മഞ്ചേരി മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടിലില്‍ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍

മഞ്ചേരി: ജനിച്ചു ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജിലെ അമ്മ തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരാഴ്ചയോളം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് വൈകുന്നേരം ഏഴുമണിയോടെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ച് പ്രാഥമിക പരിശോധനകള്‍ക്കു ശേഷം നവജാത ശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.പരിശോധനകള്‍ക്കും ശേഷം ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിശു ക്ഷേമ സമിതിയിലെ നഴ്‌സും സംഘവും എത്തി വിവരങ്ങള്‍ ശേഖരിക്കുകയും കുട്ടിയെ സന്ദര്‍ശിക്കുകയും ചെയ്തു. കുട്ടികളുടെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇന്ന് കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുക്കും. ബാല മന്ദിരത്തിലെ അമ്മമാരുടെ പരിചരണത്തിലാവും പിന്നീട് കുട്ടി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ അമ്മ തൊട്ടിലില്‍ നിന്നും കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ ലഭിക്കുന്നത്.

RELATED STORIES

Share it
Top