മഞ്ചേരി നഗരമധ്യത്തില്‍ ഭീതിപരത്തി അഗ്‌നിബാധ

മഞ്ചേരി: സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലുണ്ടായ അഗ്നിബാധ മഞ്ചേരിയില്‍ ആശങ്ക പരത്തി. പാണ്ടിക്കാട് റോഡില്‍ പുതിയ ബസ്സ്റ്റാന്റിനു മുന്നില്‍ ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. വൈദ്യുതി ബന്ധത്തിലെ തകരാറാണ് അഗ്നിബാധയ്ക്കു കാരണമായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീയണച്ചു.
നാട്ടുകാരുടേയും സേനാംഗങ്ങളുടേയും അവസരോചിതമായ ഇടപെലിനെ തുടര്‍ന്ന് മറ്റു സ്ഥാപനങ്ങളിലേക്കു തീപടരുന്നത് തടയാനായി. നഗരത്തില്‍ തിരക്കേറിയ പാണ്ടിക്കാട് റോഡിലെ അഗ്നിബാധ യാത്രക്കാരടക്കമുള്ളവരെ മുള്‍മുനയില്‍ നിര്‍ത്തി. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വീട്ടിലേയ്ക്കു മടങ്ങുന്ന തിരക്കേറിയ സമയത്തായിരുന്നു അപകടം. കെഎസ്ഇബിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
നഗരത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മഞ്ചേരി അഗ്‌നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഇ കെ അബ്ദുല്‍ സലീം, ഫയര്‍മാന്‍മാരായ ഇ എം അബ്ദുറഫീഖ്, കെ മുഹമ്മദ് കുട്ടി, വി സി രഘുരാജ്, കെ മുഹമ്മദ് ഷമീം, ഫയര്‍മാന്‍ ഡ്രൈവര്‍ ഒ സൂരജ്, ഹോം ഗാര്‍ഡ് ടോമി തോമസ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top