മക്കാ മസ്ജിദ് സ്‌ഫോടനം: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ഹൈദരാബാദ്: ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദില്‍ നടന്ന സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെ എല്ലാ പ്രതികളെയും എന്‍ഐഎ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് എന്‍ഐഎ കോടതിയുടെ വിധി. സ്വാമി അസീമാനന്ദ ഉള്‍പ്പെടെ ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിലെ അംഗങ്ങളായിരുന്നു കേസിലെ പ്രതികള്‍. ദേവേന്ദര്‍ ഗുപ്ത, ലോകേഷ് ശര്‍മ, സ്വാമി അസീമാനന്ദ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദര്‍ ചൗധരി എന്നിവരെയാണ് വെറുതെ വിട്ട് ഉത്തരവായത്.
2007 മെയ് 18നാണ് കേസിന് ആസ്പദമായ സ്‌ഫോടനം നടന്നത്. മക്കാ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം നടത്തിയത്. ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആദ്യം ലോക്കല്‍ പോലിസും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് 2011ല്‍ എന്‍ഐഎ ഏറ്റെടുത്തു. ഈ കേസിലെ രണ്ടു പ്രതികളായ രാമചന്ദ്ര കല്‍സാംഗ്ര, സന്ദീപ് ഡാങ്കെ എന്നിവര്‍ ഒളിവിലാണ്. അന്വേഷണത്തിനിടെ, മുഖ്യ പ്രതിയും ആര്‍എസ്എസ് ഭാരവാഹിയുമായ സുനില്‍ ജോഷി വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
2007 ഡിസംബര്‍ 29നു ദുരൂഹ സാഹചര്യത്തിലാണ് സുനില്‍ ജോഷി കൊല്ലപ്പെടുന്നത്.
പ്രാഥമിക അന്വേഷണത്തിനു ശേഷം ഈ കേസ് സിബിഐക്ക് കൈമാറിയിരുന്നു. സിബിഐ കുറ്റപത്രം നല്‍കിയ ശേഷം 2011 ഏപ്രിലില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. 230 സാക്ഷികളും 411 രേഖകളുമാണ് കേസില്‍ ഉണ്ടായിരുന്നത്. വിചാരണയ്ക്കിടയില്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് അടക്കമുള്ള 64 സാക്ഷികള്‍ കൂറുമാറി.  കൂറുമാറിയ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിനെ എന്‍ഐഎയാണ് സാക്ഷിയാക്കിയത്.

RELATED STORIES

Share it
Top