മക്കാ മസ്ജിദ് സ്‌ഫോടനക്കേസ്: അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ രേഖകള്‍ കാണാതായി



ഹൈദരാബാദ്: സംഘപരിവാര നേതാക്കള്‍ പ്രതികളായ 2007ലെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ തീവ്രഹിന്ദു നേതാവ് സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ സുപ്രധാന രേഖകള്‍ കാണാതായി. കേസിന്റെ ഭാവിയെത്തന്നെ ബാധിക്കാവുന്ന രണ്ടു പേജുള്ള നിര്‍ണായക രേഖയാണ് ദുരൂഹസാഹചര്യത്തില്‍ കോടതിയില്‍ നിന്നും കാണാതായത്. വെളിപ്പെടുത്തല്‍ കുറിപ്പ് എന്ന പേരിട്ട് സൂക്ഷിച്ചിരുന്ന, എന്‍ഐഎ കുറ്റപത്രത്തിലെ 88ാംനമ്പര്‍ രേഖയാണിത്. സ്ഫോടനത്തിന് പിന്നിലെ ഗൂഡാലോചന സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ രേഖയില്‍ ഏതാനും മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുടെ പേരുകളും പരാമര്‍ശിക്കപ്പെട്ടിരുന്നു. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി രാജാ ബാലാജി കോടതിയില്‍ തന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് രേഖ നഷ്ടപ്പെട്ടതായി അറിയുന്നത്. ഒന്നര മണിക്കൂറോളം കേസിലെ കോടതി നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നതിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറ്റു രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചത്. കേസിലെ ആദ്യ കുറ്റപത്രം തയ്യാറാക്കിയത് ബാലാജി ആയിരുന്നു. പിന്നീട് കേസ് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.
2007 മെയ് 18ന് ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ ആര്‍എസ്എസ് നടത്തിയ ബോംബ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയാണ് അസീമാനന്ദ. സംഭവത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹൈദരാബാദും സെക്കന്ദരാബാദും വിട്ട് പോകരുതെന്ന വ്യവസ്ഥയില്‍ അസീമാനന്ദയ്ക്ക് കേസില്‍ ജാമ്യം ലഭിച്ചിരുന്നു. വിചാരണക്കോടതി ഉത്തരവിനെതിരേ എന്‍ഐഎ അപ്പീല്‍ നല്‍കാത്തതിനെ തുടര്‍ന്ന് ചന്‍ചല്‍ഗുഡ ജയിലിലായിരുന്ന അസീമാനന്ദ ഏപ്രില്‍ ഒന്നിന് ജയില്‍മോചിതനാവുകയായിരുന്നു.

RELATED STORIES

Share it
Top