മഞ്ചേരിയില്‍ തുടരുന്നത് കാലഹരണപ്പെട്ട നഗര കുടിവെള്ള പദ്ധതി

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: ശുദ്ധജല ക്ഷാമം രൂക്ഷമായ മഞ്ചേരിയിലെ നഗര പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ഈ വേനലില്‍ ജല അതോറിട്ടിയ്ക്കാവില്ല. നഗരവാസികളില്‍ ബഹുഭൂരിപക്ഷവും ആശ്രയിക്കുന്ന നഗര ശുദ്ധതജല വിതരണ പദ്ധതി പരിഷ്‌ക്കരിക്കാതെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് ജലവിഭവ വകുപ്പധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് വിഭാവനം ചെയ്തതാണ് നഗരസഭയില്‍ ജലവിതരണത്തിനുള്ള പദ്ധതി.
ഉപഭോക്താക്കള്‍ അനുദിനം വര്‍ധിക്കുകയും പദ്ധതിക്കായി ഉപയോഗിച്ച പൈപ്പുകളടക്കമുള്ള സാമഗ്രികള്‍ കാലഹരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലെ പദ്ധതി തുടര്‍ന്നാലും ആവശ്യക്കാര്‍ക്ക് ശുദ്ധജലം അന്യമാവുമെന്നതു തന്നെയാണ് വസ്തുത. മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും വേനലാരംഭത്തില്‍ തന്നെ ജലക്ഷാമം രൂക്ഷമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജലം കിട്ടാക്കനിയായിട്ട് നാളുകളേറെയായി. ഇവിടങ്ങളില്‍ ജലവിതരണത്തിന് ബദല്‍ സംവിധാനങ്ങളും നടപ്പിലാക്കിയിട്ടില്ല. അരീക്കോടുള്ള പമ്പ് ഹൗസില്‍ നിന്നും ചാലിയാര്‍ പുഴയിലെ ശുദ്ധീകരിച്ച വെള്ളമാണ് നഗര കുടിവെള്ള പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്നത്.
പമ്പ് ഹൗസില്‍ അനുഭവപ്പെടുന്ന വോള്‍ട്ടേജ് ക്ഷാമം ജലവിതരണം ഗണ്യമായി കുറച്ചിട്ടുണ്ട്. പ്രതിദിനം 200 ലക്ഷം ലിറ്ററിലധികം വെള്ളമാണ് മഞ്ചേരി നഗരസഭ പരിധിയില്‍ വിതരണത്തിനു വേണ്ടത്. സാധാരണ വിതരണം ചെയ്യുന്നതാവട്ടെ 90 ലക്ഷം ലിറ്ററും. ഇപ്പോള്‍ 50 മുതല്‍ 70 വരെ ലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണത്തിനു ലഭിക്കുന്നത്.
ഇതുതന്നെ ഓരോ പ്രദേശങ്ങളിലേക്കും മൂന്നു ദിവസത്തിലൊരിക്കല്‍ എന്ന വിധത്തിലാണ് വിതരണം.വോള്‍ട്ടേജ് ക്ഷാമം പരിഹരിച്ചാലും പഴകിയ പൈപ്പ് ലൈനുകള്‍ വഴി അനിവാര്യമായ ശക്തിയില്‍ വെള്ളം പമ്പു ചെയ്യാന്‍ സാധിക്കില്ല. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ എടുക്കുന്ന മര്‍ദ്ദം താങ്ങാനാവാതെ പൈപ്പു ലൈനുകള്‍ പൊട്ടുകയാണ്. ഇത് ശുദ്ധജലം പാഴാവുന്നതിനും കാരണമാവുന്നു. പമ്പിഗ്-വിതരണ ലൈനുകളിലോ ടാങ്കിനടുത്തോ എന്തെങ്കിലും ചെറിയൊരു തകരാറു സംഭവിച്ചാല്‍ പോലും ആഴ്ചകളോളം കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. അറ്റകുറ്റ പണികള്‍ തീര്‍ക്കുന്നതിനാവശ്യമായ സാമഗ്രികളില്‍ പലതും വകുപ്പു തലത്തിലോ, വിപണിയിലോ ലഭ്യമല്ല. 1984ല്‍ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ 1994ലാണ് മഞ്ചേരി നഗര കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യുന്നത്. എസി പൈപ്പുകള്‍ (ആസ്ബറ്റോസ് സിമെന്റ്) ആണ് പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്നത്.
ഉപഭോക്താക്കളും ആവശ്യകതയും വര്‍ധിക്കുന്നതിനനുസരിച്ച് എസി പൈപ്പുകള്‍ മാറ്റി ഡിഐ പൈപ്പ് (ഡെക്ടയില്‍ അയേണ്‍) സ്ഥാപിച്ചാല്‍ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാകുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ചെരണിയില്‍ മാത്രമാണ് നിലവില്‍ ജലസംഭരണി ഉള്ളത്. കാഞ്ഞിരാട്ടു കുന്ന്, കോളേജ് കുന്ന്, യൂണിറ്റി കോളേജ്, എന്നിവിടങ്ങളില്‍ കൂടി പുതിയ ജല സംഭരണികള്‍ സ്ഥാപിച്ചാല്‍ ജല പ്രതിസന്ധിക്ക് വലിയ അളവ് പരിഹാരമുണ്ടാക്കാനാവും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിതരണ ക്ഷമത വര്‍ധിപ്പിക്കാന്‍ ജലവിഭവ വകുപ്പധികൃതര്‍ സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരെ സാമ്പത്തികാനുമതി ലഭിച്ചിട്ടില്ല. അനിവാര്യമായ പരിഷ്‌ക്കരണത്തിനു നടപടികള്‍ വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ശക്തമെങ്കിലും ഇക്കാര്യത്തില്‍ ഭരണ തലത്തിലുള്ള ഇടപെടലുകള്‍ വൈകുകയാണ്.
74 കോടി ചെലവഴിച്ച് നടപ്പാക്കുന്ന പയ്യനാട് പദ്ധതി  പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് വലിയൊരളവുവരെ പരിഹാരമാകുമെങ്കിലും ഇതര പ്രദേശങ്ങളിലെ ക്ഷാമം രൂക്ഷമായി തന്നെ നിലനില്‍ക്കുന്ന സാഹച്യമാണുള്ളത്.

RELATED STORIES

Share it
Top