മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി ടിജെഎസില്‍

ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പുറപ്പെടുവിച്ച മുന്‍ ജഡ്ജി കെ രവീന്ദ്രര്‍ റെഡ്ഡി തെലങ്കാന ജനസമിതി (ടിജെഎസ്)യില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായിട്ടാണ് ടിജെഎസ് മല്‍സരിക്കുന്നത്. ആഴ്ചകള്‍ക്കു മുമ്പ് ബിജെപിയില്‍ ചേരാന്‍ റെഡ്ഡി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ടിജെഎസ് അധ്യക്ഷന്‍ എം കോദണ്ഡറാം റെഡ്ഡിയെ ശനിയാഴ്ച പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസിമാനന്ദയെയും മറ്റു നാലു പേരെയും ഏപ്രില്‍ 16ന് വെറുതെവിട്ട എന്‍ഐഎ കോടതിയുടെ ജഡ്ജിയായിരുന്നു റെഡ്ഡി. വിധി പറഞ്ഞു മണിക്കൂറുകള്‍ക്കകം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രാജിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേരാന്‍ രവീന്ദ്രര്‍ റെഡ്ഡി തീരുമാനിച്ചത്.
ബിജെപിയെ രാജ്യസ്‌നേഹമുള്ള പാര്‍ട്ടി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. റെഡ്ഡിയെ സ്വാഗതം ചെയ്യുന്ന ബാനറുകള്‍ ബിജെപി ആസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍, റെഡ്ഡിയുടെ ബിജെപി പ്രവേശനം നടന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തില്‍ ടിജെഎസിനെ കൂടാതെ തെലുഗുദേശം പാര്‍ട്ടി, സിപിഐ എന്നിവയും ഘടകകക്ഷികളാണ്.

RELATED STORIES

Share it
Top