മക്കാ മസ്ജിദ് സ്‌ഫോടനം: സംഘപരിവാരത്തിന് അനുകൂലമായി വിധി പറഞ്ഞ ജഡ്ജി ബിജെപിയില്‍

ന്യൂഡല്‍ഹി: ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസിമാനന്ദ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ജഡ്ജി രവീന്ദര്‍ റെഡ്ഡി ബിജെപിയിലേക്ക്. കഴിഞ്ഞ 14ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഹൈദരാബാദ് സന്ദര്‍ശിച്ചപ്പോള്‍ രവീന്ദര്‍ റെഡ്ഡി അദ്ദേഹത്തെ കണ്ടു പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.
സ്വാമി അസിമാനന്ദയുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി ഈ വര്‍ഷം മെയിലാണ് ഹൈദരാബാദ് എന്‍ഐഎ കോടതി ഉത്തരവിട്ടത്. നിരോധിത സംഘ—ടനയല്ലാത്ത ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയോ സാമൂഹികവിരുദ്ധനോ ആവില്ലെന്നു വിധിന്യായത്തില്‍ ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു. കോടതിവിധിക്കു പിന്നാലെ ജഡ്ജി രാജിവയ്ക്കുകയും ചെയ്തു. ബിജെപിയുടെ ബൗദ്ധിക വിഭാഗത്തിലോ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയിലോ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളതായും രവീന്ദര്‍ റെഡ്ഡി, അമിത്ഷായെ അറിയിച്ചു. ഇക്കാര്യം ബിജെപി തെലങ്കാന ഘടകം അധ്യക്ഷന്‍ കെ ലക്ഷ്മണന്‍ സ്ഥിരീകരിച്ചു.
കേസില്‍ അസിമാനന്ദയുടെ കുറ്റസമ്മതമൊഴി പ്രോസികൂഷന്‍ ഹാജരാക്കിയിരുന്നെങ്കിലും അംഗീകരിക്കാതെയായിരുന്നു ജഡ്ജിയുടെ നടപടി. കുറ്റസമ്മതത്തിലെ പ്രധാന വെളിപ്പെടുത്തലുകള്‍ പിന്നീട് കാരവന്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ അസിമാനന്ദ ആവര്‍ത്തിച്ചിരുെന്നങ്കിലും കുറ്റസമ്മതം സ്വമനസ്സാലേ നല്‍കിയതല്ലെന്നായിരുന്നു ജഡ്ജി പറഞ്ഞത്. ലോകേശ് ശര്‍മ, സന്ദീപ് ദാംഗെ, ദേവേന്ദര്‍ ഗുപ്ത, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി, സുനില്‍ ജോഷി, രാംചന്ദ്ര കല്‍സാങ്‌റെ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍. സംജോത, മലേഗാവ്, അജ്മീര്‍ സ്‌ഫോടനക്കേസുകളിലും ഇതേ ആളുകള്‍ പ്രതികളാണ്. ഭൂമി ഇടപാട് കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ അനാവശ്യതിടുക്കം കാട്ടിയെന്ന ആരോപണത്തില്‍ ഹൈക്കോടതിയുടെ അന്വേഷണം നേരിടുന്നയാളാണ് റെഡ്ഡി. ആന്ധ്രപ്രദേശുകാരായ ജഡ്ജിമാരെ തെലങ്കാനയില്‍ നിയമിച്ചതിനെതിരേ പ്രതിഷേധിച്ചു പണിമുടക്കിയതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 11 ജഡ്ജിമാരില്‍ ഒരാള്‍കൂടിയാണ് റെഡ്ഡി. 2007 മെയ് 18ന് ജുമുഅ നമസ്‌കാരത്തിനായി ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദില്‍ വിശ്വാസികള്‍ ഒരുമിച്ചുകൂടിയിരിക്കെയുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top