മഞ്ചേരി മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

മഞ്ചേരി: കാലവര്‍ഷം ശക്തിയാര്‍ജിക്കുമെന്നും ന്യൂനമര്‍ദ്ദം മഴയായി പൊഴിയുമെന്നുമുള്ള മുന്നറിയിപ്പുകള്‍ക്കിടയില്‍ മഞ്ചേരിയില്‍ ജനങ്ങള്‍ നെട്ടോട്ടമോടുന്നത് ദാഹജലത്തിന്. നഗര കുടിവെള്ള വിതരണ പദ്ധതിയിലുണ്ടായ പ്രതിസന്ധികള്‍ പറഞ്ഞാണ് ജല വിതരണം നഗരത്തില്‍ ഭാഗികമായി നിര്‍ത്തിയത്. നഗര കുടിവെള്ള പദ്ധതിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് ഇതോടെ വെട്ടിലായത്.
കഴിഞ്ഞ മൂന്നാഴ്ചയായി നഗരത്തില്‍ ജല വിതരണം ഭാഗികമാണ്. പൊതു പദ്ധതികളെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് ഇക്കാലയളവില്‍ ശുദ്ധജലം എത്തിക്കാനും നടപടിയായിട്ടില്ല.
നഗര കുടിവെള്ള വിതരണ പദ്ധതിയുടെ പ്രധാന ജല സംഭരണിയുള്ള ചെരണിയില്‍ പൈപ്പ് ലൈന്‍ തകര്‍ന്നതാണ് ജലവിതരണം തടസ്സപ്പെടാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. അറ്റകുറ്റപ്പണികള്‍ക്കു കാലതാമസമെടുക്കുമ്പോള്‍ ദാഹജലം ജനങ്ങളിലേക്കെത്തിക്കുന്നതിനു ബദല്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടില്ല.
ശുദ്ധജല ക്ഷാമം നേരിടുന്ന ഭാഗങ്ങളില്‍ ജില്ലാ കലക്ടര്‍മാരുടെ അനുമതിയോടെ വാഹനങ്ങളില്‍ വെള്ളമെത്തിക്കാന്‍ പദ്ധതി നിലനില്‍ക്കെയാണ് ഈ ദുരവസ്ഥ. മഴ ശക്തിപ്പെടുമെന്ന ആശങ്കകള്‍ക്കിടയിലും ശുദ്ധജലത്തിനായി നാടലയേണ്ട ഗതികേടാണ് സാധാരണക്കാര്‍ക്കുള്ളത്. വന്‍തുക നല്‍കി ജീവ ജലം വാങ്ങാനുള്ള പ്രാപ്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. നഗരവാസികളില്‍ ബഹുഭൂരിപക്ഷവും ആശ്രയിക്കുന്ന നഗര ശുദ്ധജല വിതരണ പദ്ധതി പരിഷ്‌കരിക്കാതെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് വിഭാവനം ചെയ്തതാണ് നഗരസഭയില്‍ ജലവിതരണത്തിനുള്ള പദ്ധതി.
ഉപഭോക്താക്കള്‍ അനുദിനം വര്‍ധിക്കുകയും പദ്ധതിക്കായി ഉപയോഗിച്ച പൈപ്പുകളടക്കമുള്ള സാമഗ്രികള്‍ കാലഹരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലെ പദ്ധതി തുടര്‍ന്നാലും ആവശ്യക്കാര്‍ക്ക് ശുദ്ധജലം അന്യമാവുമെന്നതുതന്നെയാണ് വസ്തുത. അരീക്കോടുള്ള പമ്പ്ഹൗസില്‍ നിന്നു ചാലിയാര്‍ പുഴയിലെ ശുദ്ധീകരിച്ച വെള്ളമാണ് നഗര കുടിവെള്ള പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ എടുക്കുന്ന മര്‍ദ്ദം താങ്ങാനാവാതെ പൈപ്പുലൈനുകള്‍ പൊട്ടുന്നതും പ്രതിസന്ധിയേറ്റുന്നു.
വ്യാപകമായി ജല വിതരണ ശൃംഘലകള്‍ തകരുന്നതുമൂലം ദാഹജലം പാഴാവുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. പമ്പിങ്-വിതരണ ലൈനുകളിലോ ടാങ്കിനടുത്തുമായോ ചെറിയ തകരാറുകള്‍ സംഭവിച്ചാല്‍ പോലും ആഴ്ചകളോളം കുടിവെള്ളം മുടങ്ങുന്നത് നഗര പ്രദേശങ്ങളില്‍ പതിവാണ്.
അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനാവശ്യമായ സാമഗ്രികളില്‍ പലതും വകുപ്പു തലത്തിലോ, വിപണിയിലോ ലഭ്യമല്ല. 1984ല്‍ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ 1994ലാണ് മഞ്ചേരി നഗര കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യുന്നത്. എസി പൈപ്പുകള്‍ (ആസ്ബറ്റോസ് സിമെന്റ്) ആണ് പദ്ധക്കായി ഉപയോഗിച്ചിരിക്കുന്നത്. ഉപഭോക്താക്കളും ആവശ്യകതയും വര്‍ധിക്കുന്നതിനനുസരിച്ച് എസി പൈപ്പുകള്‍ മാറ്റി ഡിഐ പൈപ്പ് (ഡെക്ടയില്‍ അയേണ്‍) സ്ഥാപിച്ചാല്‍ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാവുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ചെരണിയില്‍ മാത്രമാണ് നിലവില്‍ ജലസംഭരണിയുള്ളത്. കാഞ്ഞിരാട്ടു കുന്ന്, കോളജ് കുന്ന്, യൂനിറ്റി കോളജ്, എന്നിവിടങ്ങളില്‍കൂടി പുതിയ ജല സംഭരണികള്‍ സ്ഥാപിച്ചാല്‍ ദാഹജല പ്രതിസന്ധിക്ക് വലിയ അളവ് പരിഹാരമുണ്ടാക്കാനാവും.
നിലവിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയുടെ വിതരണ ക്ഷമത വര്‍ധിപ്പിക്കാന്‍ ജലവിഭവ വകുപ്പധികൃതര്‍ പദ്ധതി സര്‍ക്കാറിന് സമര്‍പിച്ചിട്ടുണ്ട്. എന്നാല്‍, ഈ പദ്ധതിക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സാമ്പത്തികാനുമതി ലഭിച്ചിട്ടില്ല.

RELATED STORIES

Share it
Top