മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരം: ആര്‍ടിഎ തീരുമാനം 10ന്‌

മഞ്ചേരി: ഗതാഗത പരിഷാകാരം നടപ്പാക്കുന്നതിന് മഞ്ചേരിയില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ആര്‍ടിഎ യോഗം ഈ മാസം പത്തിന് തീരുമാനമെടുക്കും. ഇതിനു മുന്നോടിയായി വിവിധ സംഘടനകളുടെ അഭിപ്രായങ്ങള്‍ തേടി. ജില്ലാ കലക്ടര്‍ അമിത് മീണ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, മഞ്ചേരി ടൗണ്‍ സംരക്ഷണ സമിതി, കച്ചേരിപടി വകിസന സമിതി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെ കലക്ടറേറ്റിലേക്ക് ക്ഷണിച്ചുവരുത്തിയായിരുന്നു അഭിപ്രായം തേടിയത്. ഗതാഗത പരിഷ്‌കാരം നടപ്പാക്കുക്കുമ്പോള്‍ ഇത്തരം സംഘടന പ്രതിനിധികളുടെ കൂടി അഭിപ്രായം തേടണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. നിലവിലെ ഗതാഗത പരിഷ്‌കാരത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് വ്യാപാരി സംഘടനകളും ബസ് ഉടമകളും ടൗണ്‍ സംരക്ഷണ സമിയും അതൃപ്തി അറിയിച്ചിരുന്നു. ഗതാഗത രീതി അട്ടിമറിക്കരുതെന്നാണ് ഇന്നലെ വാദം കേട്ട സംഘടനകളില്‍ ഭൂരിഭാഗവും ഉന്നയിച്ചത്. എന്നാല്‍, കച്ചേരിപ്പടിയിലെ ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ കച്ചവടം നടത്തുന്ന വ്യാപാരികള്‍ പരിഷ്‌ക്കാരം അനിവാര്യമാണെന്ന നിലപാടിലാണ്. ഇന്ന് ബസ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവരുടേതടക്കമുള്ള വാദം കേള്‍ക്കല്‍ തുടരും. നിലവില്‍ നഗരത്തിലെ മൂന്ന് ബസ് സ്റ്റാന്റുകളും ഉപയോഗപ്രദമാക്കും വിധത്തിലുള്ള നിര്‍ദേശമാണ് ട്രാഫ്ക് റെഗുലേറ്ററി കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതില്‍ നിലമ്പൂര്‍, അരീക്കോട് ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസ് കച്ചേരിപ്പടി സ്റ്റാന്റില്‍ നിന്നാരംഭിച്ചാല്‍ സര്‍വീസ് നിര്‍ത്തിവച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന നിലപാടിലാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതി. വിവിധ സംഘടനകളില്‍ നിന്നുള്ള അഭിപ്രായം കേട്ട ശേഷം ഈമാസം 10ന് മലപ്പുറത്ത് നടക്കുന്ന ആര്‍ടിഎ യോഗത്തിലാവും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.

RELATED STORIES

Share it
Top