മജീദിന്റെ ഖസാക്ക്

കെ എന്‍ നവാസ് അലി
1968 ജനുവരി മുതല്‍ 28 ലക്കങ്ങളായാണ്  ഖസാക്കിന്റെ ഇതിഹാസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ഖസാക്കിനോടൊപ്പം  തസ്രാക്കും മലയാളി ഭാവുകത്വത്തിന്റെ ഭാഗമായി. അപ്പുക്കിളിയും മൈമൂനയും നൈജാമലിയും തസ്രാക്കിന്റെ ചരിത്രവേരുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സങ്കല്‍പിക്കാനാണ് നമുക്കിഷ്ടം. ആ കഥാപാത്രങ്ങളെ ആദ്യം തേടിയത് തസ്രാക്കുകാരനായ മജീദാണ്. അല്ലാപിച്ച മൊല്ലാക്കയുടെയും മൈമൂനയുടെയും ബന്ധുവായ മജീദ്
[caption id="attachment_372300" align="alignleft" width="250"] ഖസാക്കിന്റെ ഇതിഹാസത്തില്‍ മൈമൂനയായി മാറിയ ഫാത്തിമ[/caption]

രു നോവലിന്റെ പേരില്‍ ഒരു ഗ്രാമം എന്നെന്നും ഓര്‍മിക്കപ്പെടുക, അവിടേക്ക് കഥാപാത്രങ്ങളെ തേടി സന്ദര്‍ശകരെത്തുക, കഥാകാരന്‍ നടന്ന വഴിയിലൂടെ, കണ്ട കാഴ്ചകളിലൂടെ, കഥയുടെ പിന്നാമ്പുറങ്ങള്‍ തേടി ആസ്വാദകലോകം പ്രവഹിക്കുക ഇതെല്ലാം മലയാളത്തില്‍ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ. കോവിലന്റെ കണ്ടാണിശ്ശേരിയും യു എ ഖാദറിന്റെ തൃക്കോട്ടൂരും തകഴിയുടെ കുട്ടനാടും എംടിയുടെ കൂടല്ലൂരും കഥകള്‍ പെയ്തിറങ്ങിയ മണ്ണാണ്. എന്നാല്‍, ഒ വി വിജയന്റെ തസ്രാക്ക് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാവുന്നത് അതിലെ കഥാപാത്രങ്ങള്‍ ജീവിച്ചു കഥ പറഞ്ഞയിടമാണ് എന്നതിനാലാണ്. അപ്പുക്കിളിയും മൈമൂനയും അല്ലാപിച്ച മൊല്ലാക്കയും കുപ്പുവച്ചനും കുട്ടാടന്‍ പൂശാരിയും ജീവിച്ചയിടമാണ് തസ്രാക്ക്. ഖസാക്കിന്റെ ഇതിഹാസം എന്ന മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് നോവലിന് തട്ടകമൊരുക്കിയ ഈ മണ്ണില്‍ തന്നെയാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും ജീവിച്ചതും മരിച്ചതും. ഇവിടെയാണ് ഖസാക്കിന്റെ ഇതിഹാസത്തോടൊപ്പം തസ്രാക്ക് എന്ന പാലക്കാടന്‍ ഗ്രാമവും ഒരു ഇതിഹാസമാവുന്നത്. മാധവന്‍നായരുടെ ഓടിളകിയ ഞാറ്റുപുരയും കൈയിലെ നീലഞരമ്പുകള്‍ കാണിച്ച് യുവാക്കളെ മോഹിപ്പിച്ചു നടന്ന തസ്രാക്കിലെ സുന്ദരി മൈമൂന നീരാടിയ അറബിക്കുളവും മൈമൂന തന്നെയും ജീവിക്കുന്നയിടം, അതാണ് തസ്രാക്ക്.

