മകന്‍ ജുവനൈല്‍ ഹോമില്‍; മോചനത്തിനു വഴി തേടി പിതാവ്

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ബാലവേല ചെയ്യുന്നുവെന്ന് ആരോപിച്ച് പോലിസ് പിടികൂടി ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ച മകന്റെ മോചനത്തിനായി നാടോടികുടുംബം നെട്ടോട്ടത്തില്‍. രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ നിന്നുള്ള നാടോടി കുടുംബത്തിലെ പത്തു വയസ്സുകാരനെ കഴിഞ്ഞ ജൂലൈ 3നാണ് ആദൂര്‍ പോലിസ് പിടികൂടിയത്. റോഡരികില്‍ ബലൂണ്‍ വിറ്റ് ഉപജീവനം നടത്തുകയായിരുന്നു കുടുംബം. എന്നാല്‍, പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ബലൂണ്‍ വില്‍പനയും ബാലഭിക്ഷാടനവും ഉള്‍പ്പെടുത്തി കുട്ടിയെ പരവനടുക്കത്തുള്ള സര്‍ക്കാര്‍ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ മാതാവ് നേരത്തേ മരണപ്പെട്ടിരുന്നു. പിതാവ് സോജിറാം ബാക്രിയ മകന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. രാവിലെ എന്നും പരവനടുക്കത്തെ ബാലഭവനില്‍ എത്തും. പുതിയ ബസ്സ്റ്റാന്റിലെ കടത്തിണ്ണയിലാണ് ഇവര്‍ അന്തിയുറങ്ങുന്നത്. മാതാവിന്റെ മരണശേഷം മുത്തശ്ശിയും പിതാവും കൂടിയാണ് കുട്ടിയെ വളര്‍ത്തുന്നത്. കുട്ടിയെ തിരിച്ചുകിട്ടണമെന്നാണ് പിതാവിന്റെ ആവശ്യം.
എന്നാല്‍, കുട്ടിയെ വീണ്ടും പിതാവിനെ ഏല്‍പിച്ചാല്‍ ബാലവേലയും ബാലഭിക്ഷാടനവും നടത്തുമെന്നും വിദ്യാഭ്യാസം ലഭിക്കില്ലെന്നും കുട്ടിയുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നുമാണ് സാമൂഹിക നീതി വകുപ്പ് അധികൃതര്‍ പറയുന്നത്. കുട്ടിയെ രാജസ്ഥാനിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മുഖേന കൈമാറാനുള്ള നടപടി സ്വീകരിച്ചുവരുന്നതായി പരവനടുക്കം ജുവനൈല്‍ ഹോം അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്. അവര്‍ മറുപടി നല്‍കുന്ന മുറയ്ക്ക് കുട്ടിയെ രാജസ്ഥാനിലെ ടോങ്ക് മുണ്ട്യയില്‍ എത്തിക്കാനാണ് ശ്രമം.
പോലിസ് പിടികൂടുന്ന സമയത്ത് കുട്ടി മലേറിയ ബാധിച്ച് ഏറെ അവശനായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ എത്തി ചികില്‍സ നല്‍കിയതിനാലാണ് ജീവന്‍ രക്ഷിക്കാനായതെന്നും പിതാവിനെ ഏല്‍പിച്ചാല്‍ കുട്ടിയുടെ ആരോഗ്യവും ജീവനും അപകടത്തിലാവുമെന്നുമാണ് ജുവനൈല്‍ ഹോം അധികൃതര്‍ പറയുന്നത്. നിയമപരമായ സാങ്കേതികത്വം കാരണം കുട്ടിയെ പിതാവിനു വിട്ടുകൊടുക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.

RELATED STORIES

Share it
Top