മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

മഞ്ചേരി: പത്തു വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ മുസ്്‌ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍ത്തൊടി കുട്ടനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. കൗണ്‍സില്‍ ഹാളില്‍ യോഗം ആരംഭിച്ചയുടന്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സിലര്‍ക്കെതിരെയുള്ള പ്രമേയം അവതരിപ്പിക്കാന്‍ അനുമതിയാവശ്യപ്പെട്ടു രംഗത്തു വരികയായിരുന്നു. ഇത് യോഗാധ്യക്ഷ വി എം സുബൈദ അംഗീകരിച്ചില്ല.
പ്രതിപക്ഷ അംഗം അഡ്വ. ഫിറോസ്ബാബുവാണ് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്. സംഭവത്തിനുശേഷം ഒളിവില്‍പോയ നഗരസഭാ മുസ്്‌ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടനെ ലീഗ് നേതൃത്വം സംരക്ഷിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. കൗണ്‍സിലറുടെ രാജി ആവശ്യപ്പെടാന്‍ ലീഗ് കമ്മിറ്റി തയ്യാറാവാത്തതും പ്രതിപക്ഷ വിമര്‍ശനത്തിനിടയാക്കി. രൂക്ഷമായ ബഹളത്തിനിടെ കൗണ്‍സില്‍ നടപടികള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷംഗങ്ങള്‍ നഗരസഭാ കവാടത്തിനു മുന്നിലും പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തിനെത്തിയിരുന്നത്. ആരോപണ വിധേയനായ കുട്ടനോട് രാജി ആവശ്യപ്പെടാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചില്ലെങ്കില്‍ പുറത്താക്കുംവരെ പ്രതിഷേധം ശക്തമാക്കുമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ചെയര്‍ പേഴ്‌സണ്‍ വി എം സുബൈദയുടെ അധ്യക്ഷതയില്‍ യോഗം തുടര്‍ന്നു. അഞ്ച് അജണ്ടകളാണ് കൗണ്‍സിലിന്റെ പരിഗണനക്കു വന്നത്.
ഇതെല്ലാം ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ അംഗീകാരത്തോടെ പാസാക്കി. കഴിഞ്ഞ ഡിസംബര്‍ മുതലുള്ള കാലയളവില്‍ പലതവണ കൗണ്‍സിലറായ കുട്ടന്‍ പത്ത് വയസ് മാത്രം പ്രായമായ മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ പീഡിപ്പിച്ചെന്നാണ് പരാതി. അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. മുത്തശ്ശി ജോലിക്കുപോവുന്ന സമയംനോക്കിയാണ് കുട്ടിയെ പീഡിപ്പിച്ചത്. മംഗലശ്ശേരി വാര്‍ഡ് കൗണ്‍സിലറായ കുട്ടന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലിസിന്റെ വിശദീകരണം.

RELATED STORIES

Share it
Top