മജീദ് ദര്‍; ഇരട്ട എജന്റുമാരുടെ ലോകം

കശ്മീര്‍: നിഗൂഢതയുടെ വലക്കണ്ണികള്‍- 5


കെ എ സലിം

ഇന്റലിജന്‍സ് എന്നാല്‍ വിശുദ്ധരുടെ ജോലിയല്ല, പാപികളുടെയാണ്. അവര്‍ക്കാണ് അതില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിയുക. ഡബിള്‍ ഏജന്റുമാരായിരുന്നു കശ്മീരിലെ ഏറ്റവും മികച്ച ഏജന്റുമാര്‍- എ എസ് ദുലാത്ത് ഒരിക്കല്‍ പറഞ്ഞു. മറ്റെവിടെയുമെന്ന പോലെ പണമായിരുന്നു കശ്മീരില്‍ ജയിക്കാന്‍ ഏറ്റവും മികച്ച ആയുധം. പാകിസ്താനു വേണ്ടി ചാരപ്പണി നടത്തുന്നവരെ കൂടുതല്‍ പണം നല്‍കി ഇന്ത്യക്ക് വേണ്ടി പണിയെടുപ്പിക്കുകയോ, നിഷ്‌ക്രിയരാക്കുകയോ ചെയ്യാന്‍ ധാരാളം പണം ചെലവഴിച്ചിരുന്നതായി ദുലാത്ത് സമ്മതിക്കുന്നുണ്ട്.

[caption id="attachment_420920" align="alignnone" width="560"] അബ്ദുല്‍ മജീദ് ദര്‍[/caption]

അതിര്‍ത്തിക്ക് അപ്പുറത്തെ കശ്മീരിലേക്ക് റോ എറിഞ്ഞ പണത്തിലായിരുന്നോ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ അബ്ദുല്‍ മജീദ് ദര്‍ കൊളുത്തിയത്?. അതോ ഇന്ത്യന്‍ ഇന്റലിജന്‍സ് പ്രചരിപ്പിക്കും പോലെ ഭാര്യയുടെ താല്‍പര്യമോ? എന്തായാലും പാകിസ്താനെ ഞെട്ടിച്ച കൂറുമാറ്റമായിരുന്നു ദറിന്റേത്. കശ്മീരിന് പുറത്ത് സയ്യിദ് സലാഹുദ്ദീനെന്ന മുഹമ്മദ് യൂസുഫ് ഷായായിരുന്നു ഹിസ്ബുല്‍ മുജാഹിദീന്റെ എല്ലാം. എന്നാല്‍ അതായിരുന്നില്ല യാഥാര്‍ഥ്യം. മജീദ് ദറായിരുന്നു എല്ലാത്തിന്റെയും ആസൂത്രകന്‍.

എന്നാല്‍ ദര്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നു പറയുന്നത് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍. അയാള്‍ക്ക് എങ്ങനെ തോക്ക് ഉപയോഗിക്കേണ്ടതെന്നു പോലും അറിയുമായിരുന്നില്ലെന്നു തങ്ങളില്‍ പലരും കരുതിയിരുന്നുവെന്ന് ദുലാത്ത് പറയുന്നുണ്ട്. 1987ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഗുലാം മുഹ്‌യുദ്ദീന്‍ ഷായോടു മല്‍സരിച്ച് ബാലറ്റുകളില്‍ കൃത്രിമം കാണിച്ചതു കൊണ്ടു മാത്രം തോറ്റ യൂസുഫ് ഷാ പിന്നീട് ജയിലിലടയ്ക്കപ്പെട്ടു. 1990 ഏപ്രിലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ രൂപീകരിച്ചപ്പോള്‍ യൂസുഫ് ഷാ അതില്‍ ചേരുകയും സലാഹുദ്ദീനെന്ന പേരു സ്വീകരിക്കുകയും ചെയ്തു.

ഹിസ്ബുലിന്റെ ആദ്യ കമാന്‍ഡര്‍ അഹ്്‌സാന്‍ ദര്‍ കൊല്ലപ്പെട്ടതോടെയാണു 1991 നവംബറില്‍ സലാഹുദ്ദീന്‍ ഹിസ്ബ് കമാന്‍ഡറാവുന്നത്. അതിനു പിന്നാലെയാണ് ഓപറേഷന്‍ തലവനെന്ന പദവിയിലേക്കു മജീദ് ദര്‍ എത്തുന്നത്. സോപൂരില്‍ ജനിച്ച ദര്‍ ഹിസ്ബുല്‍ മുജാഹിദീന്റെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആയിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുമായായിരുന്നു ദറിന് ബന്ധം.

