മഞ്ചേരി മെഡിക്കല്‍ കോളജ്: കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കുന്നതില്‍ നടപടി വൈകുന്നു

മഞ്ചേരി: ഹൃദ്‌രോഗികള്‍ ഏറെയുള്ള ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടറുടെ അഭാവം സാധാരണക്കാര്‍ക്കു വെല്ലുവിളിയാവുന്നു.
ആധുനിക ചികില്‍സാ സംവിധാനങ്ങളില്ലാതെ രോഗികള്‍ക്കാവശ്യമായ സേവനങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍നിന്നു ലഭ്യമായിരുന്ന മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി സൂപ്പര്‍ സ്‌പെഷ്യലിസ്റ്റിനെ സ്ഥലം മാറ്റിയശേഷം പുതിയ ഡോക്ടറെ നിയമിക്കുന്നതില്‍ കാലതാമസം നേരിടുകയാണ്. സംഭവം വിവാദമായതോടെ ഹൃദ്‌രോഗ വിദഗ്ധനെ സര്‍ക്കാര്‍ നിയമിച്ചിരുന്നെങ്കിലും ചുമതലയേറ്റിട്ടില്ല. പകരം നിയമനം നടക്കുന്നതിലെ കാലതാമസം സാധാരണക്കാരായ രോഗികളെയാണ് വലയ്ക്കുന്നത്. കാര്‍ഡിയോളജിസ്റ്റിനെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് നിയമിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഹൃദ്‌രോഗ വിഭാഗത്തില്‍ ചികില്‍സ പ്രതിസന്ധി ഉടലെടുത്തത്. ജനകീയ പ്രതിഷേധം ശക്തമായതോടെ എംഎല്‍എ അടക്കമുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു സീനിയര്‍ റസിഡന്റ് ഡോക്ടറെ മഞ്ചേരിയിലേക്ക് മാറ്റി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയെങ്കിലും ചുമതലയേറ്റിട്ടില്ല. വിദഗ്ധ ഡോക്ടറെ നിയമിക്കുന്നതിലെ കാലതാമസം സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്.
മെഡിക്കല്‍ കോളജിലെ ഹൃദ്‌രോഗ വിഭാഗത്തില്‍ നിലവില്‍ കാത്ത്‌ലാബു പോലുമില്ല. നിര്‍ദിഷ്ട പദ്ധതിയായ കാത്ത്‌ലാബ് പ്രവര്‍ത്തനസജ്ജമാക്കാനുള്ള സ്ഥലം മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സിക്കു കൈമാറിയിരുന്നു. നിലവിലെ ഓപറേഷന്‍ തിയറ്ററിനകത്ത് രണ്ട് മുറികളാണ് ഇതിനായി വിട്ടു നല്‍കിയത്.
നാലുമാസത്തിനകം കാത്ത് ലാബ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് വിവരം. കാത്ത് ലാബ് യാഥാര്‍ഥ്യമാവുന്നതോടെ ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോഗ്രാം തുടങ്ങിയ പരിശോധന സംവിധാനങ്ങള്‍കൂടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ വരും.
നിലവില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി പരിശോധിക്കുന്ന എക്കോ ടെസ്റ്റിനു മാത്രമാണ് ഇവിടെ സംവിധാനമുള്ളത്. ഐസിയുവിലാണ് ഈ സംവിധാനങ്ങളും സജീകരിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top