മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

മഞ്ചേരി: പകര്‍ച്ചവ്യാധികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താത്തതിനെ ചൊല്ലി മഞ്ചേരി നഗരസഭ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ബഹളം. പനിയും മറ്റു രോഗങ്ങളും ജനാരോഗ്യത്തിനു വെല്ലുവിളി തീര്‍ക്കുമ്പോള്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു പ്രമേയം അവതരിപ്പിച്ചു.
തുടര്‍ന്നുള്ള ചര്‍ച്ചയാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. കൗണ്‍സില്‍ ഹാളിന്റെ വാതിലുകള്‍ ബന്ധിച്ചതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അകത്തു കയറാനായില്ല. മഴക്കാലപൂര്‍വ ശുചീകരണം ആരംഭിച്ചെന്ന പ്രഖ്യാപനത്തില്‍ കവിഞ്ഞ് പ്രവൃത്തികള്‍ കാര്യക്ഷമമായില്ലെന്നും ഇത് പകര്‍ച്ചാവ്യാധികള്‍ പടരാന്‍ പ്രധാന കാരണമാവുകയാണെന്നും അഡ്വ. കെ ഫിറോസ്ബാബു ആരോപിച്ചു. അജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് കൃത്യമായ പദ്ധതികളില്ല.
പ്ലാസ്റ്റിക് അടക്കം ജനവാസ പ്രദേശങ്ങളില്‍ നിറയുന്നത് കൊതുകു സാന്ദ്രത വര്‍ധിപ്പിക്കുകയാണെന്നും മാലിന്യ സംസ്‌കരണത്തില്‍ പോലും ഭരണ മുന്നണി രാഷ്ട്രീയം കലര്‍ത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുന്‍കൈയെടുത്താണ് മഴക്കാലപൂര്‍വ ശുചീകരണം നടത്തേണ്ടതെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്. ഇതേതുടര്‍ന്നായിരുന്നു ബഹളം. മഞ്ചേരി നഗര പ്രദേശത്ത് ഡെങ്കിപ്പനി പ്രധാന വെല്ലുവിളിയായി മാറുകയാണ്. പനിയും വ്യാപകമായുണ്ട്. കാലവര്‍ഷാരംഭത്തിലുണ്ടായ വെള്ളപ്പൊക്കം കാരണം കിണറുകളടക്കം നിരവധി ജലാശയങ്ങള്‍ മാലിന്യം കലര്‍ന്ന് ഉപയോഗശൂന്യമായി. ഇത് ശുചീകരിക്കാനും കാര്യക്ഷമമായ ഇടപെടലുകളുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ജനരോഷവും ശക്തമാണ്.

RELATED STORIES

Share it
Top