1980കള്‍ വരെ സോപൂരില്‍ ഡ്രൈക്ലീനിങ് കട നടത്തുകയായിരുന്നു ദര്‍. 1980ല്‍ ഷബീര്‍ ഷായുടെ പീപ്പിള്‍സ് ലീഗില്‍ ചേര്‍ന്ന ദര്‍ തുടര്‍ച്ചയായി പാകിസ്താന്‍ സന്ദര്‍ശിച്ചു. പിന്നീട് ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് തഹ്‌രീകെ ജിഹാദി ഇസ്്‌ലാമിയുണ്ടാക്കി. 1990കളില്‍ കുപ്‌വാര, സോപൂര്‍ മേഖല പൂര്‍ണമായും ദറിന്റെ കൈയിലായിരുന്നു. വൈകാതെ സംഘടന പല തവണ പിളര്‍ന്ന് ചെറു ഗ്രൂപ്പുകളായി മാറി. അവശേഷിക്കുന്ന വിഭാഗവുമായി ദര്‍ ഹിസ്ബുല്‍ മുജാഹിദീനില്‍ ലയിക്കുകയും ഉപ കമാന്‍ഡറാവുകയും ചെയ്തു.ഭാര്യയെ സോപൂരില്‍ ഉപേക്ഷിച്ചാണ് ദര്‍ പാക് അധീന കശ്മീരിലേക്ക് പോവുന്നത്. സോപൂരില്‍ നിന്ന് പോവുമ്പോള്‍ തന്നെ മജീദ് ദറിന് ഷമീമയെന്ന വിവാഹമോചിതയുമായി പ്രണയമുണ്ടായിരുന്നു. ഇക്കാര്യം ആര്‍ക്കും അറിയുമായിരുന്നില്ല. അതു വളര്‍ന്നു. പഠനത്തിനായി പാകിസ്താനിലെത്തിയ ഷമീമ, ദറിനെ പലപ്പോഴായി കണ്ടു; വിവാഹം കഴിച്ചു. ഇരുവരും അവിടെ താമസമാക്കുകയും ചെയ്തു.

ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള ദറിന്റെ താല്‍പര്യത്തെക്കുറിച്ച് തങ്ങള്‍ അറിയുന്നത്‌ കീഴടങ്ങിയ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനില്‍ നിന്നാണെന്നു ദുലാത്ത് പറയുന്നുണ്ട്. സോപൂരില്‍ തിരിച്ചെത്തി സാധാരണജീവിതം നയിക്കുകയെന്നതു ഷമീമയുടെ താല്‍പര്യമായിരുന്നെന്നും അതിനായി ദറിനെ അവര്‍ നിര്‍ബന്ധിച്ചിരുന്നെന്നും ദുലാത്ത് പറയുന്നു. എന്നാല്‍ റോ ഷമീമയെ ഉപയോഗിച്ച് ദറിനെ സ്വാധീനിക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

ഹിസ്ബിനു വേണ്ടി ഡല്‍ഹിയിലും കശ്മീരിലും പണിയെടുക്കാന്‍ പോവുന്നുവെന്ന് ഐഎസ്‌ഐയെ വിശ്വസിപ്പിച്ചായിരുന്നു ദറിന്റെ ശ്രീനഗറിലേക്കുള്ള മടക്കം. ഡല്‍ഹിയിലെത്തി അധികൃതരുമായി ഹിസ്ബുല്ലയുമായി ചര്‍ച്ച നടത്താന്‍ പ്രേരിപ്പിക്കുമെന്നും ദര്‍ പാകിസ്താനെ വിശ്വസിപ്പിച്ചു. റോയുടെ സഹായത്തോടെ കശ്മീരിലെത്തിയ ദര്‍ ഏറെക്കാലം എവിടെയാണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ദര്‍ ദുബയ് വഴി ഇന്ത്യയിലെത്തിയെന്ന് അഭ്യൂഹം പരന്നു.