ഖസാക്കിന്റെ ഇതിഹാസം പിറന്നുവീണ് 50 വര്‍ഷമാവുന്നു. ഇപ്പോഴും ചിതലിയുടെ മിനാരങ്ങളില്‍ നിന്നു വീശുന്ന കാറ്റ് പനംപട്ടകള്‍ പൊഴിക്കുന്നുണ്ട്. മാധവന്‍ നായരുടെ ഞാറ്റുപുരയും അല്ലാപിച്ച മൊല്ലാക്കയുടെ പള്ളിയും അറബിക്കുളവും ഇവിടെയുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിലെ ജീവിച്ചിരിക്കുന്ന അവസാന കഥാപാത്രമായ മൈമൂന ഇപ്പോഴും തസ്രാക്കിന്റെ തെരുവിലൂടെ നടക്കുന്നുണ്ട്. എല്ലാറ്റിലുമുപരി ഖസാക്കിന്റെ ഇതിഹാസത്തിലെ ജീവിച്ചിരിക്കുന്ന ഓരോ കഥാപാത്രത്തെയും ഇതിഹാസ കഥാകാരനു മുന്നിലെത്തിച്ച മജീദ് എന്ന ഞാറ്റുപുരയുടെ കാവല്‍ക്കാരനും ഇവിടെയുണ്ട്. അക്ഷരമറിയാത്തതിനാല്‍ ഖസാക്കിന്റെ ഇതിഹാസം ഒരിക്കല്‍പോലും വായിച്ചിട്ടില്ലാത്തയാളാണ് മജീദ്. കഥാപാത്രങ്ങളോടൊപ്പം ജീവിച്ച മജീദിന് ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടതില്ല, കാരണം അദ്ദേഹം കേട്ടതും അറിഞ്ഞതുമാണ് ഇതിഹാസത്തിലെ ഓരോ വരിയും, ബാക്കിയുള്ളവ ഇതിഹാസ കഥാകാരന്‍ തന്നെ പറഞ്ഞുകൊടുത്തതും.

ഖസാക്കിന്റെ സൂക്ഷിപ്പുകാരന്‍    
മാധവന്‍ നായരുടെ ഞാറ്റുപുരയുടെ നേരെ മുന്നിലാണ് മജീദിന്റെ വീട്. അല്ലാപിച്ച മൊല്ലാക്കയുടെ        ഓത്തുപള്ളി ഗ്രാമത്തിലെ ഏക വിദ്യാലയമായ              കാലത്താണ് മജീദിന്റെ ജനനം. അവിടെ തുടങ്ങിയ ഏകാധ്യാപക വിദ്യാലയത്തിലേക്ക് അധ്യാപികയായി ഒ വി വിജയന്റെ സഹോദരി ഒ വി ശാന്ത എത്തുമ്പോള്‍ നാലു വയസ്സാണ് മജീദിന്റെ പ്രായം. വൈദ്യുതിയോ, റോഡോ താമസിക്കാന്‍ ഇടമോ ഒന്നുമില്ലാത്ത കുഗ്രാമമായ തസ്രാക്കില്‍ ജോലി ചെയ്യാനാവാതെ തിരിച്ചു പോവാനൊരുങ്ങിയ ശാന്തയ്ക്ക് സ്ഥലത്തെ ജന്മിയായ മാധവന്‍ നായര്‍ തന്റെ ഞാറ്റുപുര ഒരു വാടകയും വാങ്ങാതെ താമസിക്കാനായി വിട്ടുനല്‍കിയതോടെയാണ് ശാന്ത അവിടെ താമസമുറപ്പിച്ചത്. ഇതിനിടെ സഹോദരിയെ സന്ദര്‍ശിക്കാനെത്തിയ ഒ വി വിജയന്‍ പള്ളിയിലെ ഖാളിയാരുമായി സൗഹൃദത്തിലായി. മജീദിന്റെ സഹോദരീഭര്‍ത്താവാണ് ഖാളിയാര്‍, നൈസാമലി എന്ന തസ്രാക്കിന്റെ ഖാളിയാര്‍.

