മകനെ ഡോക്ടറാക്കണമെന്ന ആഗ്രഹം ബാക്കിയാക്കി കൃഷ്ണസ്വാമി മടങ്ങി; പൊട്ടിക്കരഞ്ഞ് കസ്തൂരി

കൊച്ചി: മകന്‍ ഡോക്ടറായി കാണണമെന്ന ഏറ്റവും വലിയ ആഗ്രഹം ബാക്കിവച്ചാണ് കൃഷ്ണസ്വാമി മരണത്തിനൊപ്പം നടന്നുനീങ്ങിയത്. ഇന്നലെ കൊച്ചിയില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയ മകന്‍ കസ്തൂരി മഹാലിംഗത്തോടൊപ്പം വന്ന തിരുവാരൂര്‍ തിരുത്തുറൈപ്പൂണ്ടി കൈകാട്ടി വെസ്റ്റ്‌സ്ട്രീറ്റ് 6/48ല്‍ എസ് എസ് കൃഷ്ണസ്വാമി(47)യാണ് അപ്രതീക്ഷിതമായെത്തിയ മരണത്തിനു മുന്നില്‍ കീഴടങ്ങിയത്.
എറണാകുളം തമ്മനം നളന്ദ പബ്ലിക് സ്‌കൂളിലായിരുന്നു കൃഷ്ണസ്വാമിയുടെ മകന്‍ കസ്തൂരി മഹാലിംഗം പരീക്ഷയെഴുതിയത്. ശനിയാഴ്ച രാവിലെയോടെയാണ് നീറ്റ് പരീക്ഷയ്ക്കായി കൃഷ്ണമൂര്‍ത്തി മകനൊപ്പം കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ഷേണായീസിനു സമീപം തങ്ങളുടെ ബന്ധുവായ മുരുകന്‍ മാനേജരായ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. രാവിലെ കൃഷ്ണസ്വാമിക്കു ചെറിയ നെഞ്ചുവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനാല്‍ ബന്ധുവാണു കസ്തൂരിയെ പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചത്. അദ്ദേഹം തിരികെ മടങ്ങിയെത്തിയപ്പോഴേക്കും കൃഷ്ണസ്വാമിയുടെ ആരോഗ്യനില വഷളായിരുന്നു.
തുടര്‍ന്ന് മുരുകന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികൃതര്‍ മറ്റൊരാശുപത്രിയിലേക്ക് റഫര്‍ ചെയ്യതു.  അടുത്ത ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് കൃഷ്ണസ്വാമിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. താന്‍ ഡോക്ടറായി കാണണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുകയും പ്രോല്‍സാഹനം നല്‍കുകയും ചെയ്തിരുന്ന പിതാവ് യാത്രയായ വിവരം അറിയാതെ ഈ സമയം കസ്തൂരി പരീക്ഷ എഴുതുകയായിരുന്നു. ഒരുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ കസ്തൂരി മഹാലിംഗത്തെ പോലിസ് വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തന്റെ പിതാവിന് എന്താണു സംഭവിച്ചതെന്ന് കസ്തൂരി ഇവരോട് ചോദിച്ചെങ്കിലും ആശുപത്രിയിലാണെന്നാണു പറഞ്ഞത്. ആശുപത്രിയിലെത്തിക്കഴിഞ്ഞാണ് ഇനി തനിക്ക് പ്രോല്‍സാഹനം നല്‍കാന്‍ പിതാവ് ഇല്ലെന്ന വിവരം അറിയുന്നത്. പിതാവിന്റെ മൃതദേഹത്തിനരികെയിരുന്ന് പൊട്ടിക്കരഞ്ഞ കസ്തൂരി ആശുപത്രി അധികൃതരുടെപോലും കണ്ണുനനയിച്ചു. ബന്ധുവായ ഗോകുല്‍രാജിന്റെ നെഞ്ചില്‍ തലചായ്ച്ച് വിതുമ്പലോടെ നടന്നുനീങ്ങിയ കസ്തൂരിയെ സമാധാനിപ്പിക്കാന്‍ തിരുപ്പൂരില്‍ നിന്ന് മരണവാര്‍ത്തയറിഞ്ഞ് കൊച്ചിയിലെത്തിയ അമ്മാവനടക്കമുള്ളവര്‍ പാടുപെട്ടു.

RELATED STORIES

Share it
Top