മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: 69 പേര്‍ക്ക് സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കണമെന്ന ഹരജിയില്‍ ഇന്നു വിധി

മഞ്ചേശ്വരം: നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിലെ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ 69 വോട്ടര്‍മാര്‍ക്ക് സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കണമെന്ന ഹരജിയില്‍ ഇന്ന് ഹൈക്കോടതി വിധിപറയും. കഴിഞ്ഞ 11ന് നടന്ന സിറ്റിങ്ങിലാണ് വാദിഭാഗം 69 പേര്‍ക്ക് കൂടി സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. മരിച്ചവരും വിദേശത്തുള്ളവരും ഉള്‍പ്പെടെ 291 പേരുടെ കള്ളവോട്ട് രേഖപ്പെടുത്തിയാണ് എതിര്‍സ്ഥാനാര്‍ഥി വിജയിച്ചതെന്ന സുരേന്ദ്രന്റെ ആരോപണം ഇതുവരെ തെളിയിക്കാനായിട്ടില്ല.
പരേതാന്മാക്കള്‍ വോട്ടുചെയ്തുവന്ന് കാണിച്ച് ആറുപേരുടെ ലിസ്റ്റ് ഹൈക്കോടതിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ രണ്ടുപേര്‍ തിരഞ്ഞെടുപ്പിന് മുമ്പ് മരണപ്പെട്ടതായി ബന്ധുക്കള്‍ കോടതിയില്‍ രേഖ സമര്‍പ്പിച്ചിരുന്നു. മറ്റു രണ്ടു പേര്‍ നേരിട്ട് കോടതിയില്‍ ഹാജരായി തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു. സാക്ഷികള്‍ക്ക് സമന്‍സ് നല്‍കാനെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്ന വാദിഭാഗത്തിന്റെ ആക്ഷേപത്തെ തുടര്‍ന്ന് ഒമ്പത് പേര്‍ക്ക് പോലിസ് സുരക്ഷയില്‍ സമന്‍സ് നല്‍കാന്‍ ഹൈക്കോടതി ആമീനിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പഞ്ചായത്തിലെ 19, 20 ബൂത്തുകളിലെ വോട്ടര്‍മാരായ സിദ്ദീഖ് കാഡിയാര്‍, സമദ് ബങ്കര, മുസ്തഫ ബങ്കര, സുലൈമാന്‍ ബങ്കരമഞ്ചേശ്വരം, ഇബ്രാഹിം ഖലീല്‍ ബങ്കര, അബ്ദുല്‍നിസാര്‍ ബങ്കരമഞ്ചേശ്വരം, മുഹമ്മദ് നിയാസ് രാമത്ത്മജല്‍, സിദ്ദീഖ് ബങ്കര, മുസ്തഫ ബങ്കര എന്നിവര്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി ആമിന്‍ എത്തിയിരുന്നുവെങ്കിലും ആരും സ്ഥലത്തുണ്ടായിരുന്നില്ല.
സാക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ കോടതി ആലോചിച്ചിരുന്നു. ഈ സമയത്താണ് സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കണമെന്ന് വാദി ഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.  2016 ജുലൈ 25നാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് പരാജയപ്പെട്ട കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top