'ചെതലിയുടെ കൊടുമുടിയില്‍ നൈസാമലി നടന്നു. ഒരു ചരിവില്‍ വിള ചീഞ്ഞുപോയ ചാമക്കണ്ടം പോലെ കാട്ടുതേനാട്ടികള്‍ താഴോട്ടു പടര്‍ന്നു പടര്‍ന്നു പോവുന്നു. കാറ്റും മഴയും കാലവുമരുമ്പിപ്പോയ മേല്‍മുടിപ്പാറ കമാനവും കൊത്തളവും മിനാരവുമായി തീര്‍ന്നിരുന്നു. ആ പാറയുടെ ഗര്‍ഭത്തിലെവിടെയോ സയ്യദ് മിയാന്‍ ശെയ്ഖിന്റെ അസ്ഥികള്‍ വിശ്രമം കൊണ്ടു. മിനാരത്തില്‍, കമാനത്തില്‍, മലയുടെ മാറ്റൊലിയില്‍ മിയാന്‍ ശെയ്ഖിന്റെ പ്രേതം നടമാടി.' (ഖസാക്കിന്റെ ഇതിഹാസം)

ഞാറ്റുപുരയില്‍ സഹോദരിയോടൊപ്പം വയ്പും തീനുമായി കഴിഞ്ഞ വിജയന്‍ വൈകുന്നേരങ്ങളില്‍ ഖാളിയാര്‍ക്കൊപ്പം തസ്രാക്കിലൂടെ, അറബിക്കുളത്തിന്റെ കരയിലൂടെ, കരിമ്പനകള്‍ അതിരിട്ട വയല്‍വരമ്പിലൂടെ നടന്നു. ഖാളിയാരായിരുന്നു വിജയന്റെ പ്രധാന കൂട്ടുകാരന്‍. അതിരാവിലെ പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ പോകുമ്പോള്‍ ഖാളിയാര്‍ വിജയനെ തേടി ഞാറ്റുപുരയിലെത്തും. നീ പള്ളിയില്‍ പോയി നിന്റെ ജോലി തീര്‍ത്തിട്ടുവാ ഞാനിവിടെ ഉണ്ടാകും എന്നു പറഞ്ഞ് ചിത്രം വരയില്‍ മുഴുകുന്ന വിജയനെ കുറിച്ച് ഖാളിയാര്‍ പറഞ്ഞത് മജീദിന്റെ ഓര്‍മയിലുണ്ട്. പള്ളിയോടു ചേര്‍ന്നുള്ള കടമുറിയിലായിരുന്നു മാധവന്‍ നായരുടെ തുന്നല്‍ക്കട. ഏകാധ്യാപക വിദ്യാലയത്തിലേക്ക് 40 കുട്ടികളെ തികയ്ക്കാന്‍ ഓടിനടന്നു തുന്നല്‍ക്കാരന്‍  മാധവന്‍നായര്‍. കോണെഴുത്ത് പഠിക്കാന്‍ പോവരുതെന്നു പറഞ്ഞ അല്ലാപിച്ച മൊല്ലാക്കയെ എതിര്‍ത്ത് പകരം നൈസാമലി എന്ന ചെതലിയുടെ സ്വയം പ്രഖ്യാപിത ഖാളിയാരുടെ സഹായത്തോടെ കുട്ടികളെ എത്തിച്ച മാധവന്‍ നായര്‍ മാത്രമായിരുന്നു സ്‌കൂളിനു വേണ്ടി ഉല്‍സാഹിച്ചത്.

