മഞ്ചേരി പാലക്കുളത്ത് ചിത്രം തെളിഞ്ഞു

മഞ്ചേരി: ഉപതിരഞ്ഞെടുപ്പു നടക്കുന്ന മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡില്‍ മല്‍സര ചിത്രം തെളിഞ്ഞു. ഇടതു-വലതു മുന്നണി സ്ഥാനാര്‍ഥികള്‍ മാത്രമാണ് മല്‍സരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാര്‍ഥി ജയരാജന്‍ മാടംകോടും യുഡിഎഫ് സ്ഥാനാര്‍ഥി കട്ടിലപറമ്പില്‍ വേലായുധനുമാണ് ജനവിധി തേടുന്നത്.
മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ഭരണ മാറ്റത്തിനു സാധ്യതയില്ലാത്ത ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന നിലപാടാണ് പാര്‍ടി കൈകൊണ്ടിരിക്കുന്നത്. എന്നാല്‍, എസ്ഡിപിഐ നിലപാടായിരിക്കും വാര്‍ഡില്‍ വിജയിയെ നിര്‍ണയിക്കുക. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയരാജന്‍ മാടംകോട് നഗരസഭ സെക്രട്ടറി ഇന്‍ചാര്‍ജ് സതീഷ് കുമാറിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കും മുന്നണി നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് പത്രിക നല്‍കിയത്. വാര്‍ഡ് കൗണ്‍സിലറായിരുന്ന രാമചന്ദ്രന്‍ എന്ന മാനുട്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡില്‍ കട്ടിലപറമ്പന്‍ വേലായുധനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ ദിവസം പത്രിക നല്‍കിയ യുഡിഎഫ് സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബിജെപി പാലക്കുളത്ത് മല്‍സര രംഗത്തില്ല. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും.
ഈ മാസം 31നാണ് ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ 1ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 52 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ രാമചന്ദ്രന്‍ എന്ന മാനുട്ടി വിജയിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായിരുന്ന ബിജു തടവള്ളി 166 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ മല്‍സരിക്കുന്നില്ലെന്നതിനാല്‍ എസ്ഡിപിഐയുടെ നിലപാട് തിരഞ്ഞെടുപ്പില്‍ പ്രധാനമാവും.

RELATED STORIES

Share it
Top