മക്കള്‍ക്കായി ഇളകിപ്പോയ താളുകള്‍ ചേര്‍ത്തുവച്ച് സ്‌കൂള്‍ ലൈബ്രറി ക്രമീകരിച്ച് അമ്മക്കൂട്ടം

തൃക്കരിപ്പൂര്‍: മക്കള്‍ക്കായി സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളുടെ ഇളകിയ താളുകള്‍ ചേര്‍ത്തു വെച്ചൊട്ടിച്ചും പൊതിഞ്ഞും ക്രമീകരിച്ചും അമ്മക്കൂട്ടം അനുകരണീയ മാതൃകയായി. പോയവര്‍ഷത്തില്‍ വായനയ്ക്കിടയില്‍ ഇളകിപ്പോയ താളുകളെ അവര്‍ പുസ്തകത്തിലേക്ക് ചേര്‍ത്തുവച്ചു.
കീറിപ്പോയ ഭാഗങ്ങള്‍ പശ തേച്ച് ഒട്ടിച്ചു വച്ചു. കുട്ടികള്‍ക്ക് വായിച്ചു വളരാന്‍ ലൈബ്രറികള്‍ സജ്ജീകരിച്ചു അമ്മക്കൂട്ടം. ചന്തേര ഇസ്സത്തുല്‍ ഇസ്്‌ലാം എഎല്‍പി സ്‌കൂളിലാണ് പുസ്തകങ്ങള്‍ക്കും സ്‌കൂള്‍ ലൈബ്രറിക്കും അമ്മമാരുടെ കൂട്ടായ്മയില്‍ പുതിയ മുഖം നല്‍കിയത്. അവധി ദിവസമായ ഞായറാഴ്ചയാണ് അധ്യാപകരും രക്ഷിതാക്കളും സ്‌കൂളില്‍ ഒത്തു ചേര്‍ന്നത്. റഫറന്‍സ് ലൈബ്രറി, ക്ലാസ് ലൈബ്രറി, തുറന്ന ലൈബ്രറി എന്നിങ്ങനെ മൂന്നുതരം ലൈബ്രറികള്‍ വിദ്യാലയത്തിലുണ്ട്.
ആകെയുള്ള രണ്ടായിരത്തോളം പുസ്തകങ്ങളെ മൂന്നു ലൈബ്രറികളിലേക്കുമായി തരംതിരിച്ചു ക്രമീകരിച്ചു. ക്ലാസ് ലൈബ്രറികളില്‍ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും, തുറന്ന ലൈബ്രറിയില്‍ ബാലമാസികകളുമാണ് കുട്ടികള്‍ക്ക് വായനയ്ക്കായി ലഭിക്കുക.
വിദ്യാലയത്തില്‍ വായാനാ പക്ഷാചരണത്തിന് നാളെ തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് ഒ പി ചന്ദ്രന്‍, പ്രകാശന്‍ ചന്തേര എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന കഥവരമ്പിലൂടങ്ങനെ, മുത്തശ്ശി കഥകളുമായി ഇവര്‍ കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടും. പത്തു മാസക്കാലം നീണ്ടു നില്‍ക്കുന്ന ‘ആഴ്ച നക്ഷത്രം ക്വിസ്’ സീസണ്‍ അഞ്ചു മല്‍സരത്തിനും തുടക്കമാകും.
സൈക്കിളാണ് ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്ക് സമ്മാനമായി ലഭിക്കുക. ലൈബ്രറി സന്ദര്‍ശനം, കുട്ടികള്‍ക്ക് ലൈബ്രറി അംഗത്വം, വായന മല്‍സരം എന്നിവയെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്. ഒരുക്കം എന്ന പേരില്‍ സംഘടിപ്പിച്ച ലൈബ്രറി സജ്ജീകരണം പ്രധാനാധ്യാപിക സി എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. വിനയന്‍ പിലിക്കോട് വായനാ പക്ഷാചരണ പരിപാടികള്‍ വിശദീകരിച്ചു. മുപ്പതോളം അമ്മമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top