മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്‌ : കെ സുരേന്ദ്രന്റെ പട്ടികയിലെ അഞ്ച് പരേതര്‍ ജീവനോടെഅബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് പി ബി അബ്ദുര്‍റസാഖ് എംഎല്‍എ തിരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് കേസില്‍ ഇതുവരെ നോട്ടീസ് നല്‍കിയത് 42 പേര്‍ക്ക്. ഇതില്‍ ഹാജരായത് ഏഴുപേര്‍ മാത്രം. കഴിഞ്ഞ എട്ടിന് ആരംഭിച്ച വിചാരണയില്‍ അന്നേദിവസം 11 പേര്‍ക്കും ഒമ്പതിന് പത്ത് പേര്‍ക്കും 13ന് 11 പേര്‍ക്കും ഇന്നലെ പത്ത് പേര്‍ക്കും നോട്ടീസ് അയച്ചിരുന്നു. തങ്ങളുടെ വോട്ടുകള്‍ സ്വയം ബൂത്തിലെത്തി ചെയ്തതാണെന്ന് ഹാജരായവര്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ കോടതിയില്‍ ഹാജരായ മഞ്ചേശ്വരം രാമത്തല്‍ ഹൗസിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആമിന, മഞ്ചേശ്വരം പഞ്ചായത്തിലെ 21ാം നമ്പര്‍ ബൂത്തില്‍ താന്‍ ഭര്‍ത്താവിനൊപ്പം പോയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് മൊഴി നല്‍കി. തിരഞ്ഞെടുപ്പിന് ശേഷം ഭര്‍ത്താവ് അബ്ദുല്ല മരണപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റ് ആമിന കോടതിയില്‍ ഹാജരാക്കി. തനിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്നും താന്‍ പ്രവാസിയല്ലെന്നും ആമിന കോടതിയെ അറിയിച്ചു. ഇവരുടെ മക്കളായ മുഹമ്മദ് അയ്യൂബ്, മുഹമ്മദ് റഫീഖ് എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരാവും. മഞ്ചേശ്വരം 21ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ഇവരുടെ വോട്ട് കള്ളവോട്ടാണെന്നാണ് സുരേന്ദ്രന്റെ പരാതി. അതിനിടെ ആറ് പരേതരുടെ വോട്ടുകള്‍ കള്ളവോട്ടു ചെയ്തുവെന്ന സുരേന്ദ്രന്റെ ആരോപണം തെളിയിക്കാനായില്ല. ഇതില്‍ മൂന്നുപേര്‍ ജീവിച്ചിരിപ്പുണ്ട്. ഇവര്‍ കോടതി നല്‍കിയ സമന്‍സ് കൈപറ്റി. മഞ്ചേശ്വരം ഉദ്യാവര്‍ 20ാം നമ്പര്‍ ബൂത്തിലെ വോട്ടറായ ഹാജി അഹമ്മദ് ബാവയുടെ വോട്ട് പോള്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇച്ചിലങ്കോട്ടെ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷയെ ഇരട്ട വോട്ടറാക്കിയാണ് സുരേന്ദ്രന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ബാക്രബയലിലെ ഭിന്നശേഷിക്കാരനായ ഇദ്ദീന്‍കുഞ്ഞിയുടെ മകന്‍ ഹമീദ് കുഞ്ഞി, മംഗല്‍പാരി പഞ്ചായത്തിലെ ഉപ്പള ഗേറ്റിലെ മമ്മുഞ്ഞി എന്നിവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായി. ഇവര്‍ ഇന്നു ഹൈക്കോടതിയില്‍ ഹാജരാവും. സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ച മറ്റൊരു വോട്ടറായ ഉദ്യാവരത്തെ അലിയുടെ മകന്‍ മുഹമ്മദിനെ കുറിച്ച് നാട്ടുകാര്‍ക്ക് വിവരമൊന്നും ഇല്ല. തിരഞ്ഞെടുപ്പ് കേസ് പുരോഗമിക്കുമ്പോള്‍ സുരേന്ദ്രന്റെ വാദങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന് തെളിയുന്നതായി നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനിടെ സുരേന്ദ്രന്‍ സമര്‍പ്പിച്ച കള്ളവോട്ട് ലിസ്റ്റില്‍ ന്യൂനപക്ഷ മോര്‍ച്ച മുന്‍ നേതാവുമുള്‍പ്പെട്ടത് കൗതുകമയി. ന്യൂനപക്ഷ മോര്‍ച്ചാ മുന്‍ ഭാരവാഹി അഷ്‌റഫാണ് ഈ പട്ടികയില്‍ ഇടം നേടിയത്. അഷ്‌റഫ് വിദേശത്തായിരിക്കെ നാട്ടില്‍ കള്ളവോട്ട് ചെയ്‌തെന്നാണ് സുരേന്ദ്രന്റെ ആരോപണം. എന്നാല്‍, തന്റെ വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്ന് അഷ്‌റഫ് വ്യക്തമാക്കി. തനിക്കെതിരേ നോട്ടീസ് അയച്ച സുരേന്ദ്രന്റെ നടപടിയില്‍ കുപിതനായി വാര്‍ത്താസമ്മേളനം നടത്താനുള്ള നീക്കത്തിലാണ് അഷ്‌റഫ്.

RELATED STORIES

Share it
Top