മഞ്ചേരി മെഡിക്കല്‍ കോളജില്‍ എംസിഐ പരിശോധന

മഞ്ചേരി: അവസാനഘട്ട അംഗീകാരവുമായി ബന്ധപ്പെട്ട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സംഘം പരിശോധന നടത്തി. കഴിഞ്ഞ മാര്‍ച്ചില്‍ പരിശോധന നടത്തിയ സംഘം സ്ഥിരാംഗീകാരം നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പിന്നീട് സംസ്ഥാന സര്‍ക്കാറും മെഡിക്കല്‍ കോളജ് അധികൃതരും നേരിട്ടുനടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷം എംബിബിഎസിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതിമാത്രമാണ് എംസിഐ നല്‍കിയിരിക്കുന്നത്.
വിശദമായ പരിശോധനയില്‍ പോരായ്മകള്‍ പരിഹരിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമെ മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം നല്‍കൂവെന്ന നിലപാടാണ് ഇക്കാര്യത്തില്‍ എംസിഐ കൈക്കൊണ്ടിരിക്കുന്നത്. ഡോ. മാണിക് ചാറ്റര്‍ജി, ഡോ. രമേഷ് വര്‍ധ, ഡോ. ചെതലവട ഉഷാറാണി എന്നിവരടങ്ങിയ സംഘമാണ് ഇപ്പോള്‍ പരിശോധനയ്‌ക്കെത്തിയത്. ആശുപത്രിയിലെ കെട്ടിട സൗകര്യങ്ങളും ഒപിയിലടക്കമുള്ള ചികില്‍സാ ക്രമീകരണങ്ങളും പഠനസൗകര്യങ്ങളും സംഘം വിശദമായി പരിശോധിച്ചു. വിദ്യാര്‍ഥികളുടേയും അധ്യാപകരടക്കമുള്ള ജീവനക്കാരുടേയും താമസ സൗകര്യങ്ങള്‍, എംബിബിഎസ് പൂര്‍ത്തിയാക്കിയ ആദ്യ സംഘത്തിനേര്‍പ്പെടുത്തിയ ഹൗസ് സര്‍ജന്‍സി സൗകര്യങ്ങള്‍ എന്നിവ സംഘം വിലയിരുത്തി. ഹൗസ് സര്‍ജന്‍സിക്കായി പ്രയോജനപ്പെടുത്തുന്ന കാവനൂര്‍, എടവണ്ണ, എളങ്കൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും സംഘം പരിശോധന നടത്തി. പരിശോധന റിപോര്‍ട്ട് എംസിഐക്ക് സമര്‍പ്പിക്കും.
തുടര്‍ന്നായിരിക്കും 100 മെഡിക്കല്‍ സീറ്റുകള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം ലഭിക്കുന്നതില്‍ അന്തിമ തീരുമാനമുണ്ടാവുക. അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജില്‍ എംസിഐ നിര്‍ദേശിച്ച കാര്യങ്ങളില്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അധ്യാപക, ടെക്‌നിക്കല്‍ ജീവനക്കാരുടെ മുഴുവന്‍ തസ്തികകളും ഇതിനോടകം നികത്തി. കെട്ടിടങ്ങളുടെ കുറവാണ് പ്രധാന വെല്ലുവിളി. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ പൂര്‍ണ തോതിലായിട്ടില്ല.
എന്നാല്‍, 103 രൂപ ചെലവില്‍ കെട്ടിടമൊരുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആധുനിക ചികില്‍സ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. എംസിഐ നേരത്തെ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയും നടപടിയെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിന് അന്തിമ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

RELATED STORIES

Share it
Top