം ഒഴിക്കിവിടാന്‍ സംവിധാനം ഒരുക്കാത്തതാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണം. പ്രദേശം വെള്ളക്കെട്ടില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. ഇവിടുത്തെ പ്രധാന റോഡ് പോലും വെള്ളത്തിനടിയിലാണ്. ആറാം വാര്‍ഡിലുള്ള ഗവ. ഹെല്‍ത്ത് സെന്ററും അങ്കണവാടിയും ഉദ്ഘാടനത്തിന് ഒരുങ്ങിനില്‍ക്കുന്ന ബഡ്‌സ് സ്‌കൂളുമെല്ലാം വെള്ളക്കെട്ടിലാണ്. വീട്ടുകിണറിലേക്കു മലിനജലം ഊര്‍ന്നിറങ്ങുന്നതിനാല്‍ കുടിവെള്ളത്തിനും ബുദ്ധിമുട്ടുകയാണ്. നിരവധി കുടുംബങ്ങളാണ് ഇവിടെ കാലാകാലമായി ദുരിതംപേറുന്നത്. കഴിഞ്ഞവര്‍ഷം മഴക്കാലത്ത് പ്രശ്‌നം രൂക്ഷമായിരുന്നു. ഇതിനിടെ, നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് വെള്ളം ഒഴുക്കിവിടാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി. അടുത്ത കാലവര്‍ഷമാവുമ്പോഴേക്കും വെള്ളമൊഴിവാക്കാന്‍ ശാശ്വതമായ സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതാണ്. എന്നാല്‍ ഒരു സംവിധാനവും ഇതുവരെ ഒരുക്കിയിട്ടില്ല. അതിനാല്‍ പ്രശ്‌നം പഴയപടി തുടരുകയാണ്. കൊതുകുജന്യ രോഗങ്ങളും പകര്‍ച്ച വ്യാധികളും നാടെങ്ങും വ്യാപിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയില്‍ നടക്കുകയും ചെയ്യുമ്പോഴും മടക്കര വാസികളുടെ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ട പഞ്ചായത്ത് പ്രതിനിധിയും അധികൃതരും. അതിനാല്‍ ഇതിനെതിരേ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. പഞ്ചായത്ത് ഉപരോധമടക്കം നടത്താനും തീരുമാനമുണ്ട്.

RELATED STORIES

Share it
Top