മക്ക- മദീന അതിവേഗ ട്രെയിന്‍ ജനുവരിയില്‍

റഷീദ് ഖാസിമി

റിയാദ്: വിശുദ്ധഗേഹം നിലകൊള്ളുന്ന മക്കയില്‍ നിന്നു പ്രവാചകനഗരിയായ മദീനയിലേക്ക് ഇനി വേഗത്തില്‍ എത്താം. നിലവില്‍ രണ്ടു പുണ്യനഗരികള്‍ക്കുമിടയില്‍ നാലുമണിക്കൂര്‍ യാത്രാദൈര്‍ഘ്യമാണുള്ളത്. എന്നാല്‍, അതിവേഗ റെയില്‍വേ പദ്ധതിയായ ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഒന്നരമണിക്കൂര്‍കൊണ്ട് മക്കയില്‍ നിന്നു മദീനയിലേക്കും തിരിച്ചും എത്തിച്ചേരാന്‍ കഴിയും. ജിദ്ദ, മക്ക, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ അടുത്ത മാസം മുതല്‍ ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കുമെന്നു കഴിഞ്ഞ ദിവസം മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. മക്കയില്‍ നിന്നു മദീന വരെ 450 കിലോമീറ്ററാണ് യാത്രാദൂരം. ഈ പാതയില്‍ യാത്രക്കാരില്ലാതെ മണിക്കൂറില്‍ 300 കിലോമീറ്റര്‍ എന്ന വേഗപരിധിയില്‍ ഈ മാസം പരീക്ഷണയോട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മദീന-റാബിഗ് ഇക്കണോമിക് സിറ്റി, റാബിഗ്-ജിദ്ദ, ജിദ്ദ-മദീന, മക്ക-ജിദ്ദ സ്റ്റേഷനുകള്‍ക്കിടയില്‍ നേരത്തേ പലതവണ പരീക്ഷണയോട്ടം നടത്തിയിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്ന ടിക്കറ്റ് നിരക്കുകളാവും ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ ഏര്‍പ്പെടുത്തുകയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. മക്കയില്‍ നിന്ന് മദീനയിലേക്ക് 40 മുതല്‍ 50 റിയാല്‍ വരെയാവും ടിക്കറ്റ് നിരക്ക്.

RELATED STORIES

Share it
Top