2000 ജൂലൈ 24നു ശ്രീനഗറില്‍ ദര്‍ പ്രത്യക്ഷപ്പെട്ടത് ഇന്ത്യന്‍ ഇന്റലിജന്‍സ് തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണെന്നാണു പല കശ്മീരികളും കരുതുന്നത്. അവിടെ വച്ച് അയാള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. സായുധ സംഘടനകളുമായി ചര്‍ച്ച നടത്താനും അവരെ ആയുധം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാനും താന്‍ മധ്യസ്ഥത വഹിക്കുമെന്നും പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നിന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പാണ്ടെയടക്കമുള്ളവര്‍ ദറിനെ കാണാനെത്തി.

[caption id="attachment_420921" align="alignnone" width="560"] സെയ്ദ് സലാഹുദ്ദീന്‍[/caption]

ദര്‍ കൂറുമാറിയെന്ന് ഐഎസ്‌ഐ ആദ്യഘട്ടത്തിലൊന്നും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ വൈകാതെ എല്ലാം ബോധ്യമായി. ആഗസ്ത് എട്ടിന് സലാഹുദ്ദീന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പിന്‍വലിച്ചു. ഹിസ്ബുല്‍ മുജാഹിദീനിലുമുണ്ടായി തര്‍ക്കം. സലാഹുദ്ദീന്റെ നേതൃത്വം അംഗീകരിക്കില്ലെന്നു പാകിസ്താനിലുള്ള ദര്‍ അനുകൂലികളില്‍ ചിലര്‍ പ്രഖ്യാപിച്ചു. ഇപ്പുറത്ത് ദര്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരുന്നു. അലിഷാ ഗിലാനി, മീര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക് തുടങ്ങിയവരെ പല തവണ കണ്ടു.

2001 ഡിസംബറില്‍ ദറിനെ ഹിസ്ബില്‍ നിന്നു സലാഹുദ്ദീന്‍ പുറത്താക്കി. ഒരിക്കലും സോപൂരിലേക്ക് പോവരുതെന്നു റോ ദറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. എന്നാല്‍ ദര്‍ അതു പാലിച്ചില്ല. 2003 മാര്‍ച്ച് 23ന് മാതാവിനെ കാണാന്‍ സോപൂരിലേക്കു പോയ ദര്‍ അവിടെ വച്ച് വെടിയേറ്റു മരിച്ചു. സോപൂരിലെ ഒരു വീട്ടില്‍ രഹസ്യമായി കഴിഞ്ഞിരുന്ന ദറിന് മാതാവ് എന്നും വൂളാര്‍മല്‍സ്യം പാകം ചെയ്തു കൊടുത്തയക്കുമായിരുന്നു. അതു തന്നെയാണു കൊലയാളികള്‍ക്കു ദറിന്റെ വീട്ടിലേക്കു വഴികാട്ടിയതും.

2006 നവംബറില്‍ ശ്രീനഗര്‍ ചാന്‍പൂരയിലെ വീട്ടില്‍ വച്ച് ഷമീമയ്ക്കും വെടിയേറ്റു. വെടിവച്ചവരിലൊരാള്‍ മജീദ് ദറിന് കീഴില്‍ പ്രവര്‍ത്തിച്ച കമാന്‍ഡറായിരുന്നു. ഷമീമ മരിച്ചില്ലെങ്കിലും ശരീരം നിശ്ചലാവസ്ഥയിലായി. പാകിസ്താന്റെ പാഴ്‌വാഗ്ദാനങ്ങളില്‍ വീണു പോയവരിലൊരാളാണു ദറെന്നു നുഅ്മാന്‍ പറയുന്നു. ദറിനെ തുടക്കം മുതല്‍ തന്നെ പലരും വിശ്വസിച്ചിരുന്നില്ലെന്നു കരുതുന്നവരുണ്ട്. ആര് ആര്‍ക്കു വേണ്ടി പണിയെടുക്കുന്നുവെന്ന് വിശ്വസിക്കാനാവാത്ത സാഹചര്യം കശ്മീരില്‍ അക്കാലത്തുണ്ടായിരുന്നു. സംഘര്‍ഷഭരിതമായ ഏതു പ്രദേശത്തും അതാണു നിയമം.

(അവസാനിച്ചു)

മൂന്നാം ഭാഗം ഇവിടെ വായിക്കാം: നിര്‍ണായകമായ ദുബയ് കൂടിക്കാഴ്ച

RELATED STORIES

Share it
Top