മഞ്ചേരി നഗരസഭയില്‍ 107 കോടിയുടെ ബജറ്റ്; മലിനജല സംസ്‌കരണത്തിന് സംവിധാനമൊരുക്കും

മഞ്ചേരി: അടിസ്ഥാന വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള മഞ്ചേരി നഗരസഭയുടെ ബജറ്റ് ഉപാധ്യക്ഷന്‍ വി പി ഫിറോസ് അവതരിപ്പിച്ചു. 69,65,500 രൂപ മുന്നിരിപ്പും 107,17,12,500 രൂപ വരവും 107,03,18,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 73, 60. 000 രൂപ നീക്കിയിരിപ്പുണ്ട്. മാലിന്യപ്രശ്‌നം അതി രൂക്ഷമായ നഗരത്തില്‍ ശാസ്ത്രീയ സംസ്‌കരണത്തിനുള്ള പദ്ധതികള്‍ക്ക് 1.11 കോടി രൂപ നീക്കിവച്ചു. മലിനജലം സംസ്‌കരിക്കാന്‍ കുത്തുകല്ലില്‍ സംസ്‌കരണ പ്ലാന്റ് സ്ഥിപിക്കും.
തോടുകളും അഴുക്കുചാലുകളും വഴിയാണ് പ്ലാന്റിലേക്ക് മലിന ജലം എത്തിക്കുക. ഇത് സംസ്‌കരിച്ച ശേഷം ചാലിക്ക തോട്ടിലേക്ക് ഒഴുക്കിവിടും. ഖര മാലിന്യ സംസ്‌കരണത്തിന് കുടുംബശ്രീയുമായി ചേര്‍ന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച ശേഷം ഷ്രഡിങ് യൂനിറ്റിലും തുമ്പൂര്‍മുഴിയിലും നിക്ഷേപിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
30 മൈക്രണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ നിരോധിക്കുമെന്നും കച്ചവടക്കാര്‍ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നിര്‍മാണ യൂനിറ്റ് ആരംഭിക്കുമെന്നും ഉപാധ്യക്ഷന്‍ ബജറ്റവതരണത്തില്‍ വ്യക്തമാക്കി. ഇതിനായി 16,00,000 രബപ നീക്കി വച്ചിട്ടുണ്ട്. പയ്യനാട് രണ്ടു ലക്ഷം രൂപ ചെലവില്‍ നഗരസഭയുടെ സോണല്‍ ഓഫിസ് ആരംഭിക്കും. മഞ്ചേരിയിലെ നഗരസഭാ കാര്യാലയത്തിലേക്ക് ഈ മേഖലകളിലെ ജനങ്ങള്‍ക്ക് എത്തിപ്പെടാനുള്ള പ്രയാസം ദൂരികരിക്കുകയാണ് ലക്ഷ്യം.
കാന്‍സര്‍, പക്ഷാഘാതം, വൃക്ക രോഗങ്ങള്‍ ബാധിച്ചവരുള്ള വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളുടെ 1,100 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള വീടുകളെ വസ്തു നികുതിയില്‍ നിന്നും ഒഴിവാക്കും. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനുള്ള പദ്ധതികള്‍ക്കായി 1,35,00,000 രൂപയും പൈപ്പ് കണക്ഷന്‍ സബ്‌സിഡിക്ക് 10 ലക്ഷം രൂപയും കിണര്‍ റീച്ചാര്‍ജിന് 10 ലക്ഷം രൂപയും ചെലവഴിക്കും. പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കും. കാര്‍ഷിക, മൃഗ സംരക്ഷണ മേഖലകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ച് ഈ രംഗത്ത് സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്ക് 66 ലക്ഷം രൂപ നീക്കിവച്ചു. നഗരത്തിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നതിന് വനിത ഹോസ്റ്റല്‍ സ്ഥാപിക്കും. 10 ലക്ഷം രൂപയാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ മാറ്റിവച്ചത്. അംഗപരിമിതരായ കുട്ടികള്‍ക്ക് ബഡ്‌സ് സ്ഥാപിക്കാന്‍ 17 ലക്ഷം രൂപയും അനുവദിച്ചു. നഗര സൗന്ദര്യവല്‍ക്കരണത്തിന് ഒരു കോടി രൂപയും പഴയ ബസ്റ്റാ ന്റ് ഷോപ്പിങ് കോംപ്ലക്‌സ് പുനര്‍ നിര്‍മിക്കാന്‍ 42 കോടി രൂപ, നാലു പ്രധാന റോഡുകളില്‍ എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ, ഗതാഗത കുരുക്കൊഴിവാക്കുന്ന പദ്ധതികള്‍ക്കു മാത്രം രണ്ടു കോടി രൂപയും വകയിരുത്തി.
പാര്‍പ്പിട മേഖലക്ക് 3,10,55, 800 രൂപയും വകയിരുത്തി. എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് പശുവളര്‍ത്തല്‍, ആടു വളര്‍ത്ത ല്‍ എന്നിവക്ക് സാമ്പത്തിക സഹായവും വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, യാത്രാബത്ത എന്നിവ നല്‍കുന്ന പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു. വിദ്യാഭ്യാസം, കല, സാംസ്‌കാരിക മേഖലകള്‍ക്ക് വകയിരുത്തിയത് 2,25,55,000 രൂപയാണ്.
വിദ്യാലയങ്ങളില്‍ ആധുനിക ശുചിമുറികളും നാപ്കിന്‍ ഇന്‍സിനിയറേറ്ററും സ്ഥാപിക്കും. മുഴുവന്‍ വിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രമാക്കാന്‍ രണ്ടുകോടിയുടെ പദ്ധതിയും ഏഴു ലക്ഷം രൂപ ചെലവില്‍ ചെട്ടിയാര്‍ കുളത്തില്‍ നീന്തല്‍ പരിശീലന പദ്ധതിയും പ്രാവര്‍ത്തികമാക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീന പദ്ധതി ആരംഭിക്കാന്‍ 50,000 രൂപയും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസും പരിശീലനവും നല്‍കുന്നതിന് 2 ലക്ഷം രൂപയും നവ ദമ്പതികള്‍ക്ക് കൗണ്‍സിലിംഗ് സംവിധാനം ഏര്‍പെടുത്താന്‍ 50,000 രൂപയും ബജറ്റിലുണ്ട്. കച്ചവട രംഗത്തെ സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് നഗരസഭയുടെ കെട്ടിടങ്ങളില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് അടുത്ത വര്‍ഷത്തേക്കുള്ള വാടക വര്‍ധനവ് ഒഴിവാക്കി. നഗരസഭാധ്യക്ഷ വി എം സുബൈദ ബജറ്റവതരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് 11ന് നടക്കും.

RELATED STORIES

Share it
Top