മക്കരപ്പറമ്പ് ബൈപാസ്: കിറ്റ്‌ക്കോ സൈറ്റ് സന്ദര്‍ശിച്ചു

മങ്കട: മക്കരപ്പറമ്പ ബൈപ്പാസ് കിറ്റ്‌ക്കോ ഉദ്യോഗസ്ഥര്‍ സൈറ്റ് സന്ദര്‍ശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തി അവസാന പദ്ധതി രൂപരേഖ തയാറാക്കുമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ അറിയിച്ചു. ആറ് മാസം മുതല്‍ 8 മാസം കൊണ്ട് ബൈപ്പാസിന്റെ അന്തിമ രൂപ രേഖയാകും. പദ്ധതിയുടെ പ്രവൃത്തി ഓര്‍ഡര്‍ എന്‍എച്ച് ചീഫ് എഞ്ചിനിയര്‍ക്ക് കിറ്റ്‌ക്കോ കഴിഞ്ഞ മാസം നല്‍കിയിരുന്നു. ദേശീയപാത ചീഫ് എഞ്ചിനിയറുടെ ഓഫീസില്‍ നിന്നുമാണ് ഉത്തരവിറക്കിയിരുന്നത്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ  കീഴിലുള്ള ദേശീയ പാത അതോറിറ്റി പദ്ധതിക്ക് വേണ്ടി 10 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌ക്കോ ഇന്‍വെസ്റ്റിഗേഷനും മറ്റു പ്രാഥമിക കാര്യങ്ങളും നടത്തും. ജനുവരി 15 നകം കിറ്റ്‌ക്കോ ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശമടക്കുള്ള വര്‍ക്ക് ഓര്‍ഡര്‍ ദേശീയപാത ചീഫ് എഞ്ചിനിയര്‍ കിറ്റ്‌ക്കോക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള നടപടികള്‍ കിറ്റ്‌ക്കോ ഏറ്റെടുത്ത് നടത്തും. ബൈപ്പാസ് ഉടന്‍ യാഥാര്‍ത്ത്യമാകുമെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ അറിയിച്ചു. ബൈപ്പാസിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സാമ്പത്തിക ഭരണാനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. എംഎല്‍എയുടെ ഇടപെടല്‍ മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തത്. അങ്ങാടിപ്പുറം കഴിഞ്ഞാല്‍ പെരിന്തല്‍മണ്ണ - മലപ്പുറം റൂട്ടിലെ ഗതാഗതകുരുക്കുള്ള അങ്ങാടിയാണ് മക്കരപ്പറമ്പ. പദ്ധതി യാഥാര്‍ത്ത്യമാകുന്നതോടെ മക്കരപ്പറമ്പിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതോടൊപ്പം ദേശീയ പാതയുടെ വികസനത്തിനും ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍. ഓരാടം പാലം വൈലോങ്ങര ബൈപ്പാസ് നിര്‍മ്മാണം നടത്തുന്ന ആര്‍ബിഡിസി ഡിപിആര്‍ തയ്യാറാക്കി കിഫ്ബിക്ക് നല്‍കിയിട്ടുണ്ട്. കിഫ്ബി പ്രൊജക്റ്റ് ടീം ഇത് പരിശോധിച്ച് വരികയാണ്. മാര്‍ച്ച് മാസം പദ്ധതി കിഫ് ബി ബോര്‍ഡില്‍ വെച്ച് ഫണ്ട് അനുവദിക്കും. 13 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി നീക്കിവച്ചിരിക്കുന്നത്.

RELATED STORIES

Share it
Top