മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍മാരുടെ സമരം

മഞ്ചേരി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭ്യമാവാത്തതു പ്രതിസന്ധി തീര്‍ക്കുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍മാരും പ്രതിഷേധ രംഗത്തെത്തി. സര്‍ക്കാറിന്റെ മെല്ലെപ്പോക്കു നയം ചോദ്യംചെയ്ത് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണയ്ക്കു പിറകെയാണ് ആദ്യ ബാച്ചില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സിയിലേര്‍പ്പെട്ടിരിക്കുന്ന 85 പേര്‍ പ്രക്ഷോഭമാരംഭിച്ചിരിക്കുന്നത്. ഇവരുടെ ഉപരിപഠനത്തിന് മെഡിക്കല്‍ കോളജിന്റെ സ്ഥിരാംഗീകാരം ഉറപ്പാക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഭരണതലത്തിലുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഹൗസ്‌സര്‍ജന്റുമാര്‍ മെഡിക്കല്‍ കോളജിലെ സേവനങ്ങളില്‍ നിന്നു വിട്ടുനിന്നു. അത്യാഹിത വിഭാഗവും ഓപറേഷന്‍ തിയ്യറ്ററുകളും മാറ്റിനിര്‍ത്തി മറ്റു സേവനങ്ങള്‍ ബഹിഷ്‌കരിച്ചായിരുന്നു സമരം. ഹൗസ് സര്‍ജന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം പി ശശിയുടെ ഓഫിസ് ഉപരോധിക്കുകയും ചെയ്തു. ഒപിയിലെ സൗകര്യക്കുറവു പരിഹരിക്കുക, റഡിഡന്റ് ഡോക്ടര്‍മാരുടെ കുറവു നികത്തുക, ഹൗസ് സര്‍ജന്‍സി, എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. രണ്ടാഴ്ചയ്ക്കകം പ്രശ്‌നത്തിനു പരിഹാരം കാണമെന്ന അധികൃത ഉറപ്പിലാണ് സമരം അവസാനിച്ചത്. അടുത്ത മാസം ഏഴിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ എട്ടു മുതല്‍ അനിശ്ചിതകാല നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് ഹൗസ് സര്‍ജന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രതിനിധി സംഘം നടത്തിയ രണ്ടാംഘട്ട പരിശോധനയ്ക്കു ശേഷവും ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം നല്‍കാനാവില്ലെന്ന നിലപാടാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വീകരിച്ചത്.
നിശ്ചിത സമയത്തിനകം സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ എംസിഐക്ക് സത്യാവങ്മൂലം നല്‍കിയിരുന്നെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവു ചൂണ്ടിക്കാട്ടിയാണ് എംസിഐ മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം നിഷേധിച്ചിരിക്കുന്നത്.
ഇക്കാര്യത്തിലുള്ള അലംഭാവം അവസാനിപ്പിക്കണമെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് എസ്എഫ്‌ഐ മെഡിക്കല്‍ കോളജ് ഘടകം കഴിഞ്ഞ ദിവസം ആതുരാലയ പരിസരത്ത് ധര്‍ണ നടത്തിയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ഹൗസ് സര്‍ജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റോണി വര്‍ക്കി, ജനറല്‍ സെക്രട്ടറി എസ് അരുണ്‍, മിന്നു ബസാനിയ, എ സി കെനിയ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top