മകനെ കൊന്നവരെ ശിക്ഷിക്കണം: മധുവിന്റെ അമ്മ

അഗളി: തന്റെ മകനെ ക്രൂരമായി മര്‍ദിച്ചു കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മ അല്ലി. മകന്‍ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണം. എല്ലാവരും ചേര്‍ന്ന് തന്റെ മകനെ തല്ലിക്കൊന്നതാണ്. ഒമ്പതു മാസമായി മധുവിന്റെ താമസം കാട്ടിലാണ്. അവിടെ അവന്‍ എങ്ങനെയെങ്കിലും ജീവിച്ചേനെയെന്നും അല്ലി കണ്ണീരോടെ പറഞ്ഞു. മകനു മാനസിക പ്രശ്‌നം ഉണ്ടായിരുന്നു. എന്നാല്‍, മധു മോഷ്ടിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മധു ഊരിലെത്താറില്ല. പകരം കാട്ടിലെ ഗുഹകളില്‍ തങ്ങാറാണ് പതിവ്. വിശക്കുമ്പോള്‍ മാത്രമാണ് കാടിറങ്ങാറ്. ആളുകളെ കണ്ടാ ല്‍ വിശക്കുന്നതിന് എന്തെങ്കിലും ചോദിക്കും. ഇത്തരത്തില്‍ ശേഖരിച്ച ഭക്ഷ്യസാധനങ്ങളായിരുന്നു നാട്ടുകാര്‍ മധുവിനെ പിടികൂടിയപ്പോള്‍ കൈയില്‍ ഉണ്ടായിരുന്നത്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ മധുവിനെ മര്‍ദിച്ചത്.
തുടര്‍ന്ന് പോലിസെത്തി കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലേക്കുള്ള വഴിമധ്യേ വാഹനത്തില്‍ ഛര്‍ദിച്ചതിനെത്തുടര്‍ന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

RELATED STORIES

Share it
Top