മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആദ്യം നടക്കേണ്ടത് 'ചെറിയ വലിയ കാര്യങ്ങള്‍ '

മഞ്ചേരി: വികസനപാതയില്‍ അപാകതകള്‍ സൃഷ്ടിച്ച വെല്ലുവിളുകള്‍ ജനകീയ പ്രശ്‌നമാവുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആദ്യം നടക്കേണ്ടത് ജനപക്ഷത്തു നിന്നുള്ള ആവശ്യങ്ങളാണെന്ന് രോഗികളും നാട്ടുകാരും. ആതുര സേവന രംഗത്ത് ജില്ലയുടെ സ്വപ്‌നപദ്ധതിയായ ഗവ. മെഡിക്കല്‍ കോളജ് രോഗപ്രഭവ കേന്ദ്രമാവുന്നതില്‍ ആകുലരാണ് പൊതുസമൂഹം. ആതുരാലയ മുറ്റത്ത് പരന്നൊഴുകുന്ന മാലിന്യവും കൊതുകുശല്യവും രോഗികളെ നേരിട്ടു ബാധിക്കുമ്പോള്‍ കോടികളുടെ വികസനം ആശുപത്രിയുടെ ആരോഗ്യാന്തരീക്ഷം ഉറപ്പാക്കിയിട്ടു മതിയെന്നാണ് ‘തേജസ്’ റിപോര്‍ട്ടു ചെയ്ത ‘ചികില്‍സ തേടുന്ന ആതുരാലയങ്ങള്‍’ വാര്‍ത്താ പരമ്പരയോട് ബഹു ഭൂരിപക്ഷം രോഗികളും പ്രതികരിച്ചത്. രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആയിരങ്ങള്‍ ചികില്‍സ തേടുന്ന ആതുരാലയത്തിന്റെ പുറത്തും പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. കക്കൂസ് മാലിന്യമടക്കം നേരിട്ട് പുറത്തെ ഓടയിലേക്കു തള്ളുന്നതിന്റെ ഇരകളായി അത്യാഹിത വിഭാഗത്തിനു മുന്നില്‍ തുടരുന്ന ഓട്ടോ തൊഴിലാളികളും കച്ചവടക്കാരും ഭരണ കര്‍ത്താക്കളുടെ വന്‍കിട പദ്ധതികളെ തള്ളുന്നില്ല.
അതിനു മുമ്പ് ആരോഗ്യ സുരക്ഷയ്ക്കുവേണ്ട മാലിന്യ നിര്‍മാര്‍ജന വിഷയത്തില്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുന്നു. ആതുരാലയ മാലിന്യം ഒഴുകിയെത്തുന്ന വലിയട്ടിപ്പറമ്പില്‍ ജനങ്ങള്‍ സമരപാതയിലാണ്.
ഇനിയും ലാഘവത്തോടെ അവഗണിക്കപ്പെടേണ്ട വിഷയമല്ലിതെന്ന് ഉറപ്പായിരിക്കെ ‘ചികില്‍സ തേടുന്ന ആതുരാലയങ്ങള്‍’ പരമ്പരയോട് ജനപ്രതിനിധികളും വിവിധ സംഘടനകളും ക്രിയാത്മകമായിത്തന്നെ പ്രതികരിച്ചു. പ്രമുഖരുടെ പ്രതികരണങ്ങളിലേക്ക്,

