മഞ്ചേശ്വരം തിരഞ്ഞെടുപ്പ്: കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

കാസര്‍കോട്: മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തില്‍ നിന്നു പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്തു കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ 26നു കോടതി പരിഗണിച്ച കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 89 വോട്ടുകള്‍ക്കാണ് പി ബി അബ്ദുര്‍റസാഖ് തിരഞ്ഞെടുക്കപ്പെട്ടത്. വിദേശത്തുള്ളവരുടെയും പരേതാന്മാക്കളുടെയും കള്ളവോട്ടുകള്‍ ചെയ്താണു വിജയിച്ചതെന്നാണ് കെ സുരേന്ദ്രന്റെ വാദം.
കേസില്‍ 69 സാക്ഷികളെ വിസ്തരിക്കണമെന്ന വാദി ഭാഗത്തിന്റെ ആവശ്യം കോടതി പരിഗണിച്ചിരുന്നു. ഇതനുസരിച്ച് ലിസ്റ്റ് നല്‍കിയ 69 പേരില്‍ രണ്ടുപേര്‍ നേരത്തെ മരണപ്പെട്ടവരും രണ്ടുപേര്‍ കോടതിയില്‍ സ്വമേധയാ നേരിട്ടു ഹാജരായി തങ്ങള്‍ ജീവിച്ചിരിക്കുകയാണെന്നു കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 65 പേര്‍ക്ക് സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംരക്ഷണത്തില്‍ സമന്‍സുമായി കോടതി ആമീന്‍ എത്തിയെങ്കിലും സാക്ഷികളില്‍ പലരേയും കണ്ടെത്താനായില്ല. പിന്നീട് രജിസ്റ്റര്‍ തപാലിലും സമന്‍സ് അയച്ചിരുന്നു. ഇതും ആരും സ്വീകരിച്ചിരുന്നില്ല. അഞ്ച് തവണ ഇങ്ങനെ സമന്‍സ് അയച്ചിട്ടും ഒരാള്‍ പോലും സമയന്‍സ് കൈപ്പറ്റിയിരുന്നില്ല. സാക്ഷികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ വിദേശത്താണ്. ഇവര്‍ക്ക് കോടതിയിലെത്താന്‍ വിമാന ടിക്കറ്റിന്റെ ചാര്‍ജ് ഹരജിക്കാരന്‍ കെട്ടിവയ്ക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍ ഇതു പരാതിക്കാരന്‍ നടപ്പാക്കിയിട്ടില്ല. ഏകദേശം 30 ലക്ഷം രൂപ ഈയിനത്തില്‍ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടതായിരുന്നു.
2017ല്‍ അന്നത്തെ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ഒരാള്‍ക്ക് 47,000 രൂപ ടിക്കറ്റ് ഇനത്തില്‍ കെട്ടിവയ്ക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. സാക്ഷികള്‍ ഹാജരാവാത്തതിനെ തുടര്‍ന്നു കേസ് നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ 20നു പി ബി അബ്ദുര്‍റസാഖ് എംഎല്‍എ അന്തരിച്ചതോടെ ഇനി കേസ് തുടരണമോ എന്ന് കോടതി കെ സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. ഇതില്‍ മറുപടി നല്‍കാന്‍ രണ്ടുദിവസം സമയം വേണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. ഇത് അംഗീകരിച്ച കോടതി ഇന്ന് കേസ് പരിഗണിക്കാന്‍ മാറ്റിവയ്ക്കുകയായിരുന്നു. കോടതി അപൂര്‍വമായേ കേസ് ഇനിയും തുടരണമോ എന്ന് ആരായാറുള്ളൂ. ഈ സാഹചര്യത്തില്‍ കേസിന്റെ തുടര്‍ നടപടികള്‍ ഉടന്‍ തീരുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞദിവസം കാസര്‍കോട്ടെത്തിയ കെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കില്ലെന്നു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അതിനിടെ പി ബി അബ്ദുര്‍റസാഖ് മരണപ്പെട്ടതായി ഇന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശ്രീകുമാര്‍ കോടതയില്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യും.
2016 ജൂലൈ 25നാണു മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്തത്. രണ്ടു വര്‍ഷത്തിലേറെ കേസ് വിചാരണ നീണ്ടതിനാല്‍ ഇതില്‍ അന്തിമ വിധി ഉടനെയുണ്ടാവുമെന്നാണു വിലയിരുത്തപ്പെടുന്നത്. മാത്രവുമല്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ അഫിഡവിറ്റ് നല്‍കാനും തീരുമാനിച്ചതായി അറിയുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോവുന്നതു മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കും.

RELATED STORIES

Share it
Top