മഞ്ചേരിയില്‍ ഗതാഗത പരിഷ്‌കരണം വഴിമുട്ടുന്നു

മഞ്ചേരി: ഗതാഗതക്കുരുക്ക് രൂക്ഷമായ മഞ്ചേരിയില്‍ നാറ്റ്പാകിന്റെ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയും വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പില്‍ വഴിമുട്ടുന്നു. നിര്‍ദിഷ്ട പദ്ധതി സംബന്ധിച്ചു പരാതി നല്‍കാനുള്ള അവസാന തിയ്യതി 10ന് അവസാനിച്ച ശേഷം 4,000ല്‍ പരം നിര്‍ദേശങ്ങളാണ് പരാതി രൂപത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.
ഗതാഗത രീതിയിലെ മാറ്റം ജനപക്ഷത്തുനിന്നാവണമെന്ന് നിര്‍ദേശകര്‍ പറയുന്നുണ്ടെങ്കിലും സ്ഥാപിത താല്‍പര്യങ്ങളില്‍ തട്ടി നഗരത്തിലെ മൂന്നു ബസ് സ്റ്റേഷനുകളും ഉപയോഗപ്രദമാക്കാനാവാത്ത ഗതികേടിലാണ് ഗതാഗത പരിഷ്‌കരണ സമിതി. നാറ്റ്പാക്ക് റിപോര്‍ട്ട് നടപ്പാക്കുകയാണെങ്കില്‍ മലപ്പുറം, പെരിന്തല്‍മണ്ണ, പന്തല്ലൂര്‍, പള്ളിപ്പുറം ഭാഗങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കച്ചേരിപ്പടി ബസ് സ്റ്റാന്റില്‍ ഇറങ്ങേണ്ടിവരും. തുടര്‍ന്നു നഗരത്തിലെത്താന്‍ മറ്റു യാത്രാ സംവിധാനങ്ങള്‍ കണ്ടെത്തണം.
കോഴിക്കോടു നിന്നെത്തി പാണ്ടിക്കാട് ഭാഗത്തേക്കും പാണ്ടിക്കാട് ഭാഗത്തുനിന്നു കോഴിക്കോട്ടേക്കും സര്‍വീസ് നടത്തുന്ന ബസ്സുകളിലെ യാത്രക്കാരും ഇതേ ഗതികേട് അനുഭവിക്കണം. കോഴിക്കോടുനിന്നു വരുന്ന ബസ്സുകള്‍ തുറക്കല്‍ ബൈപാസ് വഴിയും പാണ്ടിക്കാട് ഭാഗത്തുനിന്നു കോഴിക്കോട്ടേയ്ക്കുള്ള ബസ്സുകള്‍ ചെങ്ങണ ബൈപാസ് റോഡു വഴിയും കച്ചേരിപ്പടി സ്റ്റാന്റിലെത്തി സര്‍വീസ് തുടരുന്ന രീതിയാണ് പുതിയ ശുപാര്‍ശയിലുള്ളതെന്നാണ്് പ്രധാന ആരോപണം. ഇതിനെതിരേ സ്വകാര്യ ബസ്സുടമകളും മഞ്ചേരി ടൗണ്‍ സംരക്ഷണ സമിതിയും നേരത്തെ രംഗത്തുവന്നിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ നിര്‍ദേശം സമര്‍പ്പിക്കാന്‍ സമിതി അധ്യക്ഷനായ ജില്ലാ കലക്ടര്‍ പൊതുജനങ്ങള്‍ക്കും അവസരം നല്‍കുകയായിരുന്നു.
നഗരസഭ, സമീപ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വ്യാപാരി സംഘടനകള്‍, ടൗണ്‍ വികസന സമിതി, സ്‌കൂള്‍ പിടിഎ, വിദ്യാര്‍ഥികള്‍, യാത്രക്കാര്‍ തുടങ്ങി വിവിധ വിഭാഗത്തില്‍പെട്ടവരാണ് ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. പുതിയ നിര്‍ദേശങ്ങള്‍ പരിശോധിച്ചു നിജപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. സമര്‍പിച്ച പരാതികളില്‍ അധികാരകേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന തുടര്‍ നടപടികളെന്തെന്നു കാത്തിരിക്കുകയാണ് പരാതിക്കാര്‍. കച്ചേരിപ്പടിയിലെ ഇന്ദിരാഗാന്ധി ബസ് സ്റ്റാന്റുകൂടി സജീവമാക്കാനുള്ള നിര്‍ദേശങ്ങളാണ് നാറ്റ്പാക് റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നേരത്തെ നഗരത്തില്‍ പ്രാവര്‍ത്തികമാക്കിയ ഗതാഗത രീതിയാണെന്നും ഇത് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നതാണെന്നുമാണ് പരാതിക്കാരുടെ ആക്ഷേപം. എന്നാല്‍, കച്ചേരിപ്പടി ബസ് സ്റ്റേഷനില്‍ വ്യാപാര സ്ഥാപനം നടത്തുന്നവര്‍ തങ്ങള്‍ക്കു അധികൃതര്‍ നല്‍കിയ വാഗ്ദാനം പ്രാവര്‍ത്തികമായിട്ടില്ലെന്നും ആരോപിക്കുന്നു. കോടതി ഇടപെടലിലേക്കുവരെ നീണ്ട ഗതാഗത പരിഷ്‌കാരം മഞ്ചേരിയില്‍ ജനപിന്തുണയോടെ നടപ്പാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.

RELATED STORIES

Share it
Top