മഞ്ചേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി സമരം : മന്ത്രി ഇടപെട്ടു; രണ്ട് അധ്യാപകരെ നിയമിച്ചുമഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും നടത്തുന്ന നിരാഹാരസമരത്തിന് നേരിയ അയവ്. ഇന്നലെ രണ്ട് അധ്യാപകരെ നിയമിച്ചതോടെയാണ് വിദ്യാര്‍ഥികളില്‍ ശുഭ പ്രതീക്ഷ കൈവന്നത്. ഒരു സീനിയര്‍ റെസിഡന്റ്്, ഒരു അസിസ്റ്റന്റ് പ്രഫസര്‍ എന്നിവരെയാണ് ഡിഎംഇ നിയമിച്ചതായി ഉത്തരവിറക്കിയത്. രണ്ട് ജൂനിയര്‍ റസിഡന്റുമാരെ കൂടി നിയമിച്ചുവെന്ന് വാക്കാല്‍ പറഞ്ഞുവെന്നും എന്നാല്‍, ഓര്‍ഡര്‍ കിട്ടിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വ്യക്തമായ ഓര്‍ഡര്‍ ലഭിക്കാത്തിടത്തോളം സമരത്തില്‍ നിന്നു പിന്മാറില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനിടെ നിരാഹാരം കിടന്നിരുന്ന സുനീറയെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പകരം അശ്വതി നിരാഹാരം ആരംഭിച്ചിട്ടുണ്ട്. പുറമെ വിനായക്, അല്‍ഷാന, ആരിഫ ലുലു, ശരത് കെ ശശി, പി സമീര്‍, കെ ആര്‍ ഉത്തര, സരിത തുടങ്ങിയവരാണ് നിരാഹാരമിരിക്കുന്നത്. അതേസമയം, നാലാം ദിവസത്തിലേക്ക് കടക്കുന്ന സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച നടത്താന്‍ രാത്രി വൈകി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടു. മൂന്ന് അധ്യാപകര്‍ കോഴിക്കോട് നിന്നു ചാര്‍ജെടുക്കുമെന്നാണ് പ്രിന്‍സിപ്പല്‍ ചാര്‍ജ്ജ് സിറിയക് ജോബിന്റെ ഫോണ്‍ വഴി മന്ത്രി വിദ്യാര്‍ഥികളോട് അറിയിച്ചത്. ചാര്‍ജെടുത്ത ശേഷമേ അധ്യാപകരുടെ എണ്ണം വ്യക്തമാവുകയുള്ളു. ആരോഗ്യ മന്ത്രിയുടെ അറിയിപ്പ് കൃത്യമാണെങ്കില്‍ സര്‍ജറിയില്‍ നിലവിലെ മൂന്നു പേരടക്കം ആറ് പേരാവും. എന്നാലും ബാക്കി 14 പേരുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നറിയിപ്പ് ലഭിക്കാത്ത പക്ഷം സമരത്തില്‍ നിന്നു പിന്മാറാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാവില്ല. അതേസമയം, വിദ്യാര്‍ഥികളെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. ഇന്നലെ രാത്രി സ്വകാര്യ ചാനലില്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമയം തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ മൂന്ന് അധ്യാപകരെ ശസ്ത്രക്രിയാ വിഭാഗത്തില്‍ നിയമിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top