മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ശോച്യാവസ്ഥ : മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ കയറി യുവാവിന്റെ പ്രതിഷേധംമഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ കയറി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം. കൊല്ലം സ്വദേശിയായ മുരുകനാ(45)ണ് ആശുപത്രിയുടെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ കാര്‍പോര്‍ച്ചിന് മുകളില്‍ കയറി പ്രതിഷേധിച്ചത്. രാവിലെ എട്ടോടെ തന്നെ ആശുപത്രിയിലെത്തിയ മുരുഗന്‍ കെട്ടിടത്തില്‍ കയറുന്നതിന് മുമ്പ് നോട്ടീസ് വിതരണം ചെയ്തിരുന്നു. ശേഷമാണ് ഇടക്ക പോലുള്ള സാമഗ്രിയും പ്ലക്കാര്‍ഡും കഴുത്തിലിട്ട് വിളംബരം നടത്തിയത്. തുടക്കത്തില്‍ തമാശയാണെന്നാണ് ആളുകള്‍ കരുതിയത്. പിന്നീട് കാര്‍പോര്‍ച്ചിന്റെ മുകളിലെത്തിയതോടെയാണ് ഗൗരവം മനസ്സിലാവുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ പോലിസ് എയ്ഡ്‌പോസ്റ്റിനെ വിവരമറിയിച്ചതോടെ വലയും മറ്റു സജ്ജീകരണങ്ങളുമായി പോലിസും ഫയര്‍ഫോഴ്‌സ് ജീവനക്കാരും സ്ഥലത്തെത്തി. എന്നാല്‍, സൂപ്രണ്ടും എച്ച്ഡിഎസ് ചെയര്‍പേഴ്‌സണും വന്നാലേ സമരം അവസാനിപ്പിക്കൂവെന്നായിരുന്നു നിലപാട്. അരമണിക്കൂറോളം ശബ്ദമുണ്ടാക്കിയും മറ്റും പ്രതിഷേധിച്ചതോടെ സുപ്രണ്ടും പോലിസും ഫയര്‍ഫോഴ്‌സും ഇടപെട്ട് മുരുഗനെ താഴെയിറക്കിയശേഷം താക്കീത് നല്‍കി വിട്ടയച്ചു. ഉയരങ്ങളില്‍ പ്രതിഷേധിക്കുകയെന്നതാണത്രെ മുരുഗന്റെ സമരരീതി. ഇതേ രീതിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുകളില്‍ കയറി പ്രതിഷേധിച്ചിരുന്നു. തന്റെ 150ാമത്തെ സമരമാണിതെന്നും ആരെയും ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനാണ് സമരം നടത്തുന്നതെന്നും മുരുഗന്‍ പറഞ്ഞു.  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കണ്ണനല്ലൂര്‍, കുണ്ടറ, പെരുമ്പടി ബൂവറേജ് സമരങ്ങള്‍, കുടിവെള്ള പ്രശ്‌നം തുടങ്ങിയ 90 ഓളം സമരങ്ങളില്‍ പങ്കെടുത്ത് 55 കേസുകളുമുണ്ട്. 28 സ്‌കൂളുകളില്‍ ലഹരിക്കെതിരേ ബോധവല്‍കരണം നടത്തിയതായും കൊല്ലം കൊറ്റന്‍ കുളങ്ങര സ്വദേശി പറഞ്ഞു. ഒരു പാര്‍ട്ടിയുടേയും കൊടി പിടിക്കില്ലെന്നാണ് ചുമട്ടുതൊഴിലാളിയും ലോട്ടറി കച്ചവടക്കാരനുമായ മുരുഗന്‍ പറയുന്നത്. എല്ലാ പത്രങ്ങളും ചാനലുകളും സ്ഥിരം കാണുന്ന മുരുഗന് ഭാര്യയും നാല് കുട്ടികളുമുണ്ട്.

RELATED STORIES

Share it
Top