പ്രവചനത്തിലൂടെ വളര്‍ന്ന അപ്പുക്കിളി

[caption id="attachment_372301" align="alignnone" width="400"] ഒവി വിജിയന്‍ സഹോദരിയോടൊപ്പം താമസിച്ച ഞാറ്റുപുര[/caption]

ഞാറ്റുപുരയില്‍ സഹോദരിക്കൊപ്പം ഒ വി വിജയന്‍ താമസിക്കുന്ന കാലം. ഒരു ദിവസം രാവിലെ തമിഴ്‌നാട്ടുകാരായ യുവാവും ഭാര്യയും സഹായം തേടി വിജയനു മുന്നിലെത്തി. യുവതി ഗര്‍ഭിണിയായിരുന്നു. ഞാറ്റുപുരയുടെ ഉടമസ്ഥന്‍ മാധവന്‍ നായരോടു പറഞ്ഞ് രണ്ടുപേര്‍ക്കും ജോലിയും താമസിക്കാന്‍ കൂരയും വിജയന്‍ ഏര്‍പ്പാടാക്കി. തസ്രാക്കിലേക്കുള്ള വഴിയരികില്‍ കൂരകെട്ടി താമസിച്ച അവര്‍ക്ക് ജനിച്ച കുട്ടിയാണ് അപ്പുക്കിളി.

'പിറ്റേന്ന് കാലത്ത് മാധവന്‍ നായര്‍ അപ്പുക്കിളിയെയും കൂട്ടി ഞാറ്റുപുരയിലെത്തി. അപ്പുക്കിളിയെ അന്നാണ് രവി സൂക്ഷിച്ചു നോക്കിയത്. ഉന്തിനിന്ന ചുണ്ടുകള്‍, പിഞ്ഞാണം പോലെ മങ്ങിയ കണ്ണുകള്‍, ഒരു മുക്കാല്‍ മനുഷ്യന്റെ ഉടല്. പക്ഷേ കൈകാലുകള്‍ മൊത്തം മുരടിച്ചു പോയതിനാല്‍ ആകെ മൊത്തം ഒരു         കുട്ടിയുടെ വലുപ്പമേ തോന്നിച്ചുള്ളൂ. ബാല്യമോ യൗവനമോ വാര്‍ധക്യമോ ആ മുഖത്ത് തെളിഞ്ഞില്ല.' (ഖസാക്കിന്റെ ഇതിഹാസം)

22 ദിവസം മാത്രമാണ് വിജയന്‍ തസ്രാക്കില്‍ താമസിച്ചത്. അതിനിടയ്ക്കായിരുന്നു തമിഴ് ദമ്പതികള്‍ക്കു കുട്ടി ജനിച്ചത്. വിജയന്‍ ആ കുട്ടിയെ കണ്ടിട്ടുപോലുമുണ്ടാവില്ല. പക്ഷേ, നോവലില്‍ വരച്ചിട്ട പോലെ തന്നെയായിരുന്നു അപ്പുക്കിളി. ആകെ ഒരു മന്ദഗതി. നാലു വയസ്സുവരെ മാത്രമേ അപ്പുക്കിളി തസ്രാക്കില്‍ ജീവിച്ചിരുന്നുള്ളൂ. അതിനു ശേഷം അച്ഛനമ്മമാരോടൊപ്പം എങ്ങോട്ടോ പോയി. അതുവരെയുള്ള അപ്പുക്കിളിയുടെ ജീവിതം ഒ വി വിജയന്‍ നോവലില്‍ വരച്ചിട്ടപോലെ തന്നെയായിരുന്നു. രവിയുടെ ശിഷ്യനായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയാണ് നോവലില്‍ അപ്പുക്കിളി.

