മഞ്ചേരി ചാലിക്ക തോട്ടില്‍ മാലിന്യം നിറയുന്നു

മഞ്ചേരി: കുടിവെള്ള ക്ഷാമം അതിരൂക്ഷമായ മഞ്ചേരിയില്‍ ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടത്ര നടപടികളില്ല. നൂറുകണക്കിനു കുടുംബങ്ങള്‍ ശുദ്ധജലത്തിനാശ്രയിക്കുന്ന കിണറുകളും കുളങ്ങളും വ്യപകമായി മലിനമാവുന്നതിന് ഇപ്പോള്‍ കാരണമാവുന്നത് നഗരത്തിലെ പ്രധാന പ്രകൃതിദത്ത ജലാശയമായ ചാലിക്ക തോടാണ്. വര്‍ഷങ്ങളായുള്ള അശ്രദ്ധയാല്‍ മാലിന്യവാഹിനിയായ തോടിനു സമീപമുള്ള ജലാശയങ്ങളെല്ലാം അനുദിനം മലിനമായിക്കൊണ്ടിരിക്കുന്നു.
വേനല്‍ കനക്കുകയും ജലക്ഷാമം അതി രൂക്ഷമാവുകയും ചെയ്യുമ്പോഴാണ് ഈ ദുരവസ്ഥ. മാലാംകുളത്തു നിന്നാരംഭിച്ച് നഗരത്തിന്റെ ഓരംപറ്റിയൊഴുകുന്ന തോട് പോയകാലങ്ങളില്‍ വേനലില്‍ പോലും ജലസമ്പന്നമായിരുന്നു. കുളിക്കാനും കാര്‍ഷികാവശ്യങ്ങള്‍ക്കും വിവിധ ഭാഗങ്ങളിലുള്ളവര്‍ ആശ്രയിച്ചിരുന്ന ജലാശയം ഇന്നും ജലസമ്പന്നമാണ്. എന്നാല്‍, വന്‍തോതിലുള്ള മലിനീകരണം കാരണം ഒരു തുള്ളി വെള്ളം പോലും ഉപയോഗിക്കാനാവുന്നില്ല. നഗരത്തിലെ മുഴുവന്‍ മാലിന്യവും പേറേണ്ട ഗതികേടിലാണ് ജലാശയം ഇപ്പോഴുള്ളത്. രാസ മാലിന്യവും മല്‍സ്യ മാംസാവശിഷ്ടങ്ങളും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യവും യാതൊരു നിയന്ത്രണവുമില്ലാതെ ചാലിക്ക തോട്ടിലേക്ക് ഒഴുക്കുകയാണ്. വീടുകളില്‍ നിന്നുള്ള മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതും കുറവല്ല. ജസീല ജങ്ഷന്‍ മുതല്‍ കാളികാവ് ക്ഷേത്രം വരെയുള്ള ഭാഗങ്ങളില്‍ മാലിന്യം അഴുകി ദുര്‍ഗന്ധവുമുണ്ട്. ഇത് ആരോഗ്യ ഭീഷണിയും ഉയര്‍ത്തുന്നു.
മലിനീകരണത്തിനൊപ്പം ജലാശയ കൈയേറ്റവും വ്യാപകമാണ്. സ്വകാര്യ കെട്ടിട നിര്‍മാണങ്ങളുടെ മറവിലാണ് കൈയേറ്റം.
ജലാശയത്തെ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍നിന്നുയര്‍ന്ന പരാതികള്‍ നഗരസഭയും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും പരിഗണിക്കുകപോലും ചെയ്തിട്ടില്ല. ജലാശയം വീണ്ടെടുക്കുന്നതില്‍ അലംഭാവം തുടര്‍ന്നാല്‍ നഗരത്തിലെ ജല മലിനീകരണത്തിന്റെ തോതുയരുമെന്നു ചൂണ്ടിക്കാട്ടി ലോഹ്യ വിചാരവേദി ജില്ലാ കമ്മിറ്റി ഏറനാട് താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയിരുന്നു.

RELATED STORIES

Share it
Top