മഞ്ചേരി മെഡിക്കല്‍ കോളജ് ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയത് 82 പേര്‍

മഞ്ചേരി: എംബിബിഎസ് പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവുമ്പോള്‍ സ്ഥിരാംഗീകാരത്തിന് ഇനിയും കടമ്പകള്‍ താണ്ടേണ്ട മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ 82 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 100 സീറ്റുകളുള്ള മെഡിക്കല്‍ കോളജിന് ഇതുവരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്തിമാംഗീകാര ലഭിച്ചിച്ചില്ല.
ഇത്തവണ താല്‍ക്കാലിക പ്രവേശനാനുമതി മാത്രമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പരിശോധന നടത്തിയ എംസിഐ സംഘം സ്ഥിരാംഗീകാരം നല്‍കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറും മെഡിക്കല്‍ കോളജ് അധികൃതരും നേരിട്ടു നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷം എംബിബിഎസിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതിമാത്രമാണ് എംസിഐ നല്‍കിയിരിക്കുന്നത്. വിശദമായ പരിശോധനയില്‍ പോരായ്മകള്‍ പരിഹരിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമെ മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം നല്‍കൂവെന്ന നിലപാടാണ് ഇക്കാര്യത്തില്‍ അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം എംസിഐ സംഘം വീണ്ടും മെഡിക്കല്‍ കോളജില്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. ഈ റിപോര്‍ട്ട് പരിഗണിച്ചാവും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അന്തിമ തീരുമാനം കൈക്കൊള്ളുക. എംസിഐ നിര്‍ദേശിച്ച കാര്യങ്ങളില്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയെന്നാണ് കോളജധികൃതരുടെ വിശദീകരണം.
അധ്യാപക, ടെക്‌നിക്കല്‍ ജീവനക്കാരുടെ മുഴുവന്‍ തസ്തികകളും ഇതിനോടകം നികത്തി. കെട്ടിടങ്ങളുടെ കുറവാണ് പ്രധാന വെല്ലുവിളി.

RELATED STORIES

Share it
Top