മഞ്ചേരി മെഡിക്കല്‍ കോളജില്‍ പാര്‍ക്കിങ്് ഫീസിനെ ചൊല്ലി ജനരോഷം

മഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ മഞ്ചെരി മെഡിക്കല്‍ കോളജില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. മെഡിക്കല്‍ കോളജിലേക്ക് രോഗികളുമായെത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്.
ദിനംപ്രതി ആയിരങ്ങള്‍ ചികില്‍സ തേടിയെത്തുന്ന മെഡിക്കല്‍ കോളജില്‍ ഭൂരിഭാഗം രോഗികളും സാധാരണക്കാരാണ്. ഇവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമാക്കാതെ വാഹനം നിര്‍ത്തിയിടുന്നതിന്റെ പേരില്‍ പണം പിരിക്കുന്നത് കടുത്ത പ്രതിഷേധമാണുയര്‍ത്തുന്നത്. രോഗികളുമായെത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന്റെ പേരില്‍ പകല്‍കൊള്ള നടക്കുന്നു എന്നാണ് പ്രധാന ആക്ഷേപം.
ഇതേ ചൊല്ലി പാര്‍ക്കിങ് മൈതാനം നടത്തിപ്പിനേറ്റെടുത്തവരും വാഹന യാത്രികരും തമ്മില്‍ തര്‍ക്കം പതിവായിരിക്കുകയാണ്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയാണ് വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള മൈതാന നടത്തിപ്പിന് സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. ദിവസം 3,500 എന്ന നിരക്കിലാണ് കരാര്‍. കരാര്‍ ഏറ്റെടുത്തവര്‍ ഇരുചക്ര വാഹനങ്ങളില്‍ നിന്നും ഓട്ടോറിക്ഷകളില്‍ നിന്നും അഞ്ചുരൂപ തോതിലും നാലു ചക്ര വാഹനങ്ങള്‍ക്ക് 15 രൂപ തോതിലുമാണ് ഫീസീടാക്കുന്നത്.
പാര്‍ക്കിങ് മൂന്നു മണിക്കൂറിലധികമായാല്‍ ഈ തുകയ്ക്കു പുറമെ അഞ്ചു രൂപ കൂടി നല്‍കണം. ഈ വിധത്തില്‍ തുക ഈടാക്കുന്നുവെന്നല്ലാതെ രോഗികള്‍ക്ക് അനിവാര്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ കൃത്യവിലോപം കാണിക്കുകയാണെന്ന ആക്ഷേപമാണ് ശക്തം. പാര്‍ക്കിങ് ഫീസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തുണ്ട്.

RELATED STORIES

Share it
Top