മഞ്ചേരി മെഡി.കോളജ് സ്‌റ്റോര്‍ കോംപ്ലകസിന് 2.5 കോടി രൂപയുടെ ഭരണാനുമതിതിരുവനന്തപുരം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്‌റ്റോര്‍
കോംപ്ലക്‌സ്‌ സ്ഥാപിക്കുന്നതിനായി 2.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെകെ ശൈലജ . മഞ്ചേരി മെഡിക്കല്‍ കോളജിലെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കാവശ്യമായ മരുന്നുകള്‍, ഡയാലിസിസ് ചെയ്യാനാവശ്യമായവ, ഫഌയിഡുകള്‍, കെമിക്കലുകള്‍, ഓപ്പറേഷന്‍ തീയറ്ററിനാവശ്യമായ സാമഗ്രികള്‍, ശുചീകരണ സാധനങ്ങള്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയവ പ്രത്യേകമായി സൂക്ഷിക്കാനായാണ് സ്‌റ്റോര്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്.
ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായി വരുന്ന ആശുപത്രി സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥല പരിമിതി കാരണവും എംസിഐ നിര്‍ദേശ പ്രകാരവുമാണ് പുതിയ സ്‌റ്റോര്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. 7,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ മുന്നു നിലകളിലായാണ് സ്‌റ്റോര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. പിഡബ്ലിയുഡിയ്ക്കാണ് നിര്‍മ്മാണ ചുമതല. താഴത്തെ നിലയില്‍ ഓഫീസ്, സ്‌റ്റോര്‍ ഓഫീസ്, സ്‌റ്റോക്കിങ് ഏരിയ എന്നിവയാണുള്ളത്. 2, 3 നിലകളില്‍ ആശുപത്രി മരുന്നുകളും സാമഗ്രികളും ശാസ്ത്രീയമായി സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് പണികഴിപ്പിക്കുന്നത്. നവീന രീതിയിലുള്ള സ്‌റ്റോര്‍ കോംപ്ലസായിരിക്കുമിത്. മരുന്നുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസര്‍ സംവിധാനം ഉള്‍പ്പെടെയുള്ളവ സജ്ജമാക്കും. മരുന്നുകളുടെ കാലാവധി തിരിച്ചറിയാനും സ്‌റ്റോക്ക് വിവരങ്ങള്‍ അറിയാനും കംപ്യൂട്ടര്‍വല്‍കരിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനകം ഇത് പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മതിയായ സൗകര്യങ്ങളൊരുക്കാതെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയതെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് എംസിഐ. നിര്‍ദേശിച്ച പ്രകാരമുള്ള കുറവുകള്‍ പരിഹരിക്കുകയും അധ്യാപക തസ്തികയിലുള്ള ഒഴിവുകള്‍ പൂര്‍ണമായും നികത്തുകയും ചെയ്യുന്നതെന്നാണ് മന്ത്രി പറയുന്നത്. പുതുതായി 10 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. നോണ്‍ ടീച്ചിങ് സ്റ്റാഫിന്റേയും ഓഫീസ് സ്റ്റാഫിന്റെയും ഒഴിവുകള്‍ ഉടന്‍ നികത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മഞ്ചേരി മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 2020 ഓടുകൂടി പ്രവര്‍ത്തനസജ്ജമാകുന്ന രീതിയില്‍ 103 കോടിയുടെ പ്രോജക്ടാണ് ലക്ഷ്യം വയ്ക്കുന്നത്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളേയും ഹോസ്റ്റലുകള്‍, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ടീച്ചിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയവയാണ് ഇതില്‍ പ്രധാനമായുമുള്ളത്. ഈ പദ്ധതിയുടെ ടെക്‌നിക്കല്‍ അപ്രൂവല്‍ ലഭിച്ചു കഴിഞ്ഞു. കിറ്റ്‌കോയ്ക്കാണ് നിര്‍മ്മാണ ചുമതല. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുന്നതാണ്. മെഡിക്കല്‍ കോളജിന്റെ മുഖഛായ മാറ്റുന്ന 50 കോടിയുടെ ഒ.പി. ബ്ലോക്കിന് ആദ്യഘട്ടമായി 5.2 കോടി രൂപ അനുവിച്ചിട്ടുണ്ട്. 10,000 സ്‌ക്വയര്‍ മീറ്റര്‍ വൃസ്തീര്‍ണത്തില്‍ 10 നിലകളായിട്ടാണ് ഇത് പണി കഴിപ്പിക്കുന്നത്. 3,600 സ്‌ക്വയര്‍ മീറ്ററിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ബ്ലോക്കിന് 15 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി 3 കോടി രൂപ അനുവദിച്ചു. 40 ലക്ഷം രൂപയുടെ മോര്‍ച്ചറി കോംപ്ലക്‌സ്, 3 കോടി രൂപയുടെ റസിഡന്റ്‌സ് ക്വാര്‍ട്ടേഴ്‌സ്, 2.7 കോടിയുടെ സി.ടി. സ്‌കാനര്‍, 7 കോടിയുടെ കാര്‍ഡിയോ തൊറാസിക് ബ്ലോക്ക് തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുന്നതാണ്. ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായുള്ള ഒ.പി. നവീകരണം അന്തിമ ഘട്ടത്തിലാണ്. കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ജോലികള്‍ നടന്നു വരികയാണ്. ഉടന്‍ തന്നെ ഇത് പ്രവര്‍ത്തനസജ്ജമാവും. മഞ്ചേരി മെഡിക്കല്‍ കോളജിനായി കാത്ത് ലാബും അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിനെ ബൈപാസുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് സ്ഥലമേറ്റെടുത്ത് ഉടന്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

RELATED STORIES

Share it
Top