അഡ്വ. എം ഉമ്മര്‍ എംഎല്‍എ

ജില്ലയുടെ ചിരകാല സ്വപ്‌നമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മഞ്ചേരിയില്‍ യാഥാര്‍ഥ്യമാക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ട്. എന്നാല്‍, ആതുരാലയത്തിന്റെ നിലനില്‍പ്പും പുരോഗതിയും ഉറപ്പാക്കപ്പെടുന്നതിലുണ്ടാവുന്ന വീഴ്ചകള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയമായി മാറുന്നതില്‍ അങ്ങേയറ്റം ആശങ്കയുമുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ മഞ്ചേരി മെഡിക്കല്‍ കോളജിനെ ഘട്ടംഘട്ടമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന പദ്ധതികളാണ് വിഭാവനം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഇടതു സര്‍ക്കാറിന്റെ സമീപനം നിരാശാജനകമാണ്. മെഡിക്കല്‍ കോളജില്‍ സമയബന്ധിതമായി ഒരു പ്രവൃത്തിയും നടക്കുന്നില്ല. വെറുതെയുള്ള പ്രഖ്യാപനങ്ങളില്‍ കവിഞ്ഞ് ജനകീയ ആവശ്യങ്ങള്‍ പോലും സാങ്കേതികത്വം പറഞ്ഞ് നിഷേധിക്കുകയും വൈകിപ്പിക്കുകയുമാണ്. ഇക്കാര്യങ്ങള്‍ നിയമസഭയിലും പുറത്തും വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. അപ്പോഴെല്ലാം പണമനുവദിച്ചതിന്റെ കണക്കുകള്‍ പറയുകയല്ലാതെ ഒരു പദ്ധതിയിലും പ്രായോഗികത ഉണ്ടാവുന്നില്ല.
അഡ്വ. യു എ ലത്തീഫ് (മുസ് ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി)
മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കിയത് ജില്ലയിലെ സാധാരണക്കാരുടെ നിരന്തരമുള്ള ആവശ്യം പരിഗണിച്ചാണ്. ഇത് നിലനിര്‍ത്തുക എന്നതിലാവണം അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെ ശ്രദ്ധ. മാലിന്യ പ്രശ്‌നം പോലുള്ള വിഷയങ്ങളിലും അസൗകര്യങ്ങളിലും ഇടപെടല്‍ വേണ്ടത് യാഥാര്‍ഥ്യ ബോധത്തോടെയാണ്. സാങ്കേതികത്വം പറഞ്ഞ് ജനാവകാശം കവരുന്നത് അംഗീകരിക്കാനാവില്ല. ഒരേ മന്ത്രിസഭയിലിരിക്കുന്ന മന്ത്രിമാര്‍ നേരിട്ട് ഇടപെട്ടാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുന്നത് ആത്മാര്‍ഥതയുടെ കുറവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മെഡിക്കല്‍ കോളജ് പോലുള്ള അവശ്യ സംവിധാനങ്ങളില്‍ രാഷ്ട്രീയാതീത ഇടപെടലാണ് അനിവാര്യം.
അഡ്വ. കെ ഫിറോസ്ബാബു (മെഡിക്കല്‍ കോളജ് ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി അംഗം, നഗരസഭ പ്രതിപക്ഷ നേതാവ്)
മുന്നൊരുക്കങ്ങളില്ലാതെ രാഷ്ട്രീയ ലാഭത്തിനായി യുഡിഎഫ് നടപ്പാക്കിയ പദ്ധതിയുടെ ദുരിതമാണ് ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് നേരിടുന്നത്. സൗകര്യ വികസനങ്ങള്‍ ഏതുമില്ലാതെ ജനറല്‍ ആശുപത്രിയുടെ പേരു മാറ്റി മെഡിക്കല്‍ കോളജ് ജില്ലയ്ക്കുമേല്‍ കെട്ടിവയ്ക്കുകയായിരുന്നു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ചികില്‍സ തേടിയെത്തുന്നവരും മെഡിക്കല്‍ കോളജില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ ഇതിന്റെ പ്രയാസം നേരിട്ടനുഭവിക്കുന്നത് ഇപ്പോഴാണ്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായ പോരായ്മകള്‍ക്ക് ഇപ്പോള്‍ പഴി പറയുന്നത് പ്രശ്‌ന പരിഹാരത്തിനു മുന്‍കൈയെടുക്കുന്ന ഇടതു സര്‍ക്കാറിനെയാണ്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പരിഗണനയാണ് മഞ്ചേരിയിലെ മെഡിക്കല്‍ കോളജിന് നല്‍കുന്നത്.
ദീര്‍ഘ കാലത്തേക്കുള്ള വികസനം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികള്‍ ഇതിനു തെളിവാണ്. രോഗികളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പദ്ധതികളോ ഫണ്ടോ ഇല്ലാത്തതല്ല പ്രശ്‌നം. മലിനജല സംസ്‌കരണത്തിന് ആതുരാലയത്തില്‍ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. പ്രാവര്‍ത്തികമാക്കുന്ന പദ്ധതികള്‍ മരാമത്ത് വകുപ്പിലെ എന്‍ജിനീയറിങ് വിഭാഗവും ആശുപത്രി ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരും കൃത്യമായി പരിശോധിക്കണം. പ്രവൃത്തികളുടെ മേന്മ ഉറപ്പാക്കുന്നതിലെ അഭാവം പ്രകടമായുണ്ട്.
വല്ലാഞ്ചിറ അബ്ദുല്‍ ലത്തീഫ് (എസ്ഡിപിഐ മഞ്ചേരി മണ്ഡലം പ്രസിഡന്റ് )
പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഇരയായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിനെ മാറ്റാന്‍ അനുവദിക്കില്ല. രോഗങ്ങള്‍ക്ക് ചികില്‍സ നല്‍കേണ്ട ആതുരാലയം രോഗപ്രഭവ കേന്ദ്രമാവുന്ന കാഴ്ചയാണ് മഞ്ചേരിയിലേത്. ജനാവകാശങ്ങള്‍ വിസ്മരിക്കുന്ന രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനംതന്നെ കേന്ദ്രമാവുമ്പോള്‍ ജനകീയാവശ്യങ്ങളും വിസ്മരിക്കുകയാണ്. കോടികളുടെ കണക്കു നിരത്തി ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്നതിനു മാത്രമാണ് വലതു-ഇടതു സര്‍ക്കാറുകള്‍ തങ്ങളുടെ കാലത്ത് ശ്രമിക്കുന്നത്. മാലിന്യ പ്രശ്‌നമടക്കമുള്ള അടിയന്തര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ, വന്‍കിട പദ്ധതികള്‍ക്കാണ് നിലവിലെ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങളും വികസനാന്തരീക്ഷവും ഉറപ്പാക്കാതെ മെഡിക്കല്‍ കോളജ് മഞ്ചേരിയില്‍ പ്രാവര്‍ത്തികമാക്കിയതില്‍ നിന്നു യുഡിഎഫിനും ഒഴിഞ്ഞുമാറാനാവില്ല.
രോഗങ്ങള്‍ക്ക് ചികില്‍സ തേടിയെത്തുന്നവര്‍ക്കു മുന്നില്‍ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ കണക്കുകളല്ല നിരത്തേണ്ടത്. അനിവാര്യമായ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കണം. ജനപക്ഷ വികാസവും സൗകര്യങ്ങളുമാണ് സര്‍ക്കാര്‍ തലത്തിലുള്ള മെഡിക്കല്‍ കോളജിനാവശ്യം. ഇക്കാര്യത്തില്‍ തുടരുന്ന അനാസ്ഥ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ മെഡിക്കല്‍ കോളജില്‍ രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ആരോഗ്യത്തിനു ഭീഷണി വിതക്കുന്ന നില തുടരുന്ന പക്ഷം ജനകീയ സമരത്തിന് എസ്ഡിപിഐ മുന്നിലുണ്ടാവും.

RELATED STORIES

Share it
Top