മക്കാമസ്ജിദ് സ്‌ഫോടനക്കേസ് ആര്‍എസ്എസിനെ വെള്ളപൂശുന്ന എന്‍ഐഎ നടപടികളില്‍ ഒടുവിലത്തേത്

ന്യൂഡല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി അന്വേഷിക്കുകയും അന്തര്‍സംസ്ഥാന ബന്ധമുള്ള കേസുകള്‍ അന്വേഷിക്കുകയും ചെയ്യുന്നതിന് 2009ല്‍ രൂപീകരിച്ചതാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). എന്നാല്‍, 2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്‍ഐഎ ഏറ്റെടുത്ത ആര്‍എസ്എസ് പ്രതിസ്ഥാനത്തുള്ള കേസുകള്‍ മുഴുവന്‍ പ്രതികളെ രക്ഷപ്പെടുത്തുന്ന നടപടിയാണ് ഏജന്‍സി സ്വീകരിച്ചത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2007ലെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസ്.
കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അസിമാനന്ദ സ്വാമിയടക്കം അഞ്ചുപേരെയും ഹൈദരാബാദിലെ എന്‍ഐഎ പ്രത്യേക കോടതി വിട്ടയച്ചതിലൂടെ ഏജന്‍സിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണുണ്ടായത്.
രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനക്കേസിലും പ്രതിയായിരുന്ന അസിമാനന്ദയടക്കം ഏഴുപേരെ ജയ്പൂരിലെ പ്രത്യേക കോടതി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിന് വെറുതെ വിട്ടതിനെ എന്‍ഐഎ കോടതിയില്‍ ചോദ്യം ചെയ്തിരുന്നില്ല. 2007ല്‍ നടന്ന അജ്മീര്‍ സ്‌ഫോടനക്കേസില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2017 മാര്‍ച്ചില്‍ ഹൈദരാബാദ് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അസിമാനന്ദ ജയിലിന് പുറത്തിറങ്ങി.
2007ല്‍ നടന്ന മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ 2010ലാണ് സിബിഐ അസിമാനന്ദയെ അറസ്റ്റ് ചെയ്തത്. പിന്നീട്, കേസ് എന്‍ഐഎക്ക് കൈമാറി. 2007ല്‍ നടന്ന സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലും വിചാരണ നേരിടുന്നയാളാണ് അസിമാനന്ദ. ഡല്‍ഹിയില്‍ നിന്നു പാകിസ്താനിലെ ലാഹോറിലേക്ക് പോവുകയായിരുന്ന സംജോത തീവണ്ടിയില്‍ അസിമാനന്ദയും സംഘവും നടത്തിയ സ്‌ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ അസിമാനന്ദയ്ക്കും മറ്റു അഞ്ചുപേര്‍ക്കുമെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും 2014 ആഗസ്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഈ കേസിലും അസിമാനന്ദയ്ക്ക് ജാമ്യം നല്‍കി. ഈ കേസില്‍ 299 സാക്ഷികളില്‍ 209 പേരുടെ മൊഴി രേഖപ്പെടുത്തി. ഇതില്‍ 42 പേര്‍ കേന്ദ്രഭരണം മാറിയതോടെ കൂറുമാറി.
രാജ്യരക്ഷയ്ക്കു ഭീക്ഷണിയാവുന്ന കള്ളനോട്ട്, വിമാനം റാഞ്ചല്‍, ആണവോര്‍ജ നിയമത്തിന്റെ ലംഘനം, മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവ അന്വേഷിക്കാനായി രൂപീകരിച്ച എന്‍ഐഎയാണ് കഴിഞ്ഞ നാലു വര്‍ഷമായി വിശ്വാസ്യത നഷ്ടപ്പെട്ടു രാജ്യരക്ഷയെ തകര്‍ക്കുന്ന നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്നത്.

RELATED STORIES

Share it
Top