മക്കളെ വളര്‍ത്തുന്ന മനശ്ശാസ്ത്രം

എനിക്ക് തോന്നുന്നത്‌ - സാജിദ് മുഹമ്മദ് മൂര്‍ക്കനാട്, രണ്ടത്താണി
കുടുംബമാണ് മനുഷ്യജീവിതത്തിലെ ആദ്യ വിദ്യാലയം. മുതിര്‍ന്നവര്‍ കുടുംബത്തില്‍ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തനവും മക്കള്‍ കാണുന്നു, പഠിക്കുന്നു. സൗഹൃദ മനോഭാവം, മുതിര്‍ന്നവരോടുള്ള ബഹുമാനം, അയല്‍പക്കത്തോടുള്ള സൗഹൃദം, നല്ല സ്വഭാവം, പെരുമാറ്റം മുതലായവ കുടുംബത്തില്‍നിന്ന് സ്വീകരിക്കുന്ന ഗുണങ്ങളാണ്. ഇതിനെതിരായ പെരുമാറ്റമാണ് മക്കളില്‍ കാണുന്നതെങ്കില്‍ അതിനു പ്രധാന കാരണം കുടുംബം തന്നെയാണ്. പല ദുശ്ശീലങ്ങളും മാതാപിതാക്കളില്‍ നിന്ന് മക്കള്‍ പകര്‍ത്തുന്നതാണ്. പുകവലിയും മദ്യപാനവും ഉദാഹരണങ്ങളാണ്. ഒരു കുട്ടിയുടെ ആദ്യ ഗുരു അമ്മയാണ്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിനു വിദ്യാഭ്യാസം ലഭിച്ചു തുടങ്ങുന്നു. ഈ അഭിപ്രായം യുക്തിവാദികളും അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ ഡോക്ടര്‍മാര്‍ സ്ത്രീക്ക് ഗര്‍ഭാവസ്ഥയില്‍ യാതൊരു മാനസിക സംഘര്‍ഷങ്ങളും ഉണ്ടായിക്കൂടാ എന്നു പറയുന്നത്. ഗര്‍ഭിണി അനുഭവിക്കുന്ന ടെന്‍ഷന്‍ വയറ്റില്‍ വളരുന്ന കുട്ടിക്ക് മാനസിക തകരാറുകള്‍ സംഭവിക്കാന്‍ വഴിവയ്ക്കും. ശൈശവത്തില്‍ മാതാവിന്റെ സ്വഭാവവും ജീവിതചര്യയും കുഞ്ഞിനെ സ്വാധീനിക്കുന്നു. പിതാവില്‍ നിന്നും മാതാവില്‍ നിന്നും ജനിതകപരമായ പലതും കുഞ്ഞിനു കിട്ടുന്നുണ്ട്. മക്കളെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരുക അത്ര എളുപ്പമല്ല. കുട്ടിയുടെ ജീവിതഘട്ടങ്ങളിലെ പ്രധാന ഘടകങ്ങളിലൊന്നാണു വിനോദങ്ങള്‍. മനശ്ശാസ്ത്രജ്ഞര്‍ ഇതിനെ പ്രോല്‍സാഹിപ്പിക്കുന്നു. ചുറ്റുപാടുകളും സുഹൃത്തുക്കളും ഓരോ വളര്‍ച്ചാഘട്ടത്തിലും കുട്ടിയെ ധാരാളമായി സ്വാധീനിക്കുന്നു. ചില മാതാപിതാക്കള്‍ മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇത്തരം മനോഭാവം അപകടകരമാണ്. കുട്ടികളെ ശകാരിക്കരുത്, അവരോട് കോപിക്കരുത് എന്നൊക്കെ ചില ആധുനിക ബാലമനശ്ശാസ്ത്ര വിദഗ്ധന്‍മാര്‍ പറയാറുണ്ടെങ്കിലും അതത്ര ശരിയായിക്കൊള്ളണമെന്നില്ല. കുഞ്ഞുനാളില്‍ കണ്ടുവരുന്ന തെറ്റുകള്‍ ഗൗരവത്തോടെ നേരിട്ട് അതു ശരിയല്ലെന്ന് അവരെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ അതു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഓരോ കുഞ്ഞും ജനിക്കുന്നത് നല്ലവരായിട്ടാണ്. അവരെ ചീത്തയാക്കുന്നതില്‍ വലിയൊരു പങ്ക് മാതാപിതാക്കള്‍ക്കുണ്ട്. ഇന്ന് സമയമില്ലാത്ത മാതാപിതാക്കള്‍ കുട്ടികളെ ഡേ കെയര്‍ സെന്ററില്‍ ചേര്‍ക്കുന്നു. അല്ലെങ്കില്‍ വേലക്കാരിയെ മക്കളെ വളര്‍ത്താന്‍ ചുമതലപ്പെടുത്തുന്നു. മനശ്ശാസ്ത്രപരമായി തെറ്റായ രീതിയാണിത്. കാരണം, അന്യരുടെ കൂടെ ജീവിക്കുന്ന കുട്ടിക്ക് അവരുടെ സ്വഭാവമാണു ലഭിക്കുന്നത്. ശൈശവത്തില്‍ കുട്ടിയെ പൂര്‍ണമായും ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. മൂന്നു മുതല്‍ ഒമ്പതുവയസ്സു വരെ ഗുണപാഠമുള്ള കഥകള്‍ സ്വാധീനിക്കുന്ന പ്രായമാണ്. ഗുണപാഠങ്ങള്‍ അവര്‍ കുഞ്ഞുമനസ്സില്‍ ശേഖരിക്കുന്നു. പിന്നീട് അവരറിയാതെ അവരുടെ ജീവിതത്തിലേക്കു പകര്‍ത്തുകയും ചെയ്യുന്നു. ഇതു മുന്‍ തലമുറയിലെ മുത്തശ്ശിമാര്‍ക്കും മാതാപിതാക്കള്‍ക്കും അറിയാമായിരുന്നു. അവര്‍ കുട്ടികള്‍ക്കു കഥ പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍, ഇതെല്ലാം പാടെ മാറിയിരിക്കുന്നു. മക്കളോടൊപ്പം സമയം ചെലവഴിക്കാനോ അവരോട് മധുരമായി സംസാരിക്കാനോ സമയമില്ലാത്തവര്‍ അതുമൂലം മക്കള്‍ അനുഭവിക്കുന്ന മനോവ്യഥ മനസ്സിലാക്കുന്നില്ല. കരച്ചില്‍ മാറ്റാന്‍ കൈയിലൊരു ഇലക്‌ട്രോണിക് ഗെയിം കൊടുക്കുന്നതാണ് ഇപ്പോള്‍ ഫാഷന്‍. അതു കുട്ടികളെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നു.

RELATED STORIES

Share it
Top