മഞ്ചേരിയില്‍ ജല വിതരണം മുടങ്ങി

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: വേനല്‍മഴ ശക്തിപ്പെടുമ്പോഴും ദാഹജലത്തിനു വഴിയില്ലാതെ മഞ്ചേരിയിലും പരിസരങ്ങളിലും ആയിരക്കണക്കിനു കുടുംബങ്ങള്‍ വലയുന്നു. നഗരവാസികള്‍ പ്രധാനമായും ആശ്രയിക്കുന്ന നഗരകുടിവെള്ള വിതരണ പദ്ധതി വഴിയുള്ള ശുദ്ധജല വിതരണം ഒരാഴ്ചയായി മുടങ്ങിയിരിക്കുകയാണ്. ചാലിയാര്‍ പുറയില്‍ നിന്നും ശേഖരിക്കുന്ന വെള്ളം മഞ്ചേരിയിലേക്ക് എത്തിക്കുന്ന അരീക്കോട് കിളിക്കല്ലുങ്ങലിലെ പമ്പ് ഹൗസില്‍ വൈദ്യുതി മുടങ്ങിയതാണ് ജലവിതരണം നിലക്കാന്‍ കാരണമായത്. തിങ്കളാഴ്ചവരെ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീര്‍ അറിയിച്ചിട്ടുണ്ട്.
പമ്പിങ് സ്റ്റേഷനിലെ പ്രധാന ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതാണ് വൈദ്യുതി വിതരണത്തെ ബാധിച്ചത്. ഒരാഴ്ചയായി തുടരുന്ന പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തനരഹിതമായത്. കേടുപാടുകള്‍ തീര്‍ക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ കോഴിക്കോട് കൂളിമാടുള്ള പഴയ ട്രാന്‍സ്‌ഫോര്‍മര്‍ എത്തിച്ച് താല്‍ക്കാലിക പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതായി ബന്ധപ്പെട്ട വകുപ്പധികൃതര്‍ അറിയിച്ചു.
വേനല്‍മഴ ശക്തിപ്പെട്ടതോടെ മഞ്ചേരിയിലും പരിസരങ്ങളിലും കുടിവെള്ള വിതരണം ഭാഗികമാണ്. നഗര കുടിവെള്ള പദ്ധതിയുടെ ചെരണിയിലുള്ള പ്രധാന ജലസംഭരണിയിലേക്ക് വൈദ്യുതി എത്തിക്കുന്നതില്‍ വരുന്ന തടസ്സങ്ങളാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്. കാവനൂര്‍ ഫീഡറില്‍ നിന്നാണ് ചെരണി പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി വിതരണം. ശുദ്ധജല വിതരണം നിലച്ചതോടെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നഗരവാസികളും നഗര കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന മറ്റു കുടുംബങ്ങളും. വേനല്‍മഴ ശക്തിയാര്‍ജിച്ചതോടെ വാഹനങ്ങളിലുള്ള ദാഹജല വിതരണം നാമമാത്രമാണ്. ഇതോടെ പണം നല്‍കിയാലും വെള്ളം കിട്ടാത്ത ദുരവസ്ഥയിലാണ് ജനങ്ങള്‍.
പ്രതിദിനം 200 ലക്ഷം ലിറ്ററിലധികം വെള്ളമാണ് മഞ്ചേരി നഗരസഭ പരിധിയില്‍ വിതരണത്തിനു വേണ്ടത്. സാധാരണ വിതരണം ചെയ്യുന്നതാവട്ടെ 90 ലക്ഷം ലിറ്ററും. ഇതും മുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. 1984ല്‍ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ 1994ലാണ് മഞ്ചേരി നഗര കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യുന്നത്. 30 വര്‍ഷം മാത്രം ഉപയോഗപ്രദമായ പദ്ധതി ഇതുവരെ പുനരുദ്ധരിക്കാന്‍ നടപടിയായിട്ടില്ല.
പദ്ധതിയുടെ വിതരണ ക്ഷമത വര്‍ധിപ്പിക്കാന്‍ ജലവിഭവ വകുപ്പധികൃതര്‍ പദ്ധതി സര്‍ക്കാറിന് സമര്‍പിച്ചിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതിക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സാമ്പത്തികാനുമതി ലഭിച്ചിട്ടില്ല.
30 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാന്‍സ്‌ഫോര്‍മറാണ് നിലവില്‍ തകരാറിലായിട്ടുള്ളത്. ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുകയും വെല്ലുവിളിയാണ്. വൈദ്യുതി പ്രശ്‌നം പരിഹരിച്ചാലും പഴകിയ പൈപ്പ് ലൈനുകള്‍ വഴി അനിവാര്യമായ ശക്തിയില്‍ വെള്ളം പമ്പു ചെയ്യാന്‍ സാധിക്കില്ലെന്നതും വസ്തുതയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ എടുക്കുന്ന മര്‍ദ്ദം താങ്ങാനാവാതെ പൈപ്പു ലൈനുകള്‍ പൊട്ടുന്നതും ശുദ്ധജലം പാഴാവുന്നതും നിത്യ സംഭവമാണ്.
പമ്പിഗ്-വിതരണ ലൈനുകളിലോ ടാങ്കിനടുത്തോ എന്തെങ്കിലും ചെറിയൊരു തകരാറു സംഭവിച്ചാല്‍ പോലും ആഴ്ചകളോളം കുടിവെള്ളം മുടങ്ങുന്നത് മഞ്ചേരിയില്‍ പതിവാണ്. അറ്റകുറ്റ പണികള്‍ തീര്‍ക്കുന്നതിനാവശ്യമായ സാമഗ്രികളില്‍ പലതും വകുപ്പു തലത്തിലോ, വിപണിയിലോ ലഭ്യവുമല്ല.

RELATED STORIES

Share it
Top