വാവരും നൂര്‍ജഹാനും കിന്നരിയും ഉണ്ണിപ്പാറതിയും കുരുവും ഒന്നിച്ച് രവിയുടെ കഥ കേട്ട് വളര്‍ന്നവര്‍. പുളയന്‍ എന്ന ഉഗ്രവസൂരി നടമാടിയ കാലത്ത് തസ്രാക്കില്‍ ഒരുപാട് ജീവിതങ്ങള്‍ ഇല്ലാതെയായി. നോക്കാനാരുമില്ലാതെയായ അപ്പുക്കിളി അജ്ഞാതവാസത്തിലായി. അതിനിടെയാണ് അപ്പുക്കിളിയുടെ മതംമാറ്റമുണ്ടായത്. 'അപ്പുക്കിളിയുടെ അജ്ഞാതവാസത്തിനിടയ്ക്ക് അവന്റെ തലമുടി വളര്‍ന്ന് ജട കെട്ടിയിരുന്നു. ജടയില്‍ പേനുകള്‍ പെരുകി. പേനുകള്‍ മുടിച്ചാര്‍ത്തില്‍ മേഞ്ഞു നടന്നു. ചിലപ്പോള്‍ കൂട്ടംചേര്‍ന്ന് താഴെയിറങ്ങി മറ്റു തലകളന്വേഷിച്ചു. ഇങ്ങനെയാ ആര്യന്‍മാര് ഇന്ത്യയിലേക്കു കടന്നത്. ചരിത്രപാഠമെടുക്കുകയായിരുന്ന രവി ഉദാഹരണം ചൂണ്ടിക്കാട്ടി. അവര്‍ പശുക്കളെ തെളിച്ചുകൊണ്ട് പുതിയ മേച്ചില്‍സ്ഥലങ്ങളന്വേഷിച്ചു നടന്നു.' (ഖസാക്കിന്റെ ഇതിഹാസം). പേനിനെക്കളയാന്‍ മായന്‍പാണന്‍ അപ്പുക്കിളിയുടെ തല ചിരണ്ടിക്കൊടുത്തു, കൂടെ ഒരു കുടുമയും വച്ചു. നേര്‍ച്ചയ്ക്ക് രാവുത്തക്കുട്ടികള്‍ തലവടിച്ചത് കണ്ടപ്പോള്‍ അപ്പുക്കിളി തലവടിച്ചു. ആരോ പഴയൊരു തുര്‍ക്കിത്തൊപ്പി വച്ചുകൊടുത്തപ്പോള്‍ അപ്പുക്കിളി രാവുത്തറായി. 'അപ്പുത്താവ്തഹ്. ഏതാനും ദിവസങ്ങള്‍ക്കകം ഭൂരിപക്ഷമറിഞ്ഞു. രണ്ടു മതങ്ങളിലും കിളിക്ക് പാറി നടക്കാം. ആഴ്ചയില്‍ കുറേ ദിവസം രാവുത്തനാവാം. പിന്നെ ഈഴവനാവാം. തയ്യാറാണെങ്കില്‍ ഈഴവനും രാവുത്തനും കിളിയും ഒന്നിച്ചാവാം.' (ഖസാക്കിന്റെ ഇതിഹാസം). നോവലില്‍ അപ്പുക്കിളി ഇങ്ങനെയൊക്കെയാണെങ്കിലും നാലു വയസ്സിനു ശേഷം തസ്രാക്ക് വിട്ട അപ്പുക്കിളിയെ പിന്നെയാരും കണ്ടില്ല.

സുന്ദരി മൈമൂനയുടെ ജീവിതം
'മൈമൂന ചെല്ലുന്നിടത്തെല്ലാം കാസിമും ഹനീഫയുമുണ്ട്. ഉബൈദുദാവൂദുണ്ട്. ഉസാമത്തുണ്ട്. പക്ഷേ ആ ചെറുപ്പക്കാരാരും തന്നെ സ്ത്രീധനമില്ലാത്ത പെണ്ണിനെ തറവാടു കേറ്റില്ല. മൈമൂനയുടെ മേല്‍ മീന്‍ചെകറോളം പൊന്നില്ല. ആ ഉടലിന്റെ ധാരാളിത്തത്തിനു പൊന്നു വേണ്ടെന്ന് ഖസാക്കുകാര്‍ പറഞ്ഞു. മൈമൂന തന്റെ വെള്ളക്കുപ്പായം കൈത്തണ്ടയോളം തെറുത്തുവച്ചു. കരിവളകള്‍ തെറുത്തുകേറ്റി നിര്‍ത്തി. അപൂര്‍വമവസരങ്ങളില്‍ കാസിമിനോടോ ഉസാമത്തിനോടോ വായാടാന്‍ അവള്‍ നിന്നു. അവരുടെ മുഖങ്ങള്‍ ചുവക്കുന്നതും സ്വരങ്ങള്‍ ഇടറുന്നതും കാണാന്‍ വേണ്ടി മാത്രം. അല്ലെങ്കില്‍ ഒരു ചിരി കടിച്ചമര്‍ത്തി ഖസാക്കിലെ യാഗാശ്വമായി അവള്‍ നടുപ്പറമ്പിലൂടെ നടന്നു.' (ഖസാക്കിന്റെ ഇതിഹാസം)

ഖസാക്കിലെ എല്ലാ പുരുഷന്‍മാരെയും മോഹിപ്പിച്ച സുന്ദരി മൈമൂനയ്ക്ക് പക്ഷേ, യഥാര്‍ഥ ജീവിതം പൊള്ളുന്നതായിരുന്നു. തസ്രാക്കില്‍ റോഡരികിലുള്ള ചെറിയ വീട്ടില്‍ മൈമൂന ഇപ്പോഴുമുണ്ട് ഫാത്തിമ എന്ന പേരില്‍. അല്ലാപിച്ച മൊല്ലാക്കയുടെ മകളാണ് മൈമൂന. അത്തയോടൊപ്പം ഇടയ്ക്കിടെ വീട്ടില്‍ വരുന്ന വിജയന്‍ സാര്‍ അന്ന് പതിനാലുകാരിയായിരുന്ന മൈമൂനയുടെ ഓര്‍മയിലുണ്ട്. സാറിന് ഉമ്മ മീന്‍ കറിവച്ചതും തേങ്ങാച്ചോറും ഉണ്ടാക്കിക്കൊടുക്കും. തേങ്ങാച്ചോറ് സാറിന് വലിയ ഇഷ്ടമായിരുന്നു. മൈമൂനയുടെ അത്ത അല്ലാപ്പിച്ച മൊല്ലാക്കയും വിജയന്‍ സാറും അടുത്ത സുഹൃത്തുക്കളായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ കല്യാണം കഴിഞ്ഞ് പതിനാലാം വയസ്സില്‍ പ്രസവം കഴിഞ്ഞ ഫാത്തിമ പത്തൊമ്പതാം വയസ്സില്‍ തന്നെ വിധവയായി. പൊള്ളുന്ന അനുഭവങ്ങളിലൂടെയായിരുന്നു പിന്നീടുള്ള ജീവിതം. വീടുകളില്‍ പ്രസവശുശ്രൂഷയ്ക്കും മറ്റും പോയിട്ടാണു കഴിഞ്ഞത്. വാഹനമിടിച്ച് വീട്ടില്‍ വയ്യാതെ കിടക്കുമ്പോള്‍ നടന്‍ മമ്മൂട്ടി ഖസാക്കിന്റെ ഇതിഹാസത്തിലെ മൈമൂനയെ കാണാനെത്തിയിരുന്നു.
മാധവന്‍ നായരുടെ ഞാറ്റുപുരയില്‍ നിന്നു നോക്കിയാല്‍ കാണുന്നയിടത്താണ് തസ്രാക്കിലെ പള്ളി. ഞാറ്റുപുരയില്‍ വിജയന്‍ താമസിക്കുന്ന കാലം. പള്ളിയില്‍ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് അല്ലാപ്പിച്ച മൊല്ലാക്ക അവിടെയെത്തും. പിന്നെ രണ്ടുപേരും പള്ളിക്കു സമീപമുള്ള അലിയാരുടെ ചായക്കടയില്‍ കയറി ചായയും മുറുക്കും കഴിക്കും. പള്ളിക്കു ചേര്‍ന്നാണ് അറബിക്കുളമുള്ളത്. മൈമൂന നീരാടിയിരുന്ന കുളം. കുളത്തില്‍ ഇപ്പോള്‍ നിറയെ പായലാണ്. ഇരതേടിയെത്തിയ താമരക്കോഴിയും ഇണയും വെള്ളത്തില്‍ അനങ്ങാതെ നില്‍ക്കുന്നു. കുളത്തിനോടു ചേര്‍ന്നുള്ള വയലില്‍ കരിമ്പനപട്ടകള്‍ കാറ്റുപിടിച്ചു നില്‍ക്കുന്നു.

മജീദിന്റെ കഥ

[caption id="attachment_372303" align="alignright" width="400"] തസ്രാക്കിലെ പള്ളി[/caption]

വീടിനു നേരെ മുന്നിലുള്ള ഞാറ്റുപുരയില്‍ തുടങ്ങിയ ഏകാധ്യാപക വിദ്യാലയത്തിലേക്ക് എത്തിനോക്കിയിരുന്ന നാലു വയസ്സുകാരന്‍ മജീദ് കൗമാരത്തിലെത്തിയപ്പോഴാണ് ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ പിറന്നുവീണത്. എഴുത്തും വായനയും അറിയാത്ത മജീദ് തന്റെ നാടിന്റെ കഥയാണ് ഇതെന്ന് അറിഞ്ഞെങ്കിലും എന്താണ് അതിലെഴുതിയതെന്നു മനസ്സിലാക്കാനായില്ല. നാടിന്റെ കഥയാണെങ്കില്‍ അതിലെ കഥാപാത്രങ്ങളും നാട്ടുകാരാവും. കുറേ ആള്‍ക്കാരോട് അന്വേഷിച്ചപ്പോഴാണ് ബന്ധുവായ ഖാളിയാരും അല്ലാപ്പിച്ച മൊല്ലാക്കയും മൈമൂനയുമൊക്കെ അതിലുണ്ടെന്ന് അറിഞ്ഞത്. ഇതോടെ മജീദ് മറ്റു കഥാപാത്രങ്ങളെയും തേടിയിറങ്ങി. ചിലരൊക്കെ മരിച്ചുപോയിരുന്നു. ഒ വി ശാന്തയുടെ കൈയില്‍ നിന്നു നമ്പര്‍ വാങ്ങി വിജയന്‍ സാറിന് കത്തെഴുതി. ഒരു മാസം കഴിഞ്ഞ് മജീദിനെ തേടി ഒ വി വിജയന്റെ മറുപടി വന്നു. എങ്ങനെയാണ് ഞാന്‍ തസ്രാക്കില്‍ വരുകയെന്നും എന്താണ് തനിക്കിവിടെയുള്ളത് എന്നുമായിരുന്നു വിജയന്റെ ചോദ്യം. ഇതോടെ ഒരു കറക്കുന്ന ഫോണില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു. ഞാറ്റുപുരയും പള്ളിയും അറബിക്കുളവും ഇപ്പോഴുമിവിടെയുണ്ടെന്നും വിജയന്‍ സാര്‍ ഇവിടെ വരണമെന്നും മജീദ് പറഞ്ഞു. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ കാണാമെന്നും പറഞ്ഞു. അങ്ങനെ ഒ വി വിജയന്‍ വീണ്ടും തസ്രാക്കിലെത്തി.

അങ്ങനെ തുര്‍ച്ചയായ എട്ടു വര്‍ഷങ്ങള്‍ ഒ വി വിജയന്‍ മജീദിന്റെ ക്ഷണം സ്വീകരിച്ച് തസ്രാക്കിലെത്തി. ഖസാക്കിന്റെ ഇതിഹാസം ഇതിനകം അദ്ദേഹം തന്നെ മജീദിന് പറഞ്ഞു കൊടുത്തിരുന്നു. ഒമ്പതാം വര്‍ഷമായപ്പോഴേക്കും ശാരീരിക അസ്വസ്ഥതകള്‍ ഒ വി വിജയനെ തീരെ അവശനാക്കിയിരുന്നു. ഇനി വരാന്‍ കഴിയില്ല എന്നു വിജയന്‍ പറഞ്ഞെങ്കിലും ഇനി തമ്മില്‍ കാണാന്‍ പറ്റിയില്ലെങ്കിലോ എന്ന മജീദിന്റെ ചോദ്യത്തിനു മറുപടിയായി ഒരിക്കല്‍ കൂടി അദ്ദേഹം തസ്രാക്കിലെത്തി. അതായിരുന്നു ഇതിഹാസകഥാകാരന്റെ തസ്രാക്കിലേക്കുള്ള അവസാന വരവെന്ന് മജീദ് ഓര്‍ക്കുന്നു.

തസ്രാക്കിലുള്ള വിജയന്‍ സ്മാരകം യാഥാര്‍ഥ്യമായതിനു പിന്നില്‍ മജീദിന്റെ പരിശ്രമമുണ്ട്. ഇപ്പോള്‍ സ്മാരകത്തിന്റെ സൂക്ഷിപ്പുകാരനാണ് മജീദ്. ഇപ്പോള്‍ ഫോട്ടോഗാലറിയും മിനി തിയേറ്ററും പ്രവര്‍ത്തിക്കുന്ന പഴയ ഞാറ്റുപുരയുടെ നേരെ മുന്നിലുള്ള വീട്ടിലാണ് മജീദിന്റെ താമസം. മുഴുവന്‍ സമയവും അദ്ദേഹം വിജയന്‍ സ്മാരകത്തിലുണ്ട്. മാസം 2500 രൂപ എന്ന പേരിനു മാത്രമുള്ള വേതനമാണ് മജീദിന് സര്‍ക്കാര്‍ നല്‍കുന്നത്. ശമ്പളമല്ല തന്നെ ഇവിടെ നിര്‍ത്തുന്നതെന്ന് മജീദ് പറയുന്നു. അതിലുമെത്രയോ വലുതാണ് ഒ വി വിജയന്‍ എന്ന ഇതിഹാസ കഥാകാരന്‍ മജീദിനു നല്‍കിയ സ്ഥാനം. മജീദാണ് ഇതിഹാസ കഥാകാരനെ വീണ്ടും വീണ്ടും തസ്രാക്കിലേക്കു വഴിനടത്തിയത്. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹത്തിനു മുന്നിലെത്തിച്ചത്. എഴുത്തും വായനയുമറിയാത്ത ഈ മനുഷ്യനാണ് ഖസാക്കിന്റെ ഇതിഹാസകാരന് സ്മാരകമുണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയത്.

അവസാനമായി വിജയന്‍ തസ്രാക്കിലെത്തിയപ്പോള്‍ കാല്‍ നീരുവന്ന് വീര്‍ത്തിരുന്നു. പോവുമ്പോള്‍ യാത്രയാക്കാന്‍ നിന്ന മജീദിന്റെ കൈപിടിച്ച് കുറച്ചു നേരം കാറിലിരുന്നു. ഞാറ്റുപുര ഒരിക്കല്‍ കൂടി നോക്കി. അന്ന് എടുത്ത ഫോട്ടോ ഞാറ്റുപുരയുടെ ചുവരില്‍ സൂക്ഷിച്ചിട്ടുണ്ട്. അത് 13 വര്‍ഷം മുമ്പായിരുന്നു. അല്ലാപ്പിച്ച മൊല്ലാക്ക മരിച്ചിട്ട് 22 വര്‍ഷം കഴിഞ്ഞു. കൈപ്പടങ്ങളിലും മാറിലും പൊന്നൈരിന്റെ തടങ്ങള്‍പോലെ തഴമ്പുകെട്ടിയ ചെത്തുകാരന്‍ കുപ്പു മറഞ്ഞിട്ട് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. കുട്ടാടന്‍ പൂശാരി, മാധവന്‍ നായര്‍ എല്ലാവരും മരിച്ചുപോയി. പക്ഷേ വെളുത്ത മഴനിലച്ച കൂമന്‍കാവിലെ ബസ് സ്‌റ്റോപ്പില്‍ രവി ഇപ്പോഴും കാത്തുകിടപ്പുണ്ട്. ഖസാക്കില്‍ ഇപ്പോഴും മഴ പെയ്യുന്നു. അനാദിയായ മഴ.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top