മകരവിളക്ക്: ഒരുക്കങ്ങള്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ അവലോകനം ചെയ്തു

ഇടുക്കി: മകരവിളക്ക് മഹോലല്‍സവത്തോടനുബന്ധിച്ച് ജില്ലയില്‍ മകരജ്യോതി ദര്‍ശനത്തിന് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് അവലോകനം ചെയ്തു. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ എത്തുന്ന അയ്യപ്പഭക്തന്‍മാരുടെ തിരക്ക് കണക്കിലെടുത്ത് മതിയായ സുരക്ഷയും മുന്‍കരുതലും എടുക്കുന്നതിനും ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍നായര്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പാലിച്ച് നടപടികള്‍ സ്വീകരിക്കാനും എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ പറഞ്ഞു. അയ്യപ്പന്‍മാരുടെ സുരക്ഷക്ക് മുന്തിയ പ്രാധാന്യം നല്‍കിയാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ സുരക്ഷക്കും ഗതാഗത ക്രമീകരണത്തിനുമായി 1436 പോലിസ് ഉദ്യോഗസ്ഥര്‍ അഞ്ച് സെക്ടറുകളിലായി സേവനരംഗത്ത് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി സേവനത്തിനുണ്ടാകും. പോലിസ് 50 അസ്‌കാലൈറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ പോലീസ് സേവനമുണ്ടാകും. അയ്യപ്പന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ നേതൃത്വത്തില്‍    രണ്ട് എലിഫന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. കാട്ടുതീ പ്രതിരോധത്തിനും സംവിധാനം ഏര്‍പ്പെടുത്തി. സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്ക് രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ടുമണിവരെ മാത്രമേ അയ്യപ്പന്‍മാരെ കടത്തിവിടുകയുള്ളൂ. ഭക്തരുടെ സൗകര്യത്തിനായി എക്കോഷോപ്പ് പ്രവര്‍ത്തിക്കും. പൊതുമരാമത്ത് വകുപ്പ് പഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകള്‍ നിര്‍മ്മിക്കും. ആരോഗ്യവകുപ്പ് എഎല്‍എസ് ആംബുലന്‍സ് സൗകര്യമുള്‍പ്പെടെ വിപുലമായ ആരോഗ്യസേവനങ്ങള്‍ ഏര്‍പ്പെടുത്തും. പുല്ലുമേട്ടില്‍ സെന്റ് ജോണ്‍സ് ആശുപത്രിയുടെ സഹകരണത്തോടെ എഎല്‍എസ് ആംബുലന്‍സിന്റെ സേവനം ഉണ്ടാകും. പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യ കേന്ദ്രമുള്‍പ്പെടെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഒ ഡോ. പി കെ സുഷമ പറഞ്ഞു. ഹോമിയോ ആയുര്‍വ്വേദ വകുപ്പുകളും സേവനരംഗത്തുണ്ടാകും. ജലഅതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടിവെള്ളം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് ജലഅതോറിറ്റി 500 ലിറ്റര്‍ ടാങ്കുകളില്‍ കുടിവെള്ളം സൗകര്യം ഉറപ്പാക്കും. അവശ്യ ഘട്ടങ്ങളില്‍ വെള്ളം നിറക്കുന്നതിന് ടാങ്കര്‍ സൗകര്യവും ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസി 60 ബസുകള്‍ സര്‍വീസിനിറക്കും.

RELATED STORIES

Share it
Top