മങ്ങാട്ടുമുറി സ്‌കൂള്‍: കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും

കൊണ്ടോട്ടി: കോടതി വിധിയെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ പുളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഒളവട്ടൂര്‍ മങ്ങാട്ടുമുറി സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും മാനേജരില്‍ നിന്നും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഡിസംബര്‍ 24ന് വെച്ച കേസാണ് ഇന്നത്തേക്ക് മാറ്റിയത്.  കേരള എജ്യുക്കേഷന്‍ റൂള്‍ (കെഇആര്‍) അനുസരിച്ച്  മാനേജരില്‍ നിന്നും സ്‌കുളും സ്ഥലവും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അടച്ചു പൂട്ടിയ സ്‌കൂളിന് കെഇആര്‍ ബാധകമാവില്ലെന്നും  ലാന്റ് അക്വിസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാനേജര്‍ ആദ്യം  ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്നാണ്  മാനേജര്‍ സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രിം കോടതി  കേസ് ഫയലില്‍ സ്വീകരിച്ച് സര്‍ക്കാറിനോട് നാലാഴ്ചക്കുള്ളിലും മാനേജരോട് 2 ആഴ്ചക്കുള്ളിലുമായി മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചു. കഴിഞ്ഞ ഒക്ടോബര്‍ 6ന് കോടതി അനുവദിച്ച സമയപരിധിയായ 6 ആഴ്ച അവസാനിച്ചെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല.പിന്നീട് ഡിസംബര്‍ 24ന് കേസ് വെച്ചെങ്കിലും   സര്‍ക്കാര്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് മാറ്റി വച്ചത്. ലാഭകരമല്ലെന്ന് ചൂണ്ടികാട്ടി മാനേജര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് 2016 ജൂണ്‍ 6ന് സ്‌കൂള്‍ അടച്ചുപൂട്ടിയത്. പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും സ്‌കൂളിന് സ്ഥിരം കെട്ടിടവും, അനുബന്ധ സൗകര്യവും ഒരുക്കാനായിരുന്നില്ല.പുതിയേടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം മദ്‌റസയിലാണ് സ്‌കൂള്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ഇതുവരെ കൃത്യമായ വാടക നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല.സ്‌കൂളിന് സ്ഥിരം സംവിധാനം ഉണ്ടാക്കാന്‍ വൈകുന്നത് കുട്ടികളെയും അധ്യാപകരെയും മദ്‌റസാ പ്രവര്‍ത്തനത്തിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തോളമായി മദ്‌റസാ കമ്മിറ്റിയുടെ നിസ്സീമമായ സഹായത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചു വരുന്നത്. സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ സമഗ്ര റിപോര്‍ട്ട്് അഭിഭാഷകന്‍ മുഖേന ഫയല്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വാദം അംഗീകരിച്ചാല്‍ സ്‌കൂളിന് പഴയ കെട്ടിടവും സ്ഥലവും തിരിച്ചെടുക്കാനാവുമെന്നാണ് പ്രതീക്ഷ.

RELATED STORIES

